പ്രളയ ദുരിതാശ്വാസവും പുനരധിവാസവും റവന്യൂ ചെലവ് വര്‍ധിപ്പിക്കും: സാമ്പത്തിക സര്‍വേ

തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മോശമാവുകയാണെന്ന സൂചന നല്‍കി 2018ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. 2016 - 17 ല്‍ റവന്യൂ വരുമാനത്തിലെ (സര്‍ക്കാരിന്റെ വരുമാനം) വളര്‍ച്ച 9.53% ആയിരുന്നു. 2017 - 18ല്‍ 9.8% ആയി ഉയര്‍ന്നെങ്കിലും 2015 - 16 വര്‍ഷത്തിലെ 19.13% വളര്‍‌ച്ചാ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗണ്യമായ കുറവുണ്ടായി.

75,612 കോടിയില്‍നിന്ന് 83,020 കോടി രൂപ വരുമാന വര്‍ധനവുണ്ടാക്കാനേ ഒരു  വര്‍ഷത്തിനിടെ കഴിഞ്ഞുള്ളൂ. പ്രളയ ദുരിതാശ്വാസവും പുനരധിവാസവും റവന്യൂ ചെലവില്‍ (സര്‍ക്കാരിന്റെ ചെലവുകള്‍) 2018 - 19 വര്‍ഷങ്ങളില്‍ വലിയ വര്‍ധനവുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വാണിജ്യ നികുതിയില്‍നിന്നുള്ള റവന്യൂ വരുമാനം വര്‍ധിച്ചെങ്കിലും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ചരക്കുസേവന നികുതി കാര്യമായ നേട്ടമുണ്ടാക്കിയില്ലെന്നു നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രധാന ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി നിരക്കിലെ കുറവാണ് കാരണം. സംസ്ഥാനങ്ങള്‍ക്ക് 9%, വാറ്റില്‍ 14 % ആണ് നികുതി നിരക്ക്. കേന്ദ്ര സംസ്ഥാന നികുതി നിരക്കുകളിലെ വ്യത്യാസം സംസ്ഥാനത്തെ ദോഷകരമായി ബാധിച്ചെങ്കിലും ഭാവിയില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നത്.

നികുതിയേതര വരുമാനത്തില്‍ ( നികുതി അല്ലാതെ ലോട്ടറി വില്‍പ്പന അടക്കമുള്ളവയിലൂടെയുള്ള വരുമാനം) വര്‍ധിച്ചു. 2016-17ല്‍ വളര്‍ച്ചാനിരക്ക് 15.13 ശതമാനമായിരുന്നു. 2017 - 18ല്‍ 15.46 ശതമാനമാണ് വളര്‍ച്ച. 

∙ കേരളത്തിന്റെ കടബാധ്യത

2016 - 17ല്‍ കേരളത്തിന്റെ കടബാധ്യത ജിഎസ്ഡിപിയുടെ 30.25 ശതമാനമാണെങ്കില്‍ 2017 -18ല്‍ 30.68 ശതമാനമാണ്. കടഭാരം കൂടുന്നതനുസരിച്ച് പലിശഭാരം കൂടുന്നില്ലെന്നത് അനുകൂല ഘടകമായി റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

ധനകമ്മിയുടെയും (ചെലവും കേന്ദ്രവിഹിതം ഉള്‍പ്പെടെയുള്ള മൊത്തം വരുമാനവും തമ്മിലുള്ള അന്തരം) റവന്യൂ കമ്മിയുടെയും (റവന്യൂ വരവും ചെലവും തമ്മിലുള്ള അന്തരം) വളര്‍ച്ചാ നിരക്ക് കുറയ്ക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും നോട്ടുനിരോധനവും ജിഎസ്ടിയും തിരിച്ചടിയായി.

ഓഖി ചുഴലിക്കാറ്റും  പ്രളയവും അഭിമുഖീകരിക്കേണ്ടിവന്നു. ഇതു റവന്യൂവരുമാനം കുറയ്ക്കുകയും ചെലവു കൂട്ടുകയും ചെയ്തു. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രത്തിന്റെ തീരുമാനം വൈകുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കുമെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നു.