‘കൊരങ്ങാ..പൊരിച്ച കോയീന്റെ മണം’

ചാറില് മുക്കി നക്കിയാ മതി.... 
മലയാളികൾ നെഞ്ചിലേറ്റിയ പഞ്ച്ഡയലോഗ്. ജോജിയും നിശ്‌ചലുമെന്ന രസതന്ത്രം അരങ്ങുതകർത്ത സിനിമ. പ്രിയദർശന്റെ കരവിരുതിൽ വിരിഞ്ഞ കിലുക്കം ഒരു വെറും ചിരിപ്പടം മാത്രമല്ല, അതിനുമപ്പുറം അരികും മൂലയുമൊപ്പിച്ചു വാർത്തെടുത്ത മാതൃക തന്നെയാണ്. എന്നും വിഷാദ നായകനായി മാത്രം കണ്ടിട്ടുള്ള വേണു നാഗവള്ളിയാണ് ഉരുളയ്‌ക്കുപ്പേരി പോലുള്ള സംഭാഷണങ്ങൾ രചിച്ചത് എന്നോർക്കുമ്പോൾ അമ്പരന്നുപോവും. 

നമ്മൾ ശ്രദ്ധിക്കാതെ പോയ ഒരു കഥാഗതിയുണ്ട് കിലുക്കത്തിന്. ഹൃദയത്തിലേക്കുള്ള ഏറ്റവും നല്ല വഴി ഭക്ഷണത്തിലൂടെയാണ് എന്ന തത്വം. ജസ്‌റ്റിസ് പിള്ളയെന്ന കണിശക്കാരനെത്തേടിയെത്തുന്ന നന്ദിനി പിള്ളയോടടുക്കാൻ കണ്ടെത്തുന്ന വഴിയും ഭക്ഷണത്തിന്റെതാണ്.

ഭ്രാന്തഭിനയിച്ചെത്തുന്ന നന്ദിനിക്ക് ഒരു നിമിഷം പോലും വിശന്നിരിക്കാൻ  വയ്യ. എനിക്കു വിശക്കുന്നു എന്നുപറഞ്ഞു ചിണുങ്ങുന്ന നന്ദിനി. കൊരങ്ങാ..പൊരിച്ച കോയീന്റെ മണം എന്നു പറഞ്ഞ് മണത്തുമണത്തു നടക്കുന്ന നന്ദിനി. രാത്രി കഴിക്കാൻ കൊണ്ടുവച്ച പൊറോട്ടയും ചിക്കൻകറിയും എടുത്ത് ഒളിച്ചുവയ്‌ക്കുന്ന നിശ്‌ചൽ. രാത്രി ഇരുട്ടത്ത് ഭക്ഷണം മുഴുവൻ കട്ടെടുത്തു കഴിക്കുന്ന നന്ദിനിയെ കണ്ട് നിശ്‌ചൽ പറയുന്നത്: ഇവൾക്ക് ആർത്തി മൂത്ത് വട്ടായതാ... എന്നാണ്. 

ജസ്‌റ്റിസ് പിള്ളയുടെ കാര്യം ഇത്തിരി കഷ്‌ടമാണ്. അരിവെപ്പുകാരന് കിട്ടുണ്ണിയുണ്ടാക്കിയ മീൻകറി കാണുമ്പോൾ എഴുന്നേറ്റുനിന്നു തൊഴുന്ന പിള്ള ഒരു വടി കിട്ടുമോ എന്നു ചോദിക്കുന്നു. മീനിനെ തല്ലിക്കൊന്നു തിന്നാനാണു വടി. പിള്ളയുടെ വീട്ടിലെ ഈ അവസ്‌ഥയിലേക്കാണു നന്ദിനി കടന്നുവരുന്നത്. കൈയും കാലുമൊടിഞ്ഞ് കിടക്കയിലായ പിള്ളയ്‌ക്കു ഭക്ഷണം വാരിക്കൊടുത്ത് മകളുടെ സ്‌ഥാനത്തേക്കു നടന്നുകയറുകയാണു നന്ദിനി. ഭക്ഷണവുമായി ബന്ധപ്പെട്ട് ഒരുപാട് നല്ല രംഗങ്ങളാണു കിലുക്കത്തിൽ പ്രിയനും വേണുനാഗവള്ളിയും ചേർന്ന് ഒരുക്കിയത്.