പ്രിയങ്കയ്ക്കു രാഹുലിന്റെ ഇരട്ടദൗത്യം; ലോക്സഭ പിടിക്കണം, യോഗിയെ വീഴ്ത്തണം

പാർട്ടി നേതൃത്വം എപ്പോൾ ഏറ്റെടുക്കണമെന്നത് രാഹുലിനു തീരുമാനിക്കാമെന്ന് അമ്മ സോണിയാ ഗാന്ധി പറയുമായിരുന്നു. പ്രിയങ്കയല്ല, രാഹുലാണ് ആദ്യം പാർട്ടിയിലേക്കു വരേണ്ടത് എന്നതും സോണിയയുടെ തീരുമാനമായിരുന്നു.

പുത്രവാൽസല്യം എന്ന് അതിനെ വിമർശിച്ചവരുണ്ട്. രാഹുലല്ല, ആദ്യം പ്രിയങ്ക വരട്ടേ എന്ന് ആഗ്രഹിച്ചവർ കോൺഗ്രസ് നേതൃത്വത്തിന്റെ 2, 3, 4 നിരകളിൽ പലരുണ്ട്. അവരിൽ ചിലർക്കു പിന്നീട് രാഹുലിന്റെ ഇഷ്ടപട്ടികയിൽ ഇടം നേടാൻ സാധിച്ചില്ല. അവരിൽ പലരും കഴിഞ്ഞ ദിവസം മുതൽ ഉൽസാഹഭരിതരാണ്. രണ്ട് അധികാരകേന്ദ്രങ്ങളെ സൃഷ്ടിക്കാൻ കെൽപുള്ളതതാണ് ആ സാഹചര്യം. അത് എത്ര വൈകി സംഭവിക്കുന്നുവോ , അത്രയും കോൺഗ്രസിനു നല്ലതെന്നാണ് ചരിത്രം പറയുന്നത്. 

യുപിയുടെ ചുമതലയിൽനിന്ന് മാറ്റി പകരം ഹരിയാന നൽകപ്പെട്ട ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം നൽകിയ പരാമർശം ശ്രദ്ധേയമാണ്. ‘‘നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പ്രിയങ്കയ്ക്ക് യുപിയുടെ ചുമതലകൊടുക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ‘ഉചിതമായ സമയത്തു’ ചെയ്യാനാണ് അവർ താൽപര്യപ്പെട്ടത്.’’ – പ്രിയങ്കയ്ക്ക് ഇന്ദിരയുമായുള്ള സാമ്യവും ആസാദ് ഇതിനൊപ്പം എടുത്തുപറഞ്ഞു.

പ്രിയങ്കയും രാഹുലും.

പ്രിയങ്ക വരണം എന്നു വാദിച്ചവർ, രാഹുലിന് ഇല്ലാത്തതും പ്രിയങ്കയ്ക്ക് ഉള്ളതുമായി കരുതുന്നത് ഇന്ദിരാ ഗാന്ധിയുടെ മിടുക്കാണ്. അത് ഇനിയും തെളിയിക്കപ്പെടേണ്ട പ്രതീക്ഷയും. തീരുമാനങ്ങളിൽ മറ്റുള്ളവർക്കും പങ്കുള്ളപ്പോഴും, പരാജയം സംഭവിച്ചാൽ പഴിയും പരിഹാസവും രാഹുലിനു മാത്രം എന്നതായിരുന്നു കഴിഞ്ഞ കുറച്ചുകാലമായുള്ള സ്ഥിതി. ഇനി അതിനും മാറ്റം വരും. പ്രത്യക്ഷത്തിൽത്തന്നെ, പ്രിയങ്കയും ഉത്തരവാദിത്തം പങ്കുവയ്ക്കുമെന്നു സാരം.

പ്രിയങ്കയ്ക്ക് കിഴക്കൻ ഉത്തർ പ്രദേശിന്റെ സംഘടനാചുമതല നൽകിയതിനൊപ്പം ഒരു സൂചന കൂടി രാഹുൽ മുന്നോട്ടു വച്ചു: യുപിയുടെ അടുത്ത മുഖ്യമന്ത്രി. ആ ചാലഞ്ച് പ്രിയങ്കയ്ക്കുള്ളതായും യുപിയിലെ പാർട്ടിക്കുള്ളതായും വായിക്കാം. നരേന്ദ്രമോദിയെന്ന വെല്ലുവിളിയെ രാഹുൽ നേരിടുമ്പോൾ, മോദിയുടെ എപ്പോൾ  വേണമെങ്കിലും കടന്നുവരാവുന്ന പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ആദിത്യനാഥിനെ യുപിയില്‍ തടയാനുള്ള ചുമതല കൂടിയാണ് രാഹുൽ, പ്രിയങ്കയെ ഏൽപ്പിക്കുന്നത്.

നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വശത്തുകൂടി നോക്കുമ്പോൾ, കിഴക്കൻ യുപിയിൽ നരേന്ദ്ര മോദിയുടെയും ആദിത്യനാഥിന്റെയും സോണിയയുടെയും രാഹുലിന്റെയും മണ്ഡലങ്ങളുണ്ട്. 2014 ൽ കോൺഗ്രസിന് യുപിയിൽ 11 മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിലേറെ വോട്ടു കിട്ടി. അതിൽ ഒൻപതു മണ്ഡലങ്ങളും കിഴക്കൻ യുപിയിലാണ്. 2009 ൽ യുപിയിൽ കോൺഗ്രസ് വിജയിച്ച 21 ൽ 13 മണ്ഡലങ്ങളും കിഴക്കൻ മേഖലയിൽ തന്നെ.  അപ്പോൾ, തിരിച്ചു പിടിക്കാൻ പറ്റുന്ന സ്ഥലമാണിത്.

സഞ്ജയ് ഗാന്ധിയുടെ മകൻ വരുണിനെ കോൺഗ്രസിലേക്കു കൊണ്ടുവരുകയെന്നതും പ്രിയങ്കയുടെ ചുമലിലേക്കു വച്ചതായി പറയപ്പെടുന്നു. നെഹ്റു- ഗാന്ധി തറവാട്ടിൽ നിന്ന് പണ്ടേ പടിയിറങ്ങിപ്പോയ പാർവതിയാണ് വരൂണിന്റെ അമ്മ മേനക. അമ്മയും മകനും കഷ്ടിച്ചാണ് ബിജെപിയിൽ പിടിച്ചു നിൽക്കുന്നത്. എന്നാലും അമ്മ കോൺഗ്രസിനെ ഇഷ്ടപ്പെടുന്നില്ല. അമ്മയെ വിട്ട് മകൻ പോകുമെന്നു കരുതാൻ ന്യായങ്ങളില്ല.

വരുൺ ഗാന്ധി.

പ്രിയങ്ക വിദേശത്തായിരിക്കുമ്പോഴാണ് രാഹുലിന്റെ തീരുമാനം പുറത്തു വന്നത്. ഭർത്താവിന്റെപേരിൽ പ്രിയങ്കയെ ഒതുക്കി നിർത്താൻ ശ്രമിച്ചവർക്ക് പുതിയ പ്രഖ്യാപനം ഷോക്കായി. പ്രധാനമന്ത്രിക്കു പോലും ആകെ പറയാനുള്ളത്  കുടുംബവാഴ്ചയെന്ന ആരോപണം മാത്രമാണ്. ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിൽ അച്ഛന്റെയും മുത്തശ്ശിയുടെയും മരണം കണ്ടിട്ടും രാഷ്ട്രീയം താൽപര്യപ്പെടുന്ന രണ്ടു പേരെയാണ് മോദി ഇപ്പോൾ വിമർശിക്കുന്നത്. കുടുംബവാഴ്ച കോൺഗ്രസിലെ മാത്രം രീതിയുമല്ല.

പ്രിയങ്കവരുമ്പോൾ രാഹുൽ കുറച്ചെങ്കിലും ദുർബലപ്പെടാനുള്ള സാധ്യത കാണുന്നവരുണ്ട്, പ്രതീക്ഷിക്കുന്നവരുമുണ്ട്. അവരിൽ പലരെയും - ചിലർ നെഹ്റുവിന്റെ കാലത്തു കോൺഗ്രസ് ജീവിതം തുടങ്ങിയവരാണ് - രാഹുൽ കൃത്യമായ അകലത്തിലാണ് നിർത്തിയിരുന്നത്. അവർ അങ്ങനെതന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ രാഹുലിനു സാധിക്കണം. എങ്കിൽ മാത്രമേ തലമുറമാറ്റം എന്നൊക്കെ പറയാൻ പറ്റൂ.