വിപണി ഇടിവിൽ നിക്ഷേപകർക്ക് കണ്ടെത്താം മികച്ച അവസരങ്ങൾ

ഓഹരി വിപണി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അത്ര മികച്ച പ്രകടനമല്ല കാഴ്‌ച വെച്ചത്‌.  ഓഹരി സൂചികയായ നിഫ്‌റ്റി  ആറ്‌ ശതമാനം മുന്നേറ്റം മാത്രമാണ്‌ രേഖപ്പെടുത്തിയത്‌. ശക്തമായ ചാഞ്ചാട്ടത്തിലൂടെയാണ്‌ ഇക്കാലയളവില്‍ വിപണി കടന്നുപോയത്‌.

വന്‍കിട ഓഹരികള്‍ ഉള്‍പ്പെടെ ഒരു വിഭാഗം ഓഹരികള്‍ക്ക് ശക്തമായ ഇടിവ്‌ നേരിട്ടു . പല നിക്ഷേപകര്‍ക്കും നഷ്‌ടത്തിന്റെ കണക്കായിരിക്കും പറയാനുണ്ടാവുക.സ്വാഭാവികമായും ഇത്‌ നിക്ഷേപകരുടെ മനസാന്നിധ്യത്തെ ബാധിക്കുന്ന ഘടകമാണ്‌. വിപണിയുടെ മുന്നോട്ടുള്ള ഗതിയെ കണക്കിലെടുക്കുമ്പോഴും  അത്ര നല്ല ചിത്രമല്ല നിക്ഷേപകര്‍ക്ക്‌ ലഭിക്കുന്നത്‌.

 തെരഞ്ഞെടുപ്പ്‌

 ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ആയിരിക്കും ഇനി വിപണിയുടെഗതി നിര്‍ണയിക്കുക. അതുവരെയും വിപണി ചാഞ്ചാട്ടങ്ങളിലൂടെ കടന്നുപോകാനാണ്‌ സാധ്യത. നിക്ഷേപകര്‍ക്ക്‌ ലഭിക്കുന്ന ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള വിപണിയുടെ ഭാവിചിത്രം അത്ര മികച്ചതല്ല. ഇതെല്ലാം പരിഗണിക്കുമ്പോള്‍ വിപണിയോടുള്ള സമീപനത്തില്‍ നിക്ഷേപകര്‍ക്ക്‌ ആശയക്കുഴപ്പമുണ്ടാവുക സ്വാഭാവികം.

വേണ്ടത് ദീര്‍ഘകാല സമീപനം

എന്നാല്‍ ഓഹരിയില്‍ നേരിട്ടുള്ള നിക്ഷേപത്തില്‍ നിന്നോ മ്യൂച്വല്‍ ഫണ്ടുകളുടെ ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപത്തില്‍ നിന്നോ നേട്ടമുണ്ടാക്കണമെങ്കില്‍ ഹ്രസ്വകാല പ്രവണതകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്ന രീതി നിക്ഷേപകര്‍ ഒഴിവാക്കണം. ഹ്രസ്വകാലാടിസ്ഥാനത്തില്‍  വിപണിയുടെ ഗതിവിഗതികളെ പല ഘടകങ്ങളും സ്വാധീനിച്ചെന്നു വരും.  ചാഞ്ചാട്ടങ്ങളെ ശ്രദ്ധിക്കാതെ ദീര്‍ഘകാല സമീപനത്തോടെ നിക്ഷേപം തുടര്‍ന്നാല്‍ മാത്രമേ നേട്ടമുണ്ടാക്കാനാവൂ.

ഓഹരികളിലോ ഇക്വിറ്റി ഫണ്ടുകളിലോ നിക്ഷേപിക്കുമ്പോള്‍ നിക്ഷേപ കാലയളവ്‌ വളരെ പ്രധാനമാണ്‌. എത്ര കാലത്തിനുള്ളിലാണ്‌ നിക്ഷേപിച്ച പണം തിരികെ കിട്ടേണ്ടതെന്നതിനെ കുറിച്ച്‌ വ്യക്തമായ ധാരണയോടെ മാത്രമേ നിക്ഷേപത്തിന് മുതിരാവൂ.

ഉദാഹരണത്തിന്‌ അടുത്ത ഒരു വര്‍ഷത്തിനകം നിക്ഷേപ തുക തിരികെ കിട്ടണമെന്നുണ്ടെങ്കില്‍ ഓഹരികളിലോ ഇക്വിറ്റി ഫണ്ടുകളിലോ നിക്ഷേപിക്കുന്നത്‌ ഒഴിവാക്കുന്നതാകും നല്ലത്‌. ഹ്രസ്വകാലാടിസ്ഥാനത്തില്‍ വിപണി നേട്ടം തരുമോയെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നതു തന്നെ കാരണം. അടുത്ത ഒരു വര്‍ഷത്തിനുള്ളിലെ ലാഭ, നഷ്‌ട സാധ്യതകളെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഓഹരി വിപണിയില്‍ സാധ്യമല്ല. എന്നാല്‍ ദീര്‍ഘകാലത്തേക്ക്‌ നിക്ഷേപം തുടര്‍ന്നാല്‍ അതില്‍ നിന്നു ലഭിക്കുന്ന ഫലം മറ്റേത്‌ നിക്ഷേപ മാര്‍ഗത്തേക്കാളും ഏറെമികച്ചതായിരിക്കുമെന്നുള്ള വസ്‌തുതയാണ്‌ നിക്ഷേപകര്‍ ഉള്‍ക്കൊള്ളേണ്ടത്‌.

5-10 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ നിക്ഷേപ തുക തിരികെ ആവശ്യമുള്ളൂവെങ്കില്‍  ഓഹരികളോ ഇക്വിറ്റി ഫണ്ടുകളോ പരിഗണിക്കാവുന്ന നിക്ഷേപ മാര്‍ഗങ്ങളാണ്‌.ഒരു വര്‍ഷത്തിനുള്ളില്‍ തുക തിരികെ ആവശ്യമാണെങ്കില്‍ ഹ്രസ്വകാല ഡെറ്റ്‌ ഫണ്ടുകളിലോ ബാങ്ക്‌ ഡെപ്പോസിറ്റുകളിലോ നിക്ഷേപിക്കുന്നതാകും നല്ലത്‌. ഓഹരി വിപണിയുടെ സഹജ ഭാവമാണ്‌ ചാഞ്ചാട്ടം.

 മനസാന്നിധ്യം കൈവിടരുത്

കയറ്റിറക്കങ്ങളില്‍ മനസാന്നിധ്യം നഷ്‌ടപ്പെട്ടാല്‍ നിക്ഷേപകന് നിക്ഷേപം തുടരുക പ്രയാസമാവും.അതുകൊണ്ടു തന്നെ ചാഞ്ചാട്ടങ്ങളോടുള്ള സഹിഷ്‌ണുത വളരെ പ്രധാനമാണ്‌. ചാഞ്ചാട്ടങ്ങള്‍ സൃഷ്‌ടിക്കുന്ന മൂല്യവ്യതിയാനങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമീപനത്തിലൂടെ വലിയ നേട്ടമാക്കുകയാണ്‌ നിക്ഷേപകര്‍ ചെയ്യേണ്ടത്‌. വിപണി ഇടിയുമ്പോഴാണ്‌ നിക്ഷേപകര്‍ക്ക്‌ മികച്ച അവസരങ്ങള്‍ ലഭിക്കുന്നത്‌. അതിനാല്‍ ഇടിവുകളില്‍ മികച്ച ഓഹരികള്‍ സ്വന്തമാക്കാനാണ്‌  ശ്രമിക്കേണ്ടത്‌. ഓഹരികള്‍ പല വട്ടം തിരുത്തലുകളിലൂടെ കടന്നുപോകാറുണ്ട്‌.

ചാഞ്ചാട്ടങ്ങളെ കണക്കിലെടുക്കാതെ നിക്ഷേപത്തില്‍ ഉറച്ചുനിന്നവര്‍ക്ക്‌ നേട്ടം ലഭിക്കുന്നുവെന്നതാണ്‌ ഓഹരിനിക്ഷേപത്തിനു പിന്നിലെ വിജയരഹസ്യം.

ദീര്‍ഘകാല കാഴ്‌ചപ്പാടോടെ വിപണിയെ സമീപിക്കുന്നവര്‍ അതില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രദ്ധിക്കണം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റമെന്റ്‌ പ്ലാന്‍ (എസ്‌ഐപി) പോലുള്ള നിക്ഷേപരീതികള്‍ വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. വിപണി ഇടിയുമ്പോള്‍ ഒരിക്കലും എസ്‌ഐപി നിക്ഷേപം നിര്‍ത്തരുത്‌.  ഫ്യൂച്ചേഴ്‌സ്‌ ആൻഡ് ഓപ്‌ഷന്‍സ്‌ പോലുള്ള വ്യാപാര മാര്‍ഗങ്ങള്‍ ട്രേഡര്‍മാരെ ഉദ്ദേശിച്ചുള്ളതാണ്‌. വ്യാപാര മാര്‍ഗങ്ങളില്‍ ഊഹകച്ചവടത്തിന്‌ ശ്രമിച്ചാല്‍ നഷ്‌ട സാധ്യതയേറെയാണ്‌.

മുൻതൂക്കം മുൻനിര ഓഹരികൾക്ക്

ചെറുകിട ഓഹരികളും വന്‍കിട ഓഹരികളേക്കാള്‍ പതിന്മടങ്ങ്‌ നേട്ടം നല്‍കിയ അനുഭവമുണ്ടായിട്ടുണ്ട്‌. എന്നാല്‍ ചെറുകിട ഓഹരികളുടെ തിരഞ്ഞെടുപ്പ്‌  ശരിയായില്ലെങ്കില്‍ ഫലം വിപരീതമാകാം. കമ്പനികളെ കുറിച്ച്‌ മനസിലാക്കാതെ വില മാത്രം നോക്കി ഇത്തരം ഓഹരികളില്‍ നിക്ഷേപിക്കാന്‍ തുനിയരുത്‌. മുന്‍നിര ഓഹരികളാണ്‌ താരതമ്യേന സുരക്ഷിതം.

ദീര്‍ഘകാല നിക്ഷേപകര്‍ ഓഹരികളില്‍ നേരിട്ട്‌ നിക്ഷേപിക്കുകയാണ്‌ ചെയ്യേണ്ടത്‌.

മൂന്നോ നാലോ മേഖലകളിലായി നിക്ഷേപം വൈവിധ്യവല്‍ക്കരിക്കുന്നത്‌ നിക്ഷേപത്തിലെ റിസ്‌ക്‌ പരിമിതപ്പെടുത്താന്‍ സഹായകമാകും. ഒരു ഓഹരിയിലോ ഒരു മേഖലയിലോ  മാത്രമായി അമിതമായി നിക്ഷേപം നടത്തുന്നത്‌ ഒഴിവാക്കണം.