പ്രകാശ് കാരാട്ടും ബൃന്ദയും കേരളത്തിൽ മൽസരിക്കില്ല; അഭ്യൂഹങ്ങൾ തള്ളി യച്ചൂരി

കൊച്ചി∙ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കോണ്‍ഗ്രസുമായുളള ദേശീയ സഖ്യസാധ്യതകള്‍ തിരഞ്ഞെടുപ്പിനു ശേഷമേ ആലോചിക്കൂ. പാര്‍ട്ടി ദേശീയ നേതാക്കള്‍ കേരളത്തില്‍ മല്‍സരിക്കുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

രാജ്യത്തു മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുളള വര്‍ഗീയ ധ്രുവീകരണത്തിനാണു േകരളത്തില്‍ ബിജെപി ശ്രമിക്കുന്നതെന്ന വിമര്‍ശനമുയര്‍ത്തുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പു രംഗത്തെ ബിജെപി സാന്നിധ്യത്തെ തളളിക്കളയുകയാണ് യച്ചൂരി. തിരഞ്ഞെടുപ്പിനു മുമ്പുളള സഖ്യസാധ്യതകള്‍ പൂര്‍ണമായി തളളിക്കളഞ്ഞെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസുമായി സഖ്യമുണ്ടായേക്കുമെന്ന സൂചനയും യച്ചൂരി നല്‍കുന്നു.

ദേശീയതലത്തില്‍ തിരഞ്ഞെടുപ്പിനു ശേഷമാണ് സഖ്യങ്ങള്‍ നിലവില്‍ വരാറുളളത്. 96ല്‍ ഐക്യമുന്നണി രൂപീകൃതമായതും 98ല്‍ എന്‍ഡിഎ രൂപീകൃതമായതും 2004ല്‍ യുപിഎ രൂപീകൃതമായതും അങ്ങിനെയാണ്. 2019ലും അതുതന്നെ സംഭവിക്കും.

പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടുമുള്‍പ്പെടെയുളള കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ മല്‍സരിച്ചേക്കുമെന്ന പ്രചാരണങ്ങളും യച്ചൂരി തളളി. കേരളത്തില്‍ സിപിഎമ്മിനു തിരിച്ചടി നേരിടുമെന്നു പ്രവചിച്ച സര്‍വേകളെ കുറിച്ചു സിപിഎം ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഏത് സര്‍വേയാണ് രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപിക്കു നഷ്ടപ്പെടുമെന്നു പ്രവചിച്ചത്. സര്‍വേകള്‍ സര്‍വേകള്‍ മാത്രമാണ്. ജനങ്ങളാണ് തീരുമാനിക്കുകയെന്നും യച്ചൂരി പറഞ്ഞു. കൊച്ചിയില്‍ സിപിഎം സംഘടിപ്പിച്ച ജനകീയ ഉച്ചകോടി ഉദ്ഘാടനം ചെയ്യാനാണ് യച്ചൂരിയെത്തിയത്.