കുക്കറും അവ്നും ചില്ലുപാത്രങ്ങളുമില്ലാത്ത ജീവിതം!

തീയിൽ കുരുത്തത് വെയിലത്തുവാടില്ല എന്ന ചൊല്ല് കൃത്യമായി യോജിക്കുന്നതു ആദിമ ഗോത്ര വിഭാഗത്തിനാണ്. കാടിനൊത്ത്, കാടിന്റെ തുടിതാളങ്ങൾക്കൊപ്പം ഒഴുകുന്ന ജീവിതം. പ്രതിസന്ധികളെ ക്രിയാത്മകമായി തരണം ചെയ്യാൻ അനുഭവങ്ങളിലൂടെ തിരിച്ചറിയുന്നവർ. അവർ പ്രകൃതിയിൽനിന്നു തീ നിർമിക്കുന്നു. ആ തീയിൽ ഭക്ഷണം പാകം ചെയ്യുന്നു.  എങ്ങനെ പാചകം ചെയ്യുന്നു എന്നതു കഴിഞ്ഞാൽ എന്തിൽ പാചകം ചെയ്യുന്നു എന്നൊരു ചോദ്യമാണ് അടുത്തത്.  കുക്കറും ഓവനും ചില്ലുപാത്രങ്ങളുമില്ലാത്ത ജീവിതം. ഗോത്രജീവിതത്തിൽ ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനും പ്രകൃതിയെ കൂട്ടുപിടിക്കാതെ തരമില്ല. 

പാത്രം പലവിധം

മൺപാത്രങ്ങൾ മാത്രമായിരിക്കും ആദിവാസി ജനത ഉപയോഗിക്കുക എന്നതൊരു തെറ്റായ ചിന്തയാണ്. വേട്ടക്കുറുമ വിഭാഗം നാലു തരത്തിലുള്ള പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. പിച്ചള പാത്രങ്ങൾക്ക് കെൻചൻ കങ്കളെ എന്നാണു പേര്. അലൂമിനിയം പാത്രങ്ങൾ ശില്‌വർ കങ്കളെ എന്നും വെള്ള ക്ലേ പാത്രങ്ങൾക്ക് ഗാജിൽ കങ്കളെ എന്നുമാണ് വിളിപ്പേര്. മൺപാത്രങ്ങളെ മൺകങ്കളെ എന്നാണ് വിളിക്കുന്നത്. 

കാട്ടിൽനിന്നു പിഴിഞ്ഞെടുക്കുന്ന തേൻ കൊണ്ടുവരാൻ മുളങ്കുറ്റിയിൽ നിർമിച്ച ഉപകരണങ്ങളാണ് ഉപയോഗിക്കാറുള്ളത്. പാലു സംഭരിക്കാനുള്ള മുളങ്കുറ്റിക്ക് പാലണ്ട എന്നാണു പേര്. 

ചോല നായ്ക്കർ വിഭാഗത്തിലുള്ളവർ മുളങ്കുറ്റികൾ ഉപയോഗിച്ച് മനോഹരമായി പാചകം ചെയ്യും.ചോറ്, മത്സ്യം, മാസം എന്നിവ മുളങ്കുറ്റിയിൽ നിറച്ച് വെള്ളം ചേർത്ത് കുറ്റിയുടെ രണ്ടറ്റവും മുറുക്കി അടയ്ക്കുന്നു. ഇത് തീയിലിട്ട് ചുട്ടെടുക്കുന്നതാണു രീതി. വേട്ടക്കുറുമരും കാട്ടിനകത്ത്് പോവുമ്പോൾ ഈ രീതി ഉപയോഗിക്കാറുണ്ട്. 

കഴിക്കാനുള്ള പ്ലെയിറ്റുകൾക്കു പകരം പല വിഭാഗങ്ങളും ഇലകളും ഇല കൊണ്ടുള്ള പാത്രങ്ങളുമാണ് ഉപയോഗിക്കാറുള്ളത്. മുത്തിംഗലെ ബാളലെ എന്നാണ് വാഴയിലയുടെ വിളിപ്പേര്. കൂവെലെ (കൂവയില), ത്യേക്കലെ (തേക്കില) എന്നിവയും ഉപയോഗിക്കാറുണ്ട്.  ചോല നായ്ക്കർ കവുങ്ങിൻപാള കൊണ്ടുള്ള പാത്രങ്ങൾ ഉപയോഗിക്കും. മുള മെട‍‍ഞ്ഞുണ്ടാക്കുന്ന പാത്രവും ഭക്ഷണം കഴിക്കാൻ ഉപയോഗിക്കും. 

കാട്ടിലേക്ക് തേക്കിലയിൽ

ചോറുപൊതിഞ്ഞുകൊണ്ടുപോവുന്നതാണ് പതിവ്. മുടക്കെട്ട് എന്നാണ് ഇതിന്റെ പേര്. കൂവയില ഈർക്കിലുപയയോഗിച്ചു നെയ്തെടുത്ത് വലിയ പിഞ്ഞാണം പോലെയാക്കിയും ഭക്ഷണം കഴിക്കുന്ന രീതിയുണ്ട്. 

പക്ഷെ നാടുമായി തൊട്ടുകിടക്കുന്ന ആദിവാസി ഊരുകളിൽ ഇപ്പോൾ സ്റ്റീൽപാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. പുതുതലമുറയിൽ പലരും പഴയകാല രീതികളിൽനിന്ന് അകലുകയുമാണ്.