ആന്‍ലിയയുടെ മനോനില തെറ്റിയെന്നു വരുത്താന്‍ വൈദികൻ കൂട്ട്, പൊലീസ് ഒത്തുകളിച്ചു: പിതാവ്‌

കൊച്ചി ∙ മകൾ മനോനില തെറ്റിയവളാണെന്നു വരുത്തിതീർക്കാനാണു ഭർത്താവും വീട്ടുകാരും ശ്രമിക്കുന്നതെന്നു മരിച്ച ആൻലിയയുടെ പിതാവ് ഹൈജിനസ് പാറയ്ക്കൽ. ഏറെ പീഡനങ്ങളേറ്റ് 25–ാം വയസില്‍ ആൻലിയ മരിച്ചതിലെ ദുരൂഹത നീങ്ങാതിരിക്കുമ്പോഴാണു ഹൈജിനസിന്റെ വെളിപ്പെടുത്തൽ. മാതാപിതാക്കൾ വിദേശത്തായതിനാൽ ചെറുപ്പം മുതൽ ആൻലിയ ഹോസ്റ്റലിലാണു താമസിച്ചിരുന്നത്. ഈ ഒറ്റപ്പെടൽ ആൻലിയയെ മാനസിക വെല്ലുവിളി നേരിടുന്നവളാക്കിയെന്നു ചിത്രീകരിച്ചാണു പൊലീസിനു മൊഴി നൽകിയിട്ടുള്ളതെന്നു ഹൈജിനസ് പറഞ്ഞു.

ഇങ്ങനെ മൊഴിയുള്ളതിനാലാണു തൃശൂർ എസിപി അന്വേഷിച്ച കേസിൽ തുടർ നടപടി ഉണ്ടാകാതിരുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവളാണെന്നു സ്ഥാപിക്കാൻ  ആൻലിയയെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച രേഖയും പൊലീസിനു നൽകിയിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കാനെന്ന വ്യാജേനെയാണു ആശുപത്രിയിൽ കൊണ്ടുപോയത്. അവിടെയെത്തിയപ്പോഴാണു കള്ളത്തരം മനസ്സിലായത്. ഈ സമയം ആൻലിയയെ ഡോക്ടറുടെ മുറിയിലേയ്ക്കു തള്ളിക്കയറ്റുകയായിരുന്നു.

ആൻലിയ ഒടുവിലായി വരച്ച ചിത്രം

തന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വൈദികനെ, ആൻലിയ മാനസിക വെല്ലുവിളി നേരിടുന്നവളാണെന്നു സ്ഥാപിക്കാൻ ഭർതൃവീട്ടുകാർ ഉപയോഗിച്ചു. വൈദികൻ നൽകിയ കള്ളമൊഴിയാണു കേസിൽ പൊലീസ് ഉപയോഗിച്ചത്. ഒരു കുടുംബം പോലെ കഴിഞ്ഞ വൈദികനാണ് ഇപ്പോൾ വഞ്ചിച്ചിരിക്കുന്നത്. പൊലീസിൽ കേസ് കൊടുക്കുന്ന കാര്യം പറഞ്ഞപ്പോൾ നിരുത്സാഹപ്പെടുത്താനാണു ശ്രമിച്ചത്. മകളോ പോയി, മകനെ സൂക്ഷിച്ചോ എന്നൊക്കെയാണു വൈദികൻ പറഞ്ഞത്.

ആൻലിയ മാതാപിതാക്കളോടൊത്ത്

നിർബന്ധിച്ചപ്പോൾ വൈദികൻ നൽകിയ മൊഴി പൊലീസ് തന്നെ വായിച്ചു കേൾപ്പിച്ചു. അതുകേട്ടപ്പോൾ ഞെട്ടിപ്പോയി. ഇതിനുപിന്നാലെ തനിക്കെതിരെ കമ്മിഷണർക്കു വൈദികൻ പരാതി നൽകി. കമ്മിഷണർക്കു കാര്യങ്ങൾ ബോധ്യപ്പെട്ടു. മകളുടെ മരണവുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ടു പോകാനാണു അദ്ദേഹം പറഞ്ഞത്. തൽക്കാലം വൈദികന്റെ പേരോ അദ്ദേഹം നൽകിയ മൊഴിയോ വെളിപ്പെടുത്തുന്നില്ല.

ആൻലിയ മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്ന നിലപാടാണു പൊലീസ് മാധ്യമങ്ങളോടു വിശദീകരിച്ചത്. വിവാഹം കഴിപ്പിച്ചയച്ച പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ ഏതു രീതിയിൽ മരിച്ചാലും ആറു വർഷത്തിനുള്ളിൽ ആണെങ്കിൽ സ്വമേധയാ കേസ് എടുക്കണം. എന്നാൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുത്തില്ല. പൊലീസിനെ ആരോ സ്വാധീനിച്ചതിന്റെ ഫലമാണിത്.

ഞാൻ മാനസിക വെല്ലുവിളി നേരിടുന്നവളാണെന്നു പറയുന്നവർ, ജോലി ചെയ്തിരുന്നിടത്തും പഠിച്ചിടത്തും എന്റെ നാട്ടുകാരോടും ചോദിക്കട്ടെ എന്ന് ആൻലിയ പൊലീസിനു നൽകാൻ തയാറാക്കിയ പരാതിയിൽ പറയുന്നുണ്ട്. മക്കൾ ചെറുതായിരിക്കുമ്പോഴേ താൻ വിദേശത്തായിരുന്നു എന്നാണ് ആരോപണം. 2010ലാണ് വിദേശത്തു പോയത്. ആൻലിയയ്ക്കൊപ്പം ജോലി ചെയ്തവർ‌ അവർക്കു മാനസികപ്രശ്നം ഇല്ലായിരുന്നെന്നു വിശദീകരിച്ചിട്ടുണ്ട്’– ഹൈജിനസ് ചൂണ്ടിക്കാട്ടി.

പൊലീസിൽ പരാതിപ്പെടാത്തതെന്ത്?

പൊലീസിന് നൽകാൻ ആൻലിയ എഴുതിയ കത്ത്

ഭർതൃവീട്ടിലെ പീഡനം സഹിക്കാനാവാതെ വന്നപ്പോഴാണു ആൻലിയ എറണാകുളം കടവന്ത്രയിലെ ഫ്ലാറ്റിൽ വന്നത്. പൊലീസിൽ പരാതി നൽകാൻ പലരും നിർദേശിച്ചതനുസരിച്ചാണ് 18 പേജിൽ പ്രശ്നങ്ങളെല്ലാം എഴുതിയത്. എന്നാൽ ഈ പരാതി കടവന്ത്ര പൊലീസിനു നൽകിയില്ല. കാരണം അതിനു മുൻപായി പ്രശ്നങ്ങളെല്ലാം പരിഹരിക്കാം, ഇനി മർദിക്കില്ല, വീട്ടിൽ ബുദ്ധിമുട്ടിക്കില്ല എന്നെല്ലാം പറഞ്ഞു ജസ്റ്റിൻ വീട്ടിൽവന്നു. മകളെ കൂട്ടിക്കൊണ്ടു പോയി. ഈ പരാതി പിന്നീടാണു ഞങ്ങൾ കണ്ടെടുത്തത്. ഇത് എഴുതിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ മകളുടെ ഭർതൃവീട്ടുകാർക്കെതിരായ ആരോപണങ്ങൾ വിശ്വസിക്കാൻ മറ്റുള്ളവർക്കു കഴിയില്ലായിരുന്നു– ഹൈജിനസ് പറഞ്ഞു.

സമൂഹമാധ്യമത്തിൽ അസഭ്യവർഷം

പൊലീസിൽ പരാതി നൽകി മുന്നോട്ടുപോയതും മാധ്യമങ്ങളിൽ വാർത്ത വന്നതും ആരോപണവിധേയരെ പ്രകോപിപ്പിച്ചു. തനിക്കെതിരെ ഫെയ്സ്ബുക്കിൽ ജസ്റ്റിന്റെ വീട്ടുകാർ അസഭ്യവർഷം നടത്തുകയാണ്. മകളുടെ നീതിക്കായി ‘ജസ്റ്റിസ് ഫോർ ആൻലിയ’ എന്ന ഫെയ്സ്ബുക് പേജ് തുടങ്ങിയിട്ടുണ്ട്. തന്നെ സഹായിക്കുന്നവരും പിന്തുണയ്ക്കുന്നവരുമാണു പിന്നിൽ. എന്നാൽ ഈ പേജിൽ തന്നെ ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്യുകയാണു പ്രതിയും വീട്ടുകാരും– ഹൈജിനസ് ആരോപിച്ചു.

പൊലീസിന് നൽകാൻ ആൻലിയ എഴുതിയ കത്ത്
പൊലീസിന് നൽകാൻ ആൻലിയ എഴുതിയ കത്ത്