ഇതരസംസ്ഥാന കുട്ടികൾ കൂട്ടത്തോടെ കൊച്ചിയിലേക്ക്; കേരളത്തിലേക്കും കുട്ടിക്കടത്തോ?

കൊച്ചി ∙ ഇതരസംസ്ഥാനങ്ങളിൽ നിന്നു നഗരത്തിലേക്കു കൂട്ടത്തോടെ കൂട്ടികളെത്തുമ്പോൾ നിസംഗരായി അധികൃതർ. ഇവരെ എന്തിനാണെത്തിക്കുന്നതെന്ന് അന്വേഷിക്കാനോ താൽക്കാലിക താമസം ഒരുക്കാനോ അധികൃതർ തയാറാകുന്നില്ല.

കഴിഞ്ഞയാഴ്ച മുതിർന്നവർക്കൊപ്പം 50 കുട്ടികളാണു ബിഹാറിൽനിന്ന് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെത്തിയത്. ഇവരെ ചൈൽഡ്‌ലൈൻ പ്രവർത്തകർ കണ്ടെത്തി തിരിച്ചയയ്ക്കുകയായിരുന്നു. 2 മാസം മുൻപ് 20 കുട്ടികളെയാണ് ഇതുപോലെ മുതിർന്നവർക്കൊപ്പം ചൈൽഡ്‌ലൈൻ പ്രവർത്തകർ കണ്ടെത്തുകയും തിരിച്ചയയ്ക്കുകയും ചെയ്തത്. ജില്ലയുടെ മറ്റു ചില പട്ടണങ്ങളിലും ഇതുപോലെ ഇതരസംസ്ഥാനക്കാരായ കുട്ടികളെ കൂട്ടത്തോടെ കണ്ടതായാണു ചൈൽഡ്‌ലൈനിനു ലഭിച്ച വിവരം.

തീരെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലാണ് ഇവർ തമ്പടിക്കുന്നത്. മുതിർന്നവർ ജോലിക്കു പോകുമ്പോൾ കുട്ടികൾ റോഡുകളിലേക്കിറങ്ങുകയും അപകടത്തിൽ പെടുകയും ചെയ്യും. 10 വയസിൽ താഴെയുള്ള കുട്ടികളാണു കൂട്ടത്തോടെയെത്തുന്നതെന്നു ചൈൽഡ്‌ലൈൻ പ്രവർത്തകർ പറഞ്ഞു. ഭിക്ഷാടന, ലഹരി മാഫിയയുടെ കൈയിൽ പെടാനും സാധ്യതയേറെയാണ്. ഇത്രയും കുട്ടികളെ കൂട്ടത്തോടെ എത്തിക്കുന്നതിന്റെ ഉദ്ദേശ്യത്തെപ്പറ്റി അന്വേഷണം നടന്നിട്ടില്ല. ഇത്തരം കുട്ടികളെ താൽക്കാലികമായെങ്കിലും താമസിപ്പിക്കാൻ അഭയകേന്ദ്രമില്ലാത്തതാണു മറ്റൊരു പ്രധാന പ്രശ്നം.