പ്രസാദമൂട്ടിനും ഇനി റജിസ്‌ട്രേഷന്‍ നിര്‍ബന്ധം: ഇല്ലെങ്കില്‍ കുറ്റകരം; 5 ലക്ഷം രൂപ പിഴയിടാം

തൃശൂർ ∙ ക്ഷേത്രങ്ങളിലെ പ്രസാദമൂട്ട‍ിനും പള്ളികളിലെ ഊട്ടുനേർച്ചയ്ക്കും ഇനി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റജിസ്ട്രേഷൻ നിർബന്ധം. ആരാധനാലയങ്ങളിലെ ഭക്ഷണ – പ്രസാദ വിതരണം റജിസ്ട്രേഷനില്ലാതെ നടത്താൻ അനുവദിക്കരുതെന്നു സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉത്തരവിട്ടു. റജിസ്ട്രേഷനില്ലാതെ ഭക്ഷണവിതരണം നടത്തുന്നത് 5 ലക്ഷം രൂപ പിഴയോ 6 മാസം തടവോ ലഭിക്കാവുന്ന കുറ്റമാണ്. 

ക്ഷേത്രങ്ങൾ, മുസ്‌ല‍ിം പള്ളികൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ എന്നിവയ്ക്കു പുതിയ തീരുമാനം ബാധകമാണ്. കൗണ്ടറുകൾ വഴി പ്രസാദ വിതരണം നടത്താൻ ലൈസൻസ് എടുക്കണമെന്നു നേരത്തെ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉത്തരവിട്ടിരുന്നെങ്കിലും ഊട്ടുനേർച്ചയ്ക്കും പ്രസാദമൂട്ടിനുമെല്ലാം നിയന്ത്രണം ബാധകമാക്കിയത് ഇപ്പോഴാണ്. പ്രസാദമായോ ഭക്ഷണമായോ വിതരണം ചെയ്യുന്ന എല്ലാ ആഹാരപദാർഥങ്ങളും റജിസ്ട്രേഷന്റെ പരിധിയിൽപ്പെടും. ഇതുസംബന്ധിച്ച് ഓരോ ജില്ലയിലെയും ആരാധനാലയ പ്രതിനിധികളുമായി ചർച്ച നടത്താൻ കമ്മിഷണർ നിർദേശിച്ചിരുന്നു. 

തൃശൂർ ജില്ലയിലെ യോഗം കലക്ടറുടെ അധ്യക്ഷതയിൽ 30ന് 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റജിസ്ട്രേഷന് 100 രൂപയാണ് ഒരുവർഷത്തെ ഫീസ്. ഓൺലൈൻ വഴി അപേക്ഷ നൽകാം. അപേക്ഷകന്റെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഫോട്ടോയുമടക്കം അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം. അസി. ഭക്ഷ്യസുരക്ഷാ കമ്മിഷണർമാരും സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫിസർമാരുമാണ് റജിസ്ട്രേഷൻ നടപടികൾ ഏകോപിപ്പിക്കുന്നത്. 

ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്...

– പ്രസാദമടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ സുരക്ഷാ ഗുണനിലവാരും ഉറപ്പാക്കണം.

– പ്രസാദ നിർമാണത്തിനുവേണ്ടി വാങ്ങുന്ന അസംസ്കൃത ഭക്ഷ്യവസ്തുക്കളുടെ ബില്ലുകളും വൗച്ചറുകളും സ‍ൂക്ഷിച്ചുവയ്ക്കണം. 

– അന്നദാനം, ലഘുഭക്ഷണ വ‍ിതരണം, ജലവിതരണം എന്നിവയും ഗുണനിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം