കോഴിയും കോഹ്‌ലിയും തമ്മിൽ

കോഴിയെക്കുറിച്ച് ഒരു കത്ത് ബിസിസിഐയ്ക്ക്! ക്രിക്കറ്റും കോഴിയും തമ്മിൽ ബന്ധമുണ്ടോ ജനുവരിയിലെ ഏപ്രിൽ ഫൂൾ വല്ലതുമാണോ എന്നൊന്നും വെറുതെ തലപുകയ്ക്കേണ്ട, സംഗതി ഇതാണ്– ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും പ്രത്യേകിച്ച് നായകൻ വിരാട് കോഹ്‌ലിയുടെയും ആരോഗ്യത്തിനു ‘കഡക്നാത് കോഴി’യാണു ബെസ്റ്റ്. അതു കഴിക്കണം എന്നാണു കത്തിൽ. അയച്ചിരിക്കുന്നതു കഡക്നാത് കോഴിയുടെ കേന്ദ്രമായ മധ്യപ്രദേശ് ജാബുവയിലെ അഗ്രി സയൻസ് സെന്റർ സീനിയർ സയന്റിസ്റ്റ് ഐ.എസ്.തോമർ. 

ചിക്കൻ ഗ്രിൽ ചെയ്തതും ഉരുളക്കിഴങ്ങു വേവിച്ചുടച്ചതും കഴിക്കാൻ ഇഷ്ടമാണ്; പക്ഷേ കോഴിയിറച്ചിയിലെ കൊഴുപ്പും കൊളസ്ട്രോളും ഓർക്കുമ്പോൾ വീഗൻ ഡയറ്റ് ആണു മെച്ചമെന്നു കരുതുന്നുവെന്നു വിരാട് കോഹ്‌ലി ഒരു ചാറ്റ് ഷോയിൽ പറഞ്ഞതാണു വിഷയം. 

സാധാരണ കോഴിയിറച്ചിയേക്കാൾ കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞ, പ്രോട്ടീൻ വളരെ കൂടിയ കഡക്നാത് ചിക്കൻ കഴിക്കുന്നത് ആരോഗ്യത്തിനും സ്റ്റാമിനയ്ക്കും ഏറ്റവും നല്ലതാണെന്ന് ഹെൽത് റിപ്പോർട്ടുകൾ നിരത്തി തോമർ പറയുന്നു.

ശരിക്കും ആരാണീ കഡക്നാത്?

∙ കഡക്നാത് അഥവാ കാലി മാസി (കറുത്ത കോഴി). മെലനിൻ ഘടകങ്ങളും ഇരുമ്പു സാന്നിധ്യവും കൊണ്ട് ഇറച്ചിക്കു കറുത്ത നിറം. 

∙ മധ്യപ്രദേശിലെ ജാബുവയിലെ പ്രശസ്ത ബ്രീഡ്. അലിരാജ് പുർ, ധർ ജില്ലകളിലും കഡക്നാത് ഫാമുകൾ.

∙ ഇന്ത്യയിൽ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് (ഭൗമസൂചിക) ലഭിച്ചിട്ടുള്ള ഏക പക്ഷി ഇനം 

∙ ഹൈ പ്രോട്ടീൻ, ലോ ഫാറ്റ്, ലോ കൊളസ്ട്രോൾ ചിക്കൻ

∙ കൊഴുപ്പ് – .73 – 1.03 വരെ. മറ്റു കോഴിയിനങ്ങളിൽ 5–6%

∙ കൊളസ്ട്രോൾ – ഓരോ കിലോയിലും184 മില്ലിഗ്രാം. മറ്റുള്ള ചിക്കനിൽ കിലോയ്ക്ക് 214 മില്ലിഗ്രാം

∙ പ്രോട്ടീൻ 25–27 ശതമാനം; മറ്റുള്ളവയിൽ 16–17% മാത്രം

∙ ശ്വാസകോശ രോഗങ്ങൾ വലയ്ക്കുന്നവർ കഴിച്ചാൽ നല്ലതെന്നു റിപ്പോർട്ട്