മമത ജനാധിപത്യത്തെ കൊന്നു; ബംഗാളിൽ ഇപ്പോഴും ‘കമ്യൂണിസ്റ്റ് ഭരണം’: അമിത് ഷാ

മാൾഡ (ബംഗാൾ) ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബംഗാളിൽ ജനാധിപത്യത്തെ മമത കൊന്നതായി മാൾഡയിലെ റാലിയിൽ അദ്ദേഹം ആരോപിച്ചു. കമ്യൂണിസ്റ്റ് ഭരണത്തിൽ നിസ്സഹായരായിരുന്ന ജനങ്ങളെ അതേ അവസ്ഥയിൽ തന്നെ നിർത്തിയിരിക്കുകയാണു തൃണമൂൽ കോൺഗ്രസ്.

കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്തേതു പോലെയാണ് ഇപ്പോഴത്തെ ബംഗാൾ. സംസ്ഥാനത്തു രഥയാത്ര നടത്താൻ മമത അനുവദിച്ചില്ലെങ്കിൽ മഹാറാലി നടത്തും. റാലിയും തടയാനാണു തീരുമാനമെങ്കിൽ എല്ലാവീടുകളുടെയും കതകിൽ മുട്ടി പ്രചാരണം നടത്തും. ഒരു തരത്തിലുള്ള നുഴഞ്ഞുകയറ്റവും ബംഗാളിൽ അനുവദിക്കില്ലെന്ന് ഉറപ്പുതരുന്നു.

ചിലർക്കു നുഴഞ്ഞുകയറ്റക്കാരെയാണ് ഇഷ്ടം. പൗരത്വ നിയമ ഭേദഗതി ബില്ലിനെക്കുറിച്ച് ബിജെപി പറയുമ്പോൾ അതിനെതിരെയാണ് അവരുടെ സംസാരം. ബംഗാളിന്റെ പ്രൗഢി തിരികെ കൊണ്ടുവരും. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തുടരണോ എന്നത് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തീരുമാനിക്കുമെന്നും അമിത് ഷാ പറഞ്ഞു.