2018 ൽ കോട്ടയം ഏറ്റവും കൂടുതൽ കഴിച്ചതെന്ത്?

കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾക്ക് ഉത്തരം കണ്ടുപിടിക്കാൻ അര സെക്കൻഡു മതി– പൊറോട്ട! ഹോട്ടലുകളിൽ പ്രതിദിനം ശരാശരി 800 – 900 പൊറോട്ടയാണ് വിറ്റുപോകുന്നത്.   ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണമേറിയതാണ് കാരണം. പൊറോട്ടയെ  തകർക്കാനാവില്ല!

ന്യൂജെൻ ഭക്ഷണം ?

അത് ബിഗ് ബാർബി ക്യൂ. ബാർബി ക്യൂ റസ്റ്ററന്റ് തുറന്ന് അര മണിക്കൂറിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യാൻ കഴിയും. അതിനാൽ നഷ്ടവുമില്ല.

കോട്ടയം കയറ്റി അയച്ചതെന്ത്?

കോട്ടയത്തിന്റെ നാട്ടു പച്ചക്കറികൾ യൂറോപ്യൻ രാജ്യങ്ങളിൽ താരമാവുകയാണ്.  ‘റെഡി ടു കുക്കായി’നാടൻ കപ്പളങ്ങ, വാഴച്ചുണ്ട്, ചേന, പയർ, കോവയ്ക്ക തുടങ്ങിയവ പായ്ക്കറ്റുകളിലായാണ് വിമാനം കയറുന്നത്. കൂടാതെ അവിയൽ കൂട്ട്, സാമ്പാർ കൂട്ട് എന്നിങ്ങനെ പച്ചക്കറി കഷണങ്ങളാക്കിയതും കയറിപ്പോകുന്നു. ജില്ലയിൽ കയറ്റുമതിക്കായി പ്രധാന പച്ചക്കറി ഉൽപാദനം നടക്കുന്ന കേന്ദ്രങ്ങളിലൊന്ന് കൂരോപ്പട ളാക്കാട്ടൂർ വാക്കയിൽ ജോയിമോന്റെ ജൈവ കൃഷിയിടത്തിലാണ്. പാലായിലുള്ള സ്വകാര്യ  കമ്പനി ഈ പച്ചക്കറികൾ ഏറ്റെടുത്തു യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ചക്കക്കുരു.തഴുതാമ, ചീര എന്നിവ അരിഞ്ഞതും കയറ്റുമതിയുടെ മുൻപന്തിയിലുണ്ട്.