ഷോപ്പിയാനിൽ കൊല്ലപ്പെട്ട ഭീകരരിൽ ഐപിഎസുകാരന്റെ സഹോദരനും

ശ്രീനഗർ∙ തെക്കൻ കശ്മീരിൽ കൊല്ലപ്പെട്ട മൂന്നു ഭീകരരിൽ ഒരാൾ ഐപിഎസ് ഉദ്യോഗസ്ഥന്റെ സഹോദരൻ. പുലർച്ചെ ഷോപ്പിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണു ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരർ കൊല്ലപ്പെട്ടത്. ഐപിഎസുകാരന്റെ സഹോദരനായ ഷംസുൽ ഹഖും കൊല്ലപ്പെട്ടവരിൽപ്പെടുന്നു. യുനാനി ചികിത്സ മേഖലയിൽ ബിരുദത്തിനു പഠിക്കുകയായിരുന്ന ഷംസുൽ പഠനം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചാണു ഭീകരസംഘടനയിൽ ചേർന്നത്.

ഹെഫ് ഷിർമൽ ഗ്രാമത്തിലെ ഭൂമിക്കടിയിലുള്ള ഒളിയിടത്തിൽ ഭീകരരുണ്ടെന്ന വിവരത്തെത്തുടർന്നാണു സുരക്ഷാസേന തിരച്ചിൽ നടത്തിയത്. സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായാണു തിരച്ചിൽ നടത്തിയത്. 24 മണിക്കൂറിനിടെ കശ്മീർ താഴ്‌വരയിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. തിങ്കളാഴ്ച ബുദ്ഗാം ജില്ലയിലെ ഹാപത്നറിൽ ഒരു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ അൽ ബദർ സംഘടനയുടെ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു.

ഐപിഎസുകാരനും കുടുംബവും ഷംസുൽ ഹഖിനെ തിരികെ കൊണ്ടുവരാൻ പരിശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നു ജമ്മു കശ്മീർ മുന്‍ ഡിജിപി എസ്.പി. വൈദ് ട്വിറ്ററിൽ പ്രതികരിച്ചു.