അനുകൂലിച്ചും എതിർത്തും പ്രസ്താവനകൾ: എഎപി–കോൺഗ്രസ് സഖ്യത്തിൽ ആശയക്കുഴപ്പം തുടരുന്നു

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപി – കോൺഗ്രസ് ബന്ധം സംബന്ധിച്ച അവ്യക്തത തുടരുന്നു. ഇക്കാര്യത്തിൽ എഎപി നേതാക്കൾ കോൺഗ്രസിനെ അനുകൂലിച്ചും മറ്റു ചിലപ്പോൾ എതിർത്തും പ്രസ്താവനകളിറക്കുന്നതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.

കുറച്ചുകാലം മുൻപു സജീവമായി ചർച്ച ചെയ്യപ്പെട്ട വിഷയമാണ് എഎപി – കോൺഗ്രസ് സഖ്യം. എഎപിയുടെ ചില പ്രമുഖ നേതാക്കളാണ് ഇക്കാര്യത്തിൽ കോൺഗ്രസ് കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ടിരുന്നത്. എന്നാൽ, ഡിപിസിസി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്, മുൻ ഡിപിസിസി അധ്യക്ഷൻ അജയ് മാക്കൻ, ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി.സി. ചാക്കോ എന്നിവർ സഖ്യത്തിന് അനുകൂലമല്ല. എങ്കിലും, ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നു സംസ്ഥാന നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, സഖ്യത്തെക്കുറിച്ച് എഎപിയിൽ ആശയക്കുഴപ്പമുള്ളതായാണു നേതാക്കളുടെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഇടയ്ക്കിടെ കോൺഗ്രസിനെ നിശിതമായി വിമർശിക്കുന്നുണ്ട്. ഡൽഹിയിൽ കോൺഗ്രസ് ഒരു സീറ്റു പോലും നേടില്ലെന്നാണു കഴിഞ്ഞ ദിവസം നഗരത്തിലെ ഇമാമുമാരുടെ യോഗത്തിൽ കേജ്‍രിവാൾ തുറന്നടിച്ചത്.

ഡൽഹിയിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയുക എഎപിക്കാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കോൺഗ്രസ് മുന്നിലെത്തിയാൽ പിന്തുണയ്ക്കാൻ മടിയില്ലെന്നും എഎപിയുടെ പ്രമുഖ നേതാവ് അമാനത്തുല്ല ഖാൻ എംഎൽഎയും പറഞ്ഞു.

ഡൽഹിയിൽ ഒറ്റയ്ക്കു മത്സരിച്ചു മികച്ച വിജയം നേടിയ ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുന്ന സാഹചര്യമുണ്ടായാൽ പിന്തുണ നൽകുന്നതു പരിഗണിക്കാനാണ് എഎപിയുടെ നീക്കമെന്നാണു വ്യാഖ്യാനിക്കപ്പെടുന്നത്. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ ആരെയും പിന്തുണയ്ക്കുമെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ വാക്കുകൾ നൽകുന്ന സൂചനയും ഇതാണ്.

താൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ കോൺഗ്രസ് സർക്കാർ ഡൽഹിക്കു വേണ്ടി ചെയ്ത കാര്യങ്ങൾ സ്വന്തമാക്കാൻ എഎപി ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഷീലാ ദീക്ഷിത് ഇന്നലെ വീണ്ടും രംഗത്തെത്തി. വ്യാജ പരസ്യങ്ങൾ നൽകിയാണ് ഇതിനുള്ള ശ്രമമെന്നും അവർ ആരോപിച്ചു.