വിപണിയിൽ നെഗറ്റീവ് പ്രവണത, നേരിയ ഇടിവ്; കരുതലോടെ നിക്ഷേപകർ

കൊച്ചി ∙ വ്യാപാരം ആരംഭിച്ചപ്പോൾ മുതൽ ഇന്ത്യൻ ഓഹരി വിപണിയിൽ നെഗറ്റീവ് പ്രവണത. എന്നാൽ ഏഷ്യൻ വിപണികളെല്ലാം നേരിടുന്ന അത്ര ഇടിവ് ഇന്ത്യൻ വിപണിയിലില്ല. ഇന്ന് ഏഷ്യൻ വിപണികളെല്ലാം കാൽ ശതമാനം മുതൽ അര ശതമാനം വരെ ഇടിവാണു നേരിടുന്നത്. ഇന്നലെ 10661.55ൽ ക്ലോസ് ചെയ്ത നിഫ്റ്റി 10653.70നാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സാകട്ടെ 35656.70ൽ നിന്ന് നേരിയ വർധനവിൽ 35716.72ലാണ് വ്യാപാരം ആരംഭിച്ചത്. ഒരുവേള 35532.53 വരെ സെൻസെക്സ് ഇടിവ് രേഖപ്പെടുത്തി.

‌ദേശീയ, രാജ്യാന്തര തലങ്ങളിൽ വിപണിയെ ബാധിക്കാനിടയുള്ള നിരവധി വാർത്തകൾ വരാനുള്ളതിനാൽ വളരെ കരുതലോടെയാണു നിക്ഷേപകർ ഇടപെടുന്നത്.  ഇന്ത്യൻ വിപണിയിൽ സെക്ടറുകളിൽ സമ്മിശ്ര പ്രതികരണമാണ്. ഐടി, എനർജി, ഇൻഫ്രാ സെഗ്‌മെന്റുകളിൽ ഇടിവാണ്. നിഫ്റ്റിക്ക് 10630–10610 ലവലിൽ സപ്പോർട് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് പറഞ്ഞു.

ഇന്ന് വിപണിയെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഘടകങ്ങൾ

∙ ചൈനീസ് ടെലികോം കമ്പനി ഹുവായിക്കെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് കൂടുതൽ നടപടികളുമായി മുന്നോട്ടു പോകുന്നു എന്ന റിപ്പോർട്ട് വന്നിട്ടുണ്ട്. ഇത് യുഎസ് – ചൈന വ്യാപാര ചർച്ചകള്‍ക്കു ദോഷമായേക്കാം.

∙ പിഎസ്‍യു ബാങ്കുകൾ, മെറ്റൽ, ഫാർമ സെക്ടറുകളിൽ ചില ഓഹരികളിൽ മുന്നേറ്റം.

∙ ഇന്ന് മുൻനിരയിൽ പെട്ട എച്ച്ഡിഎഫ്സി, എച്ച്സിഎൽടെക്, ബജാജ് ഫിനാൻസ് ആക്സിസ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ മൂന്നാം പാദ പ്രവർത്തന ഫലം പുറത്തു വരും.

∙ ഏതാനും മധ്യനിര കമ്പനികളുടെ പ്രവർത്തന ഫലവും ഇന്ന് വരും.

∙ വ്യാഴാഴ്ച എഫ്ആൻഡ്ഒ സെറ്റിൽമെന്റ് നടക്കാനിരിക്കുന്നു.

∙ ഇന്ന് വൈകിട്ട് ബ്രിട്ടിഷ് പാർലമെന്റിൽ ബ്രക്സിറ്റിന്റെ അടുത്ത വോട്ടെടുപ്പ് നടക്കും.

∙ യുഎസ് സെൻട്രൽ ബാങ്കിന്റെ യോഗം നടക്കുന്നു

∙ ക്രൂഡ് ഓയിൽ വിലയിൽ കാര്യമായ വർധനവാണ് ഇന്ന് പ്രകടമാകുന്നത്.

∙ ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് നേരിയ മൂല്യത്തകർച്ച.