ലക്ഷ്യം മെഹുല്‍ ചോക്‌സിയോ?; എയര്‍ ഇന്ത്യ തയാറെടുക്കുന്നത് 34 മണിക്കൂര്‍ രഹസ്യ ദൗത്യത്തിന്

ന്യൂഡല്‍ഹി∙ കോടികള്‍ തട്ടിച്ച് ഇന്ത്യ വിട്ട വമ്പനെ തിരികെയെത്തിക്കാന്‍ എയര്‍ ഇന്ത്യ രഹസ്യമായി 34 മണിക്കൂര്‍ നീണ്ട പറക്കലിനു തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍നിന്ന് നിര്‍ത്താതെ പോര്‍ട്ട് ഓഫ് സ്‌പെയിനിലേക്കു പറക്കാന്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തിന് ഡിസിജിഎ അനുമതി നല്‍കിയതോടെയാണ് അഭ്യൂഹങ്ങള്‍ക്കു ചൂടിപിടിച്ചത്. ഡല്‍ഹിയില്‍നിന്ന് പോര്‍ട്ട് ഓഫ് സ്‌പെയിനിലേക്ക് 17 മണിക്കൂര്‍ പറക്കലാണുള്ളത്. 

കോടികളുടെ വെട്ടിപ്പു നടത്തി ഇന്ത്യ വിട്ട സാമ്പത്തിക കുറ്റവാളികളായ മെഹുല്‍ ചോക്‌സി, വിന്‍സം ഡയമണ്ട് പ്രമോട്ടര്‍ ജതിന്‍ മേത്ത എന്നിവരില്‍ ആരെയെങ്കിലും നാട്ടിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു പറയപ്പെടുന്നു. മെഹുല്‍ ചോക്‌സി ആന്‍ഡ്വിഗയിലും മേത്ത സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസിലും പൗരത്വം നേടിയിടുന്നു. നിക്ഷേപം നടത്തി പൗരത്വം നേടുന്ന പദ്ധതിയാണ് ഇരുവരും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 

അതീവരഹസ്യമായാണ് എയര്‍ ഇന്ത്യ മണിക്കൂറുകള്‍ നീണ്ട ഒറ്റപ്പറക്കലിനു തയാറെടുക്കുന്നത്. മൂന്നു വീതം ക്യാപ്റ്റന്മാരും സഹപൈലറ്റുമാരും 13 ജീവനക്കാരും വിമാനത്തിലുണ്ടാകും. ഇതിനു പുറമേ വിമാനജീവനക്കാരല്ലാത്ത ഇരുപതോളം പേരും ഉണ്ടാകും. ഇവര്‍ എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ ഉദ്യോഗസ്ഥരായിരിക്കുമെന്നാണു റിപ്പോര്‍ട്ട്. ലക്ഷ്യസ്ഥാനത്തെത്തി 14 മണിക്കൂറിനു ശേഷമാവും മടക്കയാത്ര. 

അതേസമയം മെഹുല്‍ ചോക്‌സിയെ മടക്കി കൊണ്ടുപോകാന്‍ ഏതെങ്കിലും ഇന്ത്യന്‍ സംഘം എത്തുന്നതിനെക്കുറിച്ചു വിവരം കിട്ടിയിട്ടില്ലെന്ന് ആന്‍ഡ്വിഗെ സര്‍ക്കാര്‍ അറിയിച്ചു. ചോക്‌സി മടങ്ങിപ്പോകണമെന്നാണ് തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിലെ ചീഫ് ഓഫ് സ്റ്റാഫ് ലയണല്‍ മാക്‌സ് ഹസ്റ്റ് പറഞ്ഞു. ആന്‍ഡ്വിഗെയ്ക്ക് അനാവശ്യ പബ്ലിസിറ്റിയല്ലാതെ മറ്റൊന്നും ചോക്‌സി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.