കണ്ണില്ലെങ്കിലെന്ത്, കൺമണിയായ് കരുതും അമ്മയുണ്ടല്ലോ; ഈ മകനു മിഴിയാണ് ‘അമ്മ മൊഴി’!

സാവോപോളോ∙ ബ്രസീലുകാരനാണ്. ഫുട്ബോൾ വികാരം രക്തത്തിലുണ്ട്. പക്ഷേ കളി കാണാൻ കാഴ്ചയില്ല എന്ന സങ്കടം മാത്രം. പക്ഷേ നിക്കോളാസ് എന്ന 12കാരന് എന്നിട്ടും കളിയിലെ ഒരു നിമിഷങ്ങൾ പോലും മിസ്സായില്ല. കാരണം നിക്കോളാസിന് സ്നേഹമുള്ള അമ്മയുണ്ട്. ഓട്ടിസം ബാധിതനായ അവനെ ഊട്ടുന്നതിനും ഉറക്കുന്നതിനുമൊപ്പം കളി പറഞ്ഞു കൊടുക്കുക കൂടി ചെയ്യുന്ന കമന്റേറ്ററമ്മ’!

ബ്രസീൽ ക്ലബായ പാൽമെയ്റാ‌സിന്റെ കളിക്കിടെയാണ് കളി പറഞ്ഞു കൊടുക്കുന്ന സിൽവിയ ഗ്രീക്കോ എന്ന അമ്മയും അതു കേട്ട് തല കുലുക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്ന മകൻ നിക്കോളാസും താരമായത്. 

മകന് എങ്ങനെയാണ് കളി പറഞ്ഞു കൊടുക്കുന്നതെന്ന ചോദ്യത്തിന് സിൽവിയയുടെ ഉത്തരമിങ്ങനെ: ‘ഈ കളിക്കാരൻ ഷോർട്ട് സ്ലീവ് ജഴ്സിയിട്ടാണ് കളിക്കുന്നത്. ആ കളിക്കാരന്റെ ബൂട്ടിന്റെ നിറം നീലയാണ്. മുടിയുടെ സ്റ്റൈൽ ഇങ്ങനെയാണ് എന്നെല്ലാമാണ് ഞാൻ പറഞ്ഞു കൊടുക്കുന്നത്’’.

അമ്മ പറയുന്നത് കേട്ട് കളിയിലെ ആവേശം അതു പോലെ മനസ്സിലാക്കുന്ന നിക്കോളാസ് കൂട്ടുകാർക്കൊപ്പം തുള്ളിച്ചാടുന്നതും നിരാശപ്പെടുന്നതുമെല്ലാം ടിവി ദൃശ്യങ്ങളിലുണ്ട്. പാൽമെയ്റാസ് ക്ലബിന്റെ കടുത്ത ആരാധകരായതിനാൽ ക്ലബിന്റെ കടുംപച്ച നിറത്തിലുള്ള ജഴ്സിയാണ് അമ്മയും മകനും ധരിക്കുന്നത്.