അത് മലയാളിയുടെ ജനിതകപ്രശ്നം; സെൻകുമാർ ബിജെപി അംഗമല്ല: കണ്ണന്താനം

കൊച്ചി∙ നമ്പി നാരായണനെതിരായ ടി.പി.സെന്‍കുമാറിന്റെ വിമർശനത്തെ തള്ളി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. അംഗീകാരം കിട്ടുന്നവര്‍ക്കെതിരെ സംസാരിക്കുന്നതു മലയാളിയുടെ ജനിതകപ്രശ്നമാണ്. നമ്പി നാരായണനു ലഭിച്ച പത്മഭൂഷണ്‍ മലയാളിക്കുള്ള അംഗീകാരമായി കാണണമെന്നും അദേഹം പറഞ്ഞു.

സെന്‍കുമാറിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം ബിജെപി അംഗമല്ലെന്നും കണ്ണന്താനം പറഞ്ഞു. നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുൻ ഡിജിപി ടി.പി.സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. നമ്പി നാരായണനു പത്മഭൂഷണ്‍ നല്‍കിയത് അമൃതിൽ വിഷം വീണതു പോലെയാണെന്നായിരുന്നു സെൻകുമാറിന്റെ പ്രതികരണം. ഇങ്ങനെ പോയാൽ ഗോവിന്ദച്ചാമിക്കും അമിറൂള്‍ ഇസ്ലാമിനും പത്മ പുരസ്കാരം ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്നും അദേഹം മാധ്യമങ്ങളോട് പറ‍ഞ്ഞു.

സെൻകുമാർ പറയുന്നത് അബദ്ധമാണെന്നായിരുന്നു നമ്പി നാരായണന്റെ മറുപടി. അദ്ദേഹം ആരുടെ ഏജന്റാണെന്നു അറിയില്ല. താൻ നല്‍കിയ നഷ്ടപരിഹാരക്കേസില്‍ പ്രതിയാണ് സെന്‍കുമാറെന്നും നമ്പി നാരായണൻ തിരിച്ചടിച്ചു. ബിജെപിയുടെ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറാണ് നമ്പി നാരായണനെ പത്മ പുരസ്കാരത്തിന് ശുപാർശ ചെയ്തത്. ഇതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് സെൻകുമാറിനെ തള്ളി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തന്നെ പ്രതികരിച്ചത്.