കേന്ദ്രമന്ത്രിക്ക് മര്യാദയെപ്പറ്റി ക്ലാസ്; പിന്നാലെ യുവതിയോട് ക്ഷുഭിതനായി സിദ്ധരാമയ്യ

ബെംഗളൂരു ∙ പൊതുജനമധ്യത്തിൽ സ്ത്രീയോടു മോശമായി പെരുമാറി കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. പ്രസംഗിക്കുന്നതിനിടെ യുവതിയുടെ കയ്യിൽനിന്നു സിദ്ധരാമയ്യ മൈക്കു തട്ടിപ്പറിച്ചപ്പോൾ അവരുടെ ദുപ്പട്ട ദേഹത്തുനിന്നു അഴിഞ്ഞുവീണു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മൈസൂരുവിലെ പരിപാടിയിൽ മുഖാമുഖം യുവതി സംസാരിക്കുന്നതിനിടെ പെട്ടെന്നു പ്രകോപിതനായ സിദ്ധരാമയ്യ, അവരോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു. സംസാരം തുടർന്നപ്പോൾ ക്ഷോഭത്തോടെ എഴുന്നേൽക്കുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. അപ്പോഴാണു അവരുടെ ഷാളും ഊർന്നുവീണത്. എന്തു സംഭവിച്ചെന്നറിയാതെ പതറിപ്പോയ യുവതിയോടു വീണ്ടും ദേഷ്യപ്പെടുന്നതും ഇരിക്കാൻ ആജ്‍ഞാപിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ ശോചനീയാവസ്ഥയെപ്പറ്റി പരാതി പറയാനാണു യുവതി എഴുന്നേറ്റത്. യുവതിയുടെ ചോദ്യങ്ങൾ മുൻ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചെന്നാണു കരുതുന്നത്. പൊതുഇടങ്ങളിലെ മര്യാദയെപ്പറ്റി കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡേയെ ട്വിറ്ററിലൂടെ ഉപദേശിച്ചു രണ്ടു മണിക്കൂറിനകമാണ് സിദ്ധരാമയ്യ നിലവിട്ടു പെരുമാറിയത്.