വീണ്ടും ധോണി ഹീറോ, കൂട്ടിന് ജാദവ്, ചാഹൽ; ഇന്ത്യയ്ക്ക് ജയം, പരമ്പര – ചരിത്രം!

ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കി. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയമാണിത്. ഓസ്ട്രേലിയൻ മണ്ണിൽ നിന്ന് ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലും പരമ്പര നഷ്ടമാകാതെ മടങ്ങുന്ന ആദ്യ ടീമുമായി ഇന്ത്യ. ടെസ്റ്റ് പരമ്പര 2–1നു ജയിച്ച ഇന്ത്യ ട്വന്റി20 പരമ്പര 1–1ന് സമനിലയാക്കിയിരുന്നു. ഇതോടെ ഈ വർഷത്തെ ലോകകപ്പിന് മികച്ച ഒരുക്കം കൂടി ഇന്ത്യ പൂർത്തിയാക്കി. 

മെൽബൺ ∙ ധോണി ഫോമിലാകുന്ന മൽസരങ്ങളിൽ ഏത് ഓവറിൽ, എത്രാമത്തെ പന്തിൽ കളി തീരുമെന്ന് ഒരാൾക്കു മാത്രമേ അറിയൂ– ധോണിക്കു മാത്രം! യുസ്‌വേന്ദ്ര ചാഹലിന്റെ പന്തുകൾക്കു മുന്നിൽ കറങ്ങി വീണ് മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയ ഇന്ത്യയ്ക്കു മുന്നിൽ വച്ചു നീട്ടിയത് 231 റൺസ് വിജയലക്ഷ്യം. അതിലേക്കുള്ള വഴിയേ ധോണി ബോളർമാരെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു, കേദാർ ജാദവ് അവരെ തലയ്ക്കടിച്ചു കളി തീർത്തു. സ്കോർ: ഓസ്ട്രേലിയ– 48.4 ഓവറിൽ 230നു പുറത്ത്. ഇന്ത്യ– 49.2 ഓവറിൽ മൂന്നിന് 234. 42 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ചാഹലാണ് മാൻ ഓഫ് ദ് മാച്ച്. ജയത്തോടെ ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ഏകദിന പരമ്പര വിജയം (2–1) എന്ന സ്വപ്നവും ഇന്ത്യ സത്യമാക്കി. മൂന്നു കളിയിലും അർധസെഞ്ചുറി നേടിയ ധോണിയാണ് പരമ്പരയിലെ താരം.

∙ മധ്യനിര കാത്തു

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഓസീസിന്റെ മാനം ഇത്തവണയും കാത്തത് മധ്യനിര തന്നെ. ഓപ്പണർമാരായ അലക്സ് കാരിയും (5) ആരോൺ ഫിഞ്ചും (14) പത്തോവറിനുള്ളിൽ മടങ്ങിയെത്തി. ഇരുവരെയും മടക്കിയത് ഭുവനേശ്വർ. മൂന്നാം ഓവറിൽ കുത്തിയുയർന്ന പന്ത് കാരിയുടെ ബാറ്റിലുരസി സ്ലിപ്പിൽ കോഹ്‌ലിയുടെ കയ്യിലേക്കു പോയി. ഭുവിക്കു മുന്നിൽ കഷ്ടപ്പെട്ട ഫിഞ്ച് ഒരിക്കൽ കൂടി വിക്കറ്റ് സമ്മാനിച്ചു; ഇജ്വലമായ ഇൻസ്വിങ്ങറിൽ എൽബിഡബ്ലിയു. ചാഹലിന് അതോടെ വഴിയൊരുങ്ങി.

മികച്ച പേസ് വ്യത്യാസവും കബളിപ്പിക്കുന്ന ഫ്ലൈറ്റുകളും കൊണ്ട് ഓസീസ് ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിച്ചതോടെ റൺനിരക്ക് കുറഞ്ഞു. ഖവാജയും (34) ഷോൺ മാർഷും (39) ചേർന്ന് ഓസീസിനെ നൂറിൽ എത്തിച്ചെങ്കിലും 23 ഓവർ വേണ്ടി വന്നു. അടുത്ത ഓവറിൽ ആദ്യ പന്തിൽ തന്നെ ചാഹലിന്റെ പന്തിൽ മുന്നോട്ടാഞ്ഞ മാർഷിനെ ധോണി സ്റ്റംപ് ചെയ്തു. ആറിന് 161 എന്ന നിലയിൽ തകർന്ന ഓസീസിനെ പീറ്റർ ഹാൻഡ്സ്കോംബിന്റെ (58) ചെറുത്തു നിൽപ്പാണ് 200 കടത്തിയത്.

∙ പതിയെ വിജയം

ബാറ്റിങ് അത്ര അനായാസകരമായ പിച്ചല്ല എന്നു മനസ്സിലായതിനാൽ കരുതലോടെയാണ് ഇന്ത്യയും തുടങ്ങിയത്. ആറോവറിൽ 15 റൺസ് മാത്രമായിരുന്നു ഇന്ത്യൻ സ്കോർ ബോർഡിൽ. 17 പന്തിൽ 9 റൺസെടുത്ത രോഹിത് ശർമയാണ് ആദ്യം മടങ്ങിയത്. കോഹ്‌ലി ക്രീസിലെത്തിയിട്ടും പത്തോവറിൽ ഇന്ത്യ നേടിയത് 26 റൺസ് മാത്രം. 17–ാം ഓവറിൽ ധവാൻ (23) സ്റ്റോയ്നിസിനു റിട്ടേൺ ക്യാച്ച് നൽകിയതോടെ ധോണി ക്രീസിലെത്തി.

ഇന്ത്യൻ ടീമംഗങ്ങൾ കിരീടവുമായി.

അക്കൗണ്ട് തുറക്കുന്നതിനു മുൻപെ ധോണിയെ പുറത്താക്കാൻ അവസരം കിട്ടിയെങ്കിലും മാക്സ്‌വെൽ ക്യാച്ച് പാഴാക്കി. പതിവ് ആക്രമണ സ്വഭാവം മാറ്റിവച്ച് 82 പന്തിൽ 54 റൺസാണ് മൂന്നാം വിക്കറ്റിൽ കോഹ്‌ലിയും ധോണിയും നേടിയത്. ഇരുവരും തമ്മിൽ വിക്കറ്റിനിടയിലെ ഓട്ടത്തിലും രണ്ടു വട്ടം ആശയക്കുഴപ്പമുണ്ടായെങ്കിലും ഓസ്ട്രേലിയയ്ക്കു മുതലെടുക്കാനായില്ല. കോഹ്‌ലിക്കു ശേഷം ക്രീസിലെത്തിയ ജാദവ് സ്കോറിങിനു വേഗം കൂട്ടിയതോടെ ഇന്ത്യ വിജയത്തോടടുത്തു. വ്യക്തിഗത സ്കോർ 74ൽ നിൽക്കെ ക്യാപ്റ്റൻ ഫിഞ്ച് തന്നെ ധോണിയെ ഡ്രോപ്പ് ചെയ്തതോടെ ഇത് ഓസ്ട്രേലിയയുടെ ദിവസമല്ലെന്നുറപ്പായി. 

ആറ്

ഓസ്ട്രേലിയൻ മണ്ണിലെ ഏറ്റവും മികച്ച ഏകദിന ബോളിങ് പ്രകടനത്തിൽ ചാഹൽ അജിത് അഗാർക്കറിനൊപ്പം. 2004ൽ അഗാർക്കറും 42 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു. ചാഹലിന്റെ കരിയറിലെ ഏറ്റവും മികച്ച വിക്കറ്റ് നേട്ടവുമാണിത്.

ഇന്ത്യയ്ക്കു മുന്നിൽ ലോകകപ്പിനുമുൻപ് ഇനിയേതെല്ലാം മൽസരങ്ങളാണുള്ളത്?

ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യ നേരെ ഏകദിന പരമ്പരയ്ക്കായി ന്യൂസീലൻഡിലേക്കു തിരിക്കുന്നു. അഞ്ചു മൽസര പരമ്പരയിലെ ആദ്യ കളി 23ന് നേപ്പിയറിൽ. ശേഷം മൂന്നു ട്വന്റി20 മൽസരങ്ങൾ. ഫെബ്രുവരിയിൽ ഓസ്ട്രേലിയ ഇന്ത്യയിലേക്കു വരും– അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി20 മൽസരങ്ങളും. പിന്നീട് ഐപിഎൽ ട്വന്റി20. ശേഷം മേയ് 31ന് ലോകകപ്പിന് തുടക്കമാകും. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മൽസരം.

സ്കോർ ബോർഡ്

ഓസ്ട്രേലിയ

അലക്സ് കാരി സി കോഹ്‌ലി ബി ഭുവനേശ്വർ– 5, ആരോൺ ഫിഞ്ച് എൽബി ബി ഭുവനേശ്വർ– 14, ഉസ്മാൻ ഖവാജ സി ആൻഡ് ബി ചാഹൽ– 34, ഷോൺ മാർഷ് സ്റ്റംപ്ഡ് ധോണി ബി ചാഹൽ– 39, പീറ്റർ ഹാൻഡ്സ്കോംബ് എൽബി ബി ചാഹൽ– 58, മാർക്കസ് സ്റ്റോയ്നിസ് സി രോഹിത് ബി ചാഹൽ–10, ഗ്ലെൻ മാക്സ്‌വെൽ സി ഭുവനേശ്വർ ബി ഷമി – 26, ജൈ റിച്ചഡ്സൺ സി കേദാർ ജാദവ് ബി ചാഹൽ– 16, ആദം സാംപ സി വിജയ് ശങ്കർ ബി ചാഹൽ–8, പീറ്റർ സിഡിൽ നോട്ടൗട്ട് – 10, ബില്ലി സ്റ്റാൻ‌ലേക്ക് ബി മുഹമ്മദ് ഷമി– 0

എക്സ്ട്രാസ്– 10

ആകെ 48.4 ഓവറിൽ 230 ഓൾഔട്ട്

വിക്കറ്റുവീഴ്ച: 1–8, 2–27, 3–100, 4–101, 5–123, 6–161, 7–206, 8–219, 9–228, 10–230

ബോളിങ്: ഭുവനേശ്വർ 8–1–28–2, മുഹമ്മദ് ഷമി 9.4–0–47–2, വിജയ് ശങ്കർ 6–0–23–0, കേദാർ ജാദവ് 6–0–35–0, രവീന്ദ്ര ജഡേജ 9–0–53–0, യുസ്‌വേന്ദ്ര ചാഹൽ 10–0–42–6

ഇന്ത്യ 

രോഹിത് ശർമ സി ഷോൺ മാർഷ് ബി പീറ്റർ സിഡിൽ– 9, ശിഖർ ധവാൻ സി ആൻഡ് ബി മാർക്കസ് സ്റ്റോയ്നിസ് – 23, വിരാട് കോഹ്‌ലി സി അലക്സ് കാരി ബി ജൈ റിച്ചഡ്സൺ – 46, എം.എസ്. ധോണി നോട്ടൗട്ട്– 87, കേദാർ ജാദവ് നോട്ടൗട്ട്– 61

എക്സ്ട്രാസ്– 8

ആകെ 49.2 ഓവറിൽ നാലിന് 234

വിക്കറ്റുവീഴ്ച: 1–15, 2–59, 3–113

ബോളിങ്: റിച്ചഡ്സൺ 10–1–27–1, പീറ്റർ സിഡിൽ 9–1–56–1, ബില്ലി സ്റ്റാൻലേക്ക് 10–0–49–0, ഗ്ലെൻ മാക്സ്‌വെൽ 1–0–7–0, ആദം സാംപ 10–0–34–0, മാർക്കസ് സ്റ്റോയ്നിസ് 9.2–0–60–1