12 സീറ്റിൽ ഉറച്ച്‌ കോൺഗ്രസ്, 8ൽ ഒതുക്കാൻ ആർജെഡി; ബിഹാറിലും സഖ്യം പൊളിയും?

പട്ന∙ ബിഹാറിൽ കുറഞ്ഞത് 12 ലോക്സഭാ സീറ്റുകളെങ്കിലും വേണമെന്നു നിർബന്ധം പിടിച്ച് കോൺഗ്രസ്. 16 സീറ്റുകൾ വേണമെന്നാണു സഖ്യകക്ഷിയായ ആർജെഡിയോടു കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ 12 സീറ്റിൽ കുറഞ്ഞൊരു ധാരണയ്ക്കു നിന്നുകൊടുക്കേണ്ടതില്ലെന്നാണു പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. അതേസമയം, 8 സീറ്റുകൾ നൽകി കോൺഗ്രസിനെ ഒതുക്കാനുള്ള നീക്കമാണ് ആർജെഡിയുടേതെന്നാണു സൂചന. ഇതിനു സമ്മതമല്ലെങ്കിൽ കോൺഗ്രസിനെ ഒഴിവാക്കിയുള്ള വിശാല സഖ്യത്തിനാണു ബിഹാറിൽ ആർജെഡി ശ്രമിക്കുന്നതെന്നുമാണ് റിപ്പോർട്ട്.

പല സഖ്യകക്ഷികളും സീറ്റ് പങ്കിടൽ സംബന്ധിച്ച് അന്തിമ ധാരണ ഉടൻ പുറത്തുവിടാമെന്ന നിലപാടിലാണെങ്കിലും ഫെബ്രുവരി 3നു പട്നയിൽ രാഹുൽ ഗാന്ധിയുടെ റാലിക്കുശേഷം മതിയെന്ന നിലപാടാണു കോൺഗ്രസിനുള്ളത്. തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഈ റാലിയെ പാർട്ടി കാണുന്നത്.

എന്നാൽ കോൺഗ്രസുമായുള്ള ചർച്ചകൾ പരാജയപ്പെട്ടിട്ടില്ലെന്നും ഫലപ്രദമായ വഴികൾ കണ്ടെത്തുകയാണെന്നും ആർജെഡി വൃത്തങ്ങൾ അറിയിച്ചു. ഇടതുപക്ഷത്തെ ഉൾക്കൊള്ളിക്കാനുള്ള ശ്രമമാണ് ആർജെഡിയുടേത്. അതാണ് കോൺഗ്രസിനു സീറ്റുകൾ അധികം നൽകില്ലെന്ന നിലപാടെടുക്കാൻ കാരണം.

യുപിയിൽ കോൺഗ്രസിനെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും യോജിച്ചു പ്രവർത്തിക്കാന്‍ തീരുമാനിച്ചിരുന്നു. വിശാല സഖ്യത്തിൽ ഈ നീക്കം കല്ലുകടിയായെങ്കിലും പരസ്പര ബഹുമാനം നിലനിർത്തിയാണ് ഇതുവരെ ഈ വിഷയത്തിൽ മൂന്നു പാർട്ടികളുടെയും നേതാക്കൾ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം എസ്പിയുടെ അഖിലേഷ് യാദവിനെയും ബിഎസ്പിയുടെ മായാവതിയെയും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കണ്ടിരുന്നു. യുപി അതിർത്തിയിലുള്ള ഗോപാൽഗഞ്ച് മണ്ഡലം ബിഎസ്പിക്കു നൽകിയേക്കുമെന്നാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്.

40 ലോക്സഭാ സീറ്റുകളാണു ബിഹാറിനുള്ളത്. യുപിയിൽ 80, മഹാരാഷ്ട്രയിൽ 48, ബംഗാളിൽ 42 എന്നിങ്ങനെയാണു സീറ്റുകൾ. 2014ൽ ബിജെപിയെ കേന്ദ്രത്തിൽ അധികാരത്തിലെത്തിച്ചത് പടിഞ്ഞാറൻ, വടക്കൻ ഇന്ത്യയിലെ ശക്തികേന്ദ്രങ്ങളായ യുപിയിലെയും ബിഹാറിലെയും പ്രകടനങ്ങളാണ്. ബിഹാറിൽ 22 സീറ്റാണ് ബിജെപി നേടിയത്.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസിനു ശക്തമായ ഊർജമാണു നൽകിയിരിക്കുന്നത്. ഇതാണു ബിഹാറിൽ കൂടുതൽ സീറ്റുകൾ ചോദിക്കാൻ കോൺഗ്രസിന് ആത്മവിശ്വാസം നൽകിയതും. എന്നാൽ മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഇവിടെ നേട്ടം കൊയ്യാമെന്നത് കോൺഗ്രസിന്റെ മിഥ്യാധാരണയാണെന്നാണ് ആർജെഡി നേതാക്കൾ പറയുന്നത്. രണ്ടു സീറ്റിൽ കോൺഗ്രസ് വിജയിച്ചെങ്കിലായി എന്നും അവർ അടക്കം പറയുന്നു.

അതിനിടെ, ആർജെഡിയിൽനിന്നു പുറത്തുപോയ പപ്പു യാദവ്, ലവ്‌ലി ആനന്ദ്, ആനന്ദ് സിങ് എന്നിവരെ കോൺഗ്രസിലെടുത്തു ലോക്സഭയിലേക്കു മൽസരിപ്പിക്കാൻ ശ്രമിക്കുകയാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു. ഇതും ആർജെ‍‍ഡിയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.