ഇന്ദിരയെ ചെറുത്ത കരുത്ത്; മികച്ച സംഘാടകന്‍

സംഭവബഹുലമായ ജീവിതമായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസിന്റേത്. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് നാടകീയത എന്ന വാക്ക് അതിന്റെ എല്ലാ അര്‍ഥ തലങ്ങളോടും കൂടെ ജീവിതത്തെ തൊട്ട മറ്റൊരു വ്യക്തിയുണ്ടാകുമോ എന്നത് സംശയമാണ്.

1930ല്‍ മംഗലാപുരത്ത് ക്രിസ്ത്യന്‍ കത്തോലിക്ക കുടുംബത്തിലായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ജനനം. ആത്മീയ പശ്ചാത്തലത്തിലുള്ള തുടക്കമായിരുന്നു അദേഹത്തിന്റേത്. വൈദികനാകാനുള്ള താല്‍പര്യവുമായി സെമിനാരിയില്‍ ചേര്‍ന്നെങ്കിലും വൈദികരോടുള്ള എതിര്‍പ്പുമൂലം അവിടം വിട്ടു. അനന്തരം സോഷ്യലിസ്റ്റ് ആശയങ്ങളില്‍ തല്‍പരനായി പഴയ ബോംബെയിലേക്കു വണ്ടികയറി. അവിടെ പത്രത്തില്‍ പ്രൂഫ് വായനക്കാരനായിട്ടായിരുന്നു അദേഹത്തിന്റെ തുടക്കം. അവിടെനിന്നും അനുയോജ്യനായ ഒരു നേതാവിനെ കാത്തിരുന്ന തുറമുഖ തൊഴിലാളികളുടെയും റയില്‍വേ ജീവനക്കാരുടെയും ഇടയിലേക്കായിരുന്നു ഫെര്‍ണാണ്ടസ് ചെന്നെത്തിയത്. റാം മനോഹര്‍ ലോഹ്യയുമായുള്ള പരിചയത്തിലൂടെ പിന്നീട് മുംബൈയിലെ ഒന്നാംനിര ട്രേഡ് യൂണിയന്‍ നേതാവായി അദ്ദേഹം വളര്‍ന്നു. മുംബൈയിലെ പോര്‍ട്ടര്‍മാരെയും ഡ്രൈവര്‍മാരെയും മറ്റു തൊഴിലാളി വിഭാഗങ്ങളെയും സംഘടിപ്പിച്ച് ട്രേഡ് യൂണിയനുകള്‍ക്കു രൂപം നല്‍കി. ആറു ട്രേഡ് യൂണിയനുകളുടെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു.

വിപ്ലവം മുറ്റിയ അടിയന്തരാവസ്ഥ

പൗര സ്വാതന്ത്ര്യമുള്‍പ്പെടെ സകലതും അടിച്ചമര്‍ത്തപ്പെട്ട, അടിയന്തരാവസ്ഥയുടെ നാളുകളിണ് തീപ്പൊരി നേതാവെന്ന നിലയിലുള്ള ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വളര്‍ച്ച. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട നാളുകളില്‍ പൗരാവകാശം നിഷേധിക്കപ്പെടുന്ന കാഴ്ച അദ്ദേഹത്തിന്റെയുള്ളിലെ പോരാളിയെ ഉണര്‍ത്തി. ഇന്ദിരാ ഗാന്ധി പ്രസംഗിക്കുന്ന ചടങ്ങില്‍ ഡൈനാമിറ്റ് സ്‌ഫോടനത്തിന് പദ്ധതിയിട്ടെങ്കിലും പൊളിഞ്ഞു. തുടര്‍ന്ന് അറസ്റ്റിലായി. അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ മുഷ്ടി ചുരുട്ടി ജയ് വിളിക്കുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ചിത്രം ടൈം മാഗസിന്‍ ഉള്‍പ്പെടെയുള്ളവയില്‍ അച്ചടിച്ചുവന്നു. അടിച്ചമര്‍ത്തലുകളോട് പ്രതികരിക്കാന്‍ വെമ്പുന്ന സാധാരണക്കാരന്റെ പ്രതിനിധിയായി ആ ഒരൊറ്റ ചിത്രത്തിലൂടെ അദേഹം.

അടിയന്തരാവസ്ഥ നീങ്ങിയപ്പോള്‍ ബിഹാറിലെ മുസാഫര്‍പൂരില്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച ഫെര്‍ണാണ്ടസ് വിജയം കണ്ടത് മൂന്നു ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിന്. ജയിലിലായിരുന്നതിനാല്‍ പ്രചാരണത്തിനായി ഒരിക്കല്‍പോലും മണ്ഡലത്തില്‍ എത്താതെയാണ് അദേഹം ഇത്രയും വലിയ വിജയം സ്വന്തമാക്കിയത്.
വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാതിരുന്നിട്ടും ഇംഗ്ലിഷുകാരന്‍ തോല്‍ക്കുന്ന ഇംഗ്ലിഷിലും വാജ്‌പേയിയെ അമ്പരപ്പിക്കുന്ന ഹിന്ദിയിലും അദ്ദേഹം പ്രസംഗിച്ചു. പലപ്പോഴായി വാര്‍ത്താവിനിമയം, റയില്‍വേ, പ്രതിരോധ മന്ത്രി സ്ഥാനങ്ങള്‍ വഹിച്ച ജോര്‍ജ് 'സൈനികരുടെ മന്ത്രി' എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. സിയാച്ചിനില്‍ കഴിയുന്ന സൈനികരെ കാണാന്‍ നാലു വര്‍ഷത്തിനുള്ളില്‍ 38 തവണ ജോര്‍ജ് ജാക്കറ്റണിഞ്ഞു മഞ്ഞുമല കയറി. അപകടങ്ങളുണ്ടാക്കുന്നുവെന്ന ദുഷ്‌പേരുള്ള സുഖോയ്, മിഗ് വിമാനങ്ങളില്‍ പറന്നു. മരുഭൂമിയില്‍ ടാങ്കുകളോടിക്കുന്ന സൈനികരുടെ സ്ഥിതിയെന്തെന്ന് അറിയാന്‍ രാജസ്ഥാനിലെത്തി.

മാറുന്ന നിലപാടുകള്‍

വാക്കും പ്രവൃത്തിയും ഒന്നിച്ചുപോകണമെന്നു സെമിനാരിയില്‍ വാശിപിടിച്ച ജോര്‍ജില്‍ ആ ശീലത്തിന്റെ കടുപ്പം പ്രായം ഏറും തോറും കുറഞ്ഞിരുന്നു. മൊറാര്‍ജി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരിക്കെ കൊക്കോ കോളയോടും ഐബിഎമ്മിനോടും ഇന്ത്യ വിടാന്‍ കല്‍പിച്ച ചരിത്രമുണ്ട് അദേഹത്തിന്. പിന്നീടു ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കണ്‍വീനറായിരുന്നപ്പോള്‍ കുത്തകകള്‍ക്കു പിന്തുണ നല്‍കിയെന്ന ആരോപണം ഉയര്‍ന്നു. തന്റെ ഏകമകനു ന്യൂയോര്‍ക്കില്‍ ആഗോള സാമ്പത്തിക ഭീമന്‍ 'ഗോള്‍ഡ്മാന്‍ സാക്‌സി'ല്‍ ഉന്നത ജോലി സംഘടിപ്പിച്ചു നല്‍കിയെന്ന ആരോപണവും നേരിടേണ്ടി വന്നു.

പ്രതിരോധ മന്ത്രിയായി ഏറെ കഴിയുംമുന്‍പു 'ചൈനയാണ് ഒന്നാമത്തെ ശത്രു' എന്നു പറഞ്ഞ അദേഹത്തെ വൈകാതെ ചൈനീസ് സംഘം സന്ദര്‍ശിച്ചു. സ്വാഭാവികമായും അദേഹം തണുത്തു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയിടുന്ന ബോംബുകള്‍ മഞ്ഞുമലകളിലാണ് വീഴുന്നതെന്നും മഞ്ഞുരുകാന്‍ അതു സഹായകമാവുന്നുവെന്നും പരിഹസിച്ച ജോര്‍ജിനു വൈകാതെ യുഎസില്‍നിന്ന് ഒരു സന്ദര്‍ശകനുണ്ടായി: ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ്.

പ്രതിരോധ മന്ത്രിയായിരിക്കുമ്പോള്‍ ബര്‍മയിലെ വിമത പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക വസതിയില്‍ അഭയം കൊടുക്കുന്നതും രാജീവ് ഗാന്ധിയുടെ ഘാതകരായ എല്‍ടിടിഇ പ്രവര്‍ത്തകര്‍ക്കായുള്ള ധനസമാഹരണ സമിതിയിലുള്‍പ്പെടുന്നതും വിവാദങ്ങള്‍ക്കിടയാക്കി. ഫെര്‍ണാണ്ടസിനെ അറിയുന്നവര്‍ക്ക് ഒരു കാര്യമറിയാം താന്‍ ശരിയെന്നു കരുതുന്ന കാര്യത്തിനുവേണ്ടി, അദ്ദേഹം പൊരുതിക്കൊണ്ടേയിരിക്കും.