വിദേശത്തുനിന്നെത്തി കാൽനൂറ്റാണ്ടോളം ഗോക്കളെ സംരക്ഷിച്ചു; രാജ്യം നൽകി പത്മശ്രീ

ആഗ്ര∙ പശുക്കളുടെ സംരക്ഷണത്തിനായി കാൽ നൂറ്റാണ്ടോളം ജീവിതം നീക്കിവച്ച വിദേശ വനിതയ്ക്ക് രാജ്യത്തിന്റെ പത്മശ്രീ ബഹുമതി. ജർമൻകാരിയായ ഫ്രെ‍ഡറിക്കെ ഇറിന ബ്രൂണിങ്(61) ആണ് യുപിയിലെ മഥുരയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിച്ച് രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങിയത്.

ഇന്ത്യയിൽ ‘പശു രാഷ്ട്രീയ’ത്തിനു പ്രാധാന്യം ലഭിക്കുന്നതിന് ഏറെ മുൻപേതന്നെ ഗോസംരക്ഷണത്തിന് ഊന്നൽ നൽകി ഉടമകൾ ഉപേക്ഷിച്ച പശുക്കളെ സംരക്ഷിച്ച് പരിപാലിച്ചുപോരുകയായിരുന്നു ഇവർ. ഇതുവരെ 1800ൽ അധികം പശുക്കൾക്കു ഫ്രെഡെറിക്കെ തുണയായിട്ടുണ്ട്.

സുദേവ് മാതാജി എന്നാണ് ഇവർ നാട്ടില്‍ അറിയപ്പെടുന്നത്. തന്റെ ഗോശാലയിൽ 60 തൊഴിലാളികൾ ഉണ്ടെന്നും എല്ലാമാസവും അവരുടെ ശമ്പളം, കന്നുകാലികളുടെ തീറ്റ, മരുന്നുകൾ തുടങ്ങിയവയ്ക്കായി 35 ലക്ഷം രൂപയോളം ചെലവു വരുന്നുണ്ടെന്നും അവർ പറയുന്നു. തന്റെ സ്വത്തിൽനിന്നുള്ള വരുമാനമായ 6–7 ലക്ഷം രൂപ ഇതിലേക്കു ചെലവിടുന്നുണ്ടെന്നും ഫ്രെഡറിക്കയെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

ചെറിയൊരു തൊഴുത്തുപോലെയാണ് ആരംഭിച്ചത്. പിന്നീട് രാധാകുണ്ഡിൽ സുരഭി ഗോശാല നികേതൻ എന്ന പേരിൽ ഗോശാല ആരംഭിക്കുകയായിരുന്നു. മാതാപിതാക്കളുടെ സ്വത്തുകൂടിയെടുത്താണ് അവർ ഇതു കെട്ടിപ്പൊക്കിയത്. പ്രത്യേകം പരിചരണം ആവശ്യമുള്ള പശുക്കളെ പരിചരിക്കാൻ വേറിട്ട സ്ഥലങ്ങളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

തന്നെ പുരസ്കാരത്തിനു തിരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്ന് അറിയിച്ച അവർ ഇന്ത്യയിൽ ദീർഘകാലം താമസിക്കാനാവശ്യമായ വീസയോ പൗരത്വമോ നൽകാന്‍ സർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ടു. ഇപ്പോൾ ഓരോ വർഷവും ഇവർ വീസ പുതുക്കുകയാണ്.