പാണ്ഡ്യയ്ക്കു പകരം വിജയ്ശങ്കർ; രാഹുലിനു പകരം ശുഭ്മാൻ ഗിൽ; എല്ലാം ശുഭമാകട്ടെ!

ന്യൂഡൽഹി∙ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ സസ്പെൻഷനിലായ ഹാർദിക് പാണ്ഡ്യയ്ക്കു പകരമാണ് വിജയ് ശങ്കറിനെ ടീമിലെടുത്തത്. 23ന് ന്യൂസീലൻഡിനെതിരെ ആരംഭിക്കുന്ന ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ കെ.എൽ. രാഹുലിനു പകരം പഞ്ചാബ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലിനെയും ഉൾപ്പെടുത്തി. 

ഇരുപത്തിയേഴുകാരനായ വിജയ് ശങ്കർ  ഇന്ത്യയ്ക്കു വേണ്ടി 5 ട്വന്റി20 മൽസരങ്ങൾ കളിച്ചിട്ടുണ്ട്. പത്തൊമ്പതുകാരൻ ശുഭ്മാൻ ഗില്ലിന്റെ അരങ്ങേറ്റമാണ്. രാഹുൽ സസ്പെൻഷനിലായതോടെ തൽസ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത് മായങ്ക് അഗർവാളിനെയാണ്. മായങ്കിനു പരുക്കുണ്ടെന്നു വ്യക്തമായതോടെയാണ് പകരം ഗില്ലിനെ ഉൾപ്പെടുത്തിയത്. 

കഴിഞ്ഞ വർഷം ന്യൂസീലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഗിൽ. മാൻ ഓഫ് ദ് സീരിസ് പുരസ്കാരം നേടി. രഞ്ജി ട്രോഫിയിൽ പഞ്ചാബിനുവേണ്ടി 98.75 ശരാശരിയിൽ 790 റൺസ് നേടി. 

∙ വിജയ് ശങ്കർ : ഇന്ത്യ എ ടീമിനു വേണ്ടി അഞ്ചാം നമ്പരായി ബാറ്റ് ചെയ്യാൻ കഴിഞ്ഞത് ഗുണമായി. നന്നായി സ്കോർ ചെയ്തു കളി തീർക്കാൻ എനിക്കു കഴിയുമെന്ന് അതോടെയാണ് എനിക്കു മനസ്സിലായത്. പരിശീലകൻ ദ്രാവിഡ് സർ (രാഹുൽ ദ്രാവിഡ്) അക്കാര്യത്തിൽ അത്മവിശ്വാസം നൽകി. ഓരോ തവണയും ഞാൻ ക്രീസിലെത്തിയപ്പോൾ ഞങ്ങൾക്കു ജയിക്കാൻ 150–160 റൺസ് വേണ്ടിയിരുന്നു. സ്കോറിങ് വേഗത്തിലാക്കി കളി ജയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

 ∙ ശുഭ്മാൻ ഗിൽ : ന്യൂസീലൻഡിൽ കളിക്കാൻ വിളിച്ചതു വലിയ ഭാഗ്യമാണ്. എ ടീമിനൊപ്പം ന്യൂസീലൻഡ് പര്യടനം കഴിഞ്ഞ് എത്തിയതേയുള്ളൂ. അണ്ടർ 19 ലോകകപ്പും ന്യൂസീലൻഡിലായിരുന്നു. അതുകൊണ്ടു തന്നെ ടെക്നിക്കുകളിൽ കാര്യമായ മാറ്റം വേണ്ടി വരില്ലെന്നാണു വിശ്വാസം. ഇന്ത്യൻ സീനിയർ ടീമിനു വേണ്ടി കളിക്കുമ്പോഴത്തെ സമ്മർദ്ദത്തെ മാത്രം ഞാൻ നേരിട്ടാൽ മതി. അതിനു മാനസികമായി ഞാനൊരുക്കമാണ്. ടീമിലെടുത്ത വിവരം അറിഞ്ഞ രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല.