ചൈത്രയെ മാറ്റിയതു പൊലീസിന്റെ ആത്മവീര്യം തകർക്കുന്ന നടപടി: ചെന്നിത്തല

തിരുവനന്തപുരം ∙ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെ പിടിക്കാന്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ തിരുവനന്തപുരം ഡപ്യൂട്ടി കമ്മിഷണര്‍ ചൈത്ര തെരേസ ജോണിനെ മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീ പീഡ‍കരേയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ പ്രകടമായ തെളിവാണിത്. ഇതു സമൂഹത്തിനു തെറ്റായ സന്ദേശമാണു നല്‍കുന്നത്.

നാഴികയ്ക്കു നാല്‍പ്പതു വട്ടം സ്ത്രീസുരക്ഷയുടെ പേരില്‍ വാചാലരാകുന്ന സര്‍ക്കാരാണു വനിത പൊലീസ് ഉദ്യേഗസ്ഥയെ തന്റെ ഉത്തരവാദിത്തം നിറവേറ്റിയെന്ന പേരില്‍ സാമാന്യമര്യാദ പോലും കാണിക്കാതെ സ്ഥലംമാറ്റിയത്. ഇതുപോലെ പാര്‍ട്ടി തീരുമാനങ്ങള്‍ക്കു വഴങ്ങിയില്ലെന്ന പേരിലാണു തിരുവനന്തപുരം കമ്മിഷണറെ ഏതാനും ദിവസങ്ങള്‍ക്കു മുൻപു നീക്കിയത്. ഇതെല്ലാം പൊലീസ് ഉദ്യേഗസ്ഥരുടെ ആത്മവീര്യം തകർക്കുന്ന നടപടികളാണ്– ചെന്നിത്തല പറഞ്ഞു.