പ്രധാനമന്ത്രിക്കു നേരെ ‘ഗോ ബാക്ക് മോദി’ പ്രതിഷേധം; ട്വിറ്ററിൽ ‘ഹാഷ്‌ടാഗ്’ പോരാട്ടം

മധുര∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുര സന്ദര്‍ശനത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. തമിഴ്നാടിനെ ചതിച്ച മോദി തിരിച്ചു പോകണമെന്ന മുദ്രാവാക്യമുയർത്തി എംഡിഎംകെ പ്രവർത്തകര്‍ പ്രകടനം നടത്തി. അതിനിടെ ട്വിറ്ററില്‍ മോദിക്കെതിരെ ഹാഷ്ടാഗ് ക്യാംപയിനും സജീവമായി. ‘ഗോ ബാക്ക് മോദി’ എന്ന പേരിലുള്ള ഹാഷ്ടാഗ് ക്യാംപയിൻ ആണു പ്രചരിക്കുന്നത്. എന്നാൽ, ഇതിനെ പ്രതിരോധിക്കാൻ ‘ടിഎൻ വെൽകംസ് മോദി’ എന്ന ഹാഷ്ടാഗ് ബിജെപി പ്രവർത്തകരും പ്രയോഗിച്ചു.

മധുരയില്‍ എയിംസിന് തറക്കല്ലിടുന്നതിനാണു പ്രധാനമന്ത്രി എത്തിയത്. മോദിക്കു മധുരയിലേക്കു സ്വാഗതമെന്ന പേരില്‍ മോദി അനുകൂലികളുടെ ഹാഷ്ടാഗ് ക്യാംപെയ്നും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ  സന്ദര്‍ശനത്തിനെതിരെ കഴിഞ്ഞ ദിവസം ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ‘ഗജ’ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ മോദി തമിഴ്നാടിനെ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ചാണു രോഷം കത്തുന്നത്.

തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധസമരത്തിൽ 13 പേർ വെടിയേറ്റു മരിച്ചപ്പോൾ ‌പ്രധാനമന്ത്രി എവിടെയായിരുന്നെന്നും പ്രതിഷേധക്കാർ ചോദിക്കുന്നു. കാവേരി പ്രശ്നം വന്നപ്പോൾ മോദി കർണാടകയ്ക്ക് അനുകൂലമായി നിലപാടെടുത്തതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

12-ാം ക്ലാസ് പരീക്ഷയിലെ മാര്‍ക്ക് പരിഗണിക്കുന്നതിനു പകരം നീറ്റ് പരീക്ഷ ഏര്‍പ്പെടുത്തിയതും ട്വിറ്ററിലെ ഗോ ബാക് മോദി പ്രതിഷേധത്തിനുള്ള കാരണമാണ്. കഴിഞ്ഞ വർഷം മോദി ചെന്നൈയിലെത്തിയപ്പോഴും മോദിക്കെതിരെ സമാനമായ പ്രതിഷേധമുണ്ടായിരുന്നു. ചെന്നൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കടുത്ത് കറുത്ത ബലൂൺ പറത്തിയാണ് അന്നു പ്രതിഷേധം നടന്നത്.

അതേസമയം, മധുരയിൽ വമ്പിച്ച പൊതുജനസമ്മേളനത്തോടെ എഐഐഎംഎസിനു മോദി തറക്കല്ലിട്ടു. രാജാജി, തഞ്ചാവൂർ, തിരുനെൽവേലി മെഡിക്കൽ കോളജുകളിൽ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. കേന്ദ്രത്തിന്റെ മോദി കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഫലം ഇതുവരെ തമിഴ്നാട്ടിലെ 89,000 പേർക്കു ലഭിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞു. 

കേന്ദ്ര ആയുഷ്മാൻ ഭാരത് യോജനയ്ക്കു കീഴെ നിലവിൽ തമിഴ്നാട്ടിൽ നിന്ന് 1.57 കോടി പേരുണ്ട്. ഇവരുടെ ചികിത്സയ്ക്കായി 200 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ബിജെപി സർക്കാരിന്റെ കാലത്ത്. ഇക്കഴിഞ്ഞ നാലര വർഷത്തിനിടെ 30 ശതമാനം മെഡിക്കൽ സീറ്റുകള്‍ അധികമായി അനുവദിച്ചെന്നും മോദി പറഞ്ഞു.