കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട്: തുടര്‍ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കി

കൊച്ചി∙ ജോയ്സ് ജോര്‍ജ് എംപി ആരോപണവിധേയനായ കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി.

ജോയ്സ് ജോര്‍ജിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ സെഷന്‍സ് കോടതിക്ക് തുടര്‍നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടപടി എടുത്തശേഷം വിവരം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഭൂമി ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി അതിനുശേഷം പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊട്ടാക്കമ്പൂരിലെ ഭൂമി ജോയ്സ് ജോർജ് എംപിയോ കുടുംബാംഗങ്ങളോ കബളിപ്പിച്ചു സ്വന്തമാക്കിയതല്ലെന്ന് മൂന്ന് മുൻ ഉടമകൾ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. സർക്കാരിന് അപേക്ഷ നൽകി പട്ടയം നേടിയതാണെന്നും തങ്ങൾ നൽകിയ പവർ ഓഫ് അറ്റോർണിയുടെ അടിസ്ഥാനത്തിലാണ് ജോയ്സിന്റെ പിതാവ് ജോർജ് പാലിയത്ത് ഭൂമി ഇടപാടുകൾ നടത്തിയതെന്നും കാണിച്ച് മുൻ ഉടമകളായ ഗണേശൻ, ബാലൻ, ലക്ഷ്മി എന്നിവർ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു.