ഇനി പ്രസംഗിച്ചു നടന്നാൽ മാത്രം പോരാ, പണിയെടുക്കണം; ‘ശക്തികേന്ദ്ര’മാകാൻ ബിജെപി

പത്തനംതിട്ട∙ ലോക്സഭാ തിരഞ്ഞെടുപ്പിനു പ്രസംഗം മാത്രം പോരാ, താഴെത്തട്ടിൽ നേതാക്കളും പണിയെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബിജെപി ദേശീയ നേതൃത്വത്തിന്റെ പുതിയ തന്ത്രം. പാർട്ടി ഘടനയിൽ അഞ്ചു ബൂത്തുകൾ ചേർത്ത് ‘ശക്തി കേന്ദ്ര’ എന്ന പുതിയ സംവിധാനം ഏർപ്പെടുത്തി. സംസ്ഥാന പ്രസിഡന്റിനും ഒരു ശക്തികേന്ദ്രയുടെ ചുമതലയുണ്ട്.

ശക്തികേന്ദ്രയിൽ വോട്ട് കുറഞ്ഞാൽ ആ നേതാവാണ് ഉത്തരവാദി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ബൂത്ത് കമ്മിറ്റിക്കും മണ്ഡലം കമ്മിറ്റിയ്ക്കും ഇടയിൽ ഇൗ ഘടന തുടരും. എല്ലാ നേതാക്കൾക്കും ഇത്തരത്തിൽ ശക്തി കേന്ദ്ര ചുമതലകൾ നൽകി. ആഴ്ചയിൽ 3 മണിക്കൂർ ഒരു ബൂത്ത് എന്ന കണക്കിൽ 15 മണിക്കൂർ ഇൗ നേതാവ് ശക്തികേന്ദ്രയിൽ എത്തി പ്രവർത്തിക്കണം. വെറുതെ കമ്മിറ്റി കൂടിയാൽ പോര. ഗൃഹസമ്പർക്കവും അതുപോലെ നടന്നുള്ള പരിപാടിയും മതിയെന്നുമാണു നിർദേശം.

യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പരീക്ഷിച്ചു വിജയിച്ച ‘പഞ്ചരത്നം’പദ്ധതിയെ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ വിപുലമാക്കുകയും ചെയ്തു. ബൂത്ത് കമ്മിറ്റിക്കാണു പരിപാടികളുടെ നടത്തിപ്പിന്റെ ചുമതലയെങ്കിലും ബിജെപിയുടെ സജീവ പ്രവർത്തകരല്ലാത്ത അഞ്ചുപേർ ഉൾപ്പെടുന്ന മറ്റൊരു സംഘടനാ സമിതിയെക്കൂടി ഉൾപ്പെടുത്തി പ്രവർത്തനം ഏകോപിക്കുന്നതാണു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടപ്പാക്കിയ പഞ്ചരത്നം പദ്ധതി. ഈ അഞ്ചുപേരിൽ യുവാക്കളുടെ ഒരു പ്രതിനിധി, പിന്നാക്ക വിഭാഗത്തിലോ, ഒബിസി വിഭാഗത്തിലോ പെട്ട ഒരംഗം, ഒരു വനിത, രണ്ടു പൗരപ്രമുഖർ എന്നിവരാണുണ്ടാകുക. 

ബിജെപി ബൂത്ത് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സമാന്തരമായി നടക്കും. വാട്സാപ് പോലുള്ള സമൂഹമാധ്യമങ്ങളുടെ നാലു ഗ്രൂപ്പുകൾ ഓരോ ബൂത്തിലും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ ഗ്രൂപ്പിലും 250 പേരുണ്ടാകും. ബിജെപിക്കാർ മാത്രമല്ല മറ്റുള്ളവരെയും ഇൗ ഗ്രൂപ്പിൽ അംഗമാക്കും. ഓരോ പഞ്ചരത്നയിലും എപ്പോൾ വിളിച്ചാലും ബൈക്കുമായി എത്താൻ കഴിയുന്ന അഞ്ചുപേരുടെ പട്ടികയും കേന്ദ്ര നേതൃത്വത്തിനു നൽകി കഴിഞ്ഞു. പഞ്ചരത്നയെയും ബൂത്ത് കമ്മിറ്റിയെയും ശക്തി കേന്ദ്രയുടെ ചുമതല വഹിക്കുന്നവർ നിയന്ത്രിക്കും .

ഈ ശക്തി കേന്ദ്രയുടെ നേതൃത്വത്തിലാണു തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുഴുവൻ നടക്കുന്നത്. വോട്ടർപട്ടികയിൽ ഓരോ പേജിനും പേജ് പ്രമുഖ് എന്ന സംവിധാനവും യുപിയിൽ നടപ്പാക്കിയിരുന്നു. ഇവരുടെ പ്രവർത്തനങ്ങൾ ദിവസവും വിലയിരുത്തുന്നത് ബിജെപി ദേശീയ നേതൃത്വം േനരിട്ട് കേരളത്തിൽ നിയോഗിച്ചിട്ടുള്ള കോൾസെന്ററുകളിൽ നിന്നാണ്. സംസ്ഥാനത്ത് 7 സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന കോൾ സെന്ററുകളിൽ നിലവിൽ 700 പേരാണ് ജോലി ചെയ്യുന്നത്. സ്വകാര്യ പ്രഫഷനൽ സംഘത്തിനാണ് ഇതിന്റെ ചുമതല.