അന്ന് ഹോക്കിയിൽ മിടുക്കർ; അതിൽ 13 പേർ ഇന്നു ഡോക്ടർമാർ !

കൊല്ലം ∙ ഹോക്കി സ്റ്റിക്ക് പിടിച്ച കൈകളിൽ പിൽക്കാലം സമ്മാനിച്ചത് സ്റ്റെതസ്കോപ്പായിരുന്നു. ഹോക്കി സ്റ്റിക്ക് തന്നെയാണു സ്റ്റെത്ത് കയ്യിലെടുക്കാനുള്ള വഴി തുറന്നതും. ദേശീയ വനിതാ ജൂനിയർ, സീനിയർ ഹോക്കി മത്സരങ്ങളിൽ കേരളത്തിനു വിജയങ്ങൾ സമ്മാനിച്ച 13 പേർ പിന്നീട് വിജയം നേടിയത് ആതുരശുശ്രൂഷ രംഗത്ത്. ഹോക്കി കളിയുടെ മികവിൽ സ്പോർട്സ് ക്വോട്ടയിലൂടെ എംബിബിഎസ് പ്രവേശനം നേടിയവരാണ് ഈ വനിതകളെല്ലാം. 1972ൽ കേരളം ആദ്യമായി ദേശീയ ജൂനിയർ ഹോക്കിയിൽ കിരീടം നേടിയതു മുതൽ 1976 വരെയുള്ളവരാണ് 13 പേരിലേറെയും. 1973ൽ വനിതാ ജൂനിയർ ഹോക്കിയിൽ വെങ്കലം കൊണ്ടു തൃപ്തിപ്പെട്ട കേരളം, 1974 മുതൽ 1976 വരെ ചാംപ്യന്മാരായി ഹാട്രിക് തികച്ചു. 1978ൽ ആദ്യമായി കേരളത്തിൽ ജൂനിയർ ചാംപ്യൻഷിപ്പ് നടന്നപ്പോൾ റണ്ണേഴ്സ് അപ്പുമായി. പിന്നീടിന്നു വരെ കിരീടം കേരളത്തെ തേടിയെത്തിയില്ല.

ഡോക്ടർമാരായി മാറിയ 13 പേരിൽ ഡോ. ജി.സുധ (1972), ഡോ. റെയ്ച്ചൽ വർഗീസ് (1973), ഡോ. ഷേർളി ജയിംസ് (1976) എന്നിവർ അക്കാലത്ത് ടീം ക്യാപ്റ്റന്മാരായിരുന്നു. ഹോക്കി താരം കൂടിയായിരുന്ന മുൻ മന്ത്രി ബാബു ദിവാകരന്റെ ഭാര്യയായ ഡോ. സുധ ഇപ്പോൾ തിരുവനന്തപുരത്താണ്. സുധയുടെ ഭർതൃസഹോദരി അനിത ദിവാകരൻ 1974 മുതൽ 1976 വരെ ടീം അംഗമായിരുന്നു.കേരള സീനിയർ ടീമിലും കളിച്ച ഡോ. റെയ്ച്ചൽ വർഗീസ് ബ്രിട്ടനിൽ ഗൈനക്കോളജിസ്റ്റാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് നേടിയ ഡോ. ഷേർളി ജെയിംസ് 1974ലും 1975ലും ടീമിലുണ്ടായിരുന്നു. ബംഗളൂരൂവിൽ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ അസോഷ്യേറ്റ് കൺസൽറ്റന്റാണ്. കേരളത്തിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീമിൽ ആദ്യം ഇടംപിടിച്ച ചന്ദ്രിക തങ്കച്ചി ഡോക്ടറായി ഇപ്പോൾ ബ്രിട്ടനിൽ ജോലി ചെയ്യുന്നുണ്ട്. 1969– 71 വരെ ജൂനിയറിലും 1972 വരെ സീനിയറിലും തുടർന്ന് ഇന്ത്യൻ ടീമിലും കളിച്ച ഡോ.സഫിയ പിന്നീട് കേരള വനിത ഹോക്കി അസോസിയേഷന്റെ വൈസ് പ്രസിഡന്റും തിരുവനന്തപുരത്തു 1989ൽ നടന്ന ദേശീയ ഹോക്കി ടൂർണമമെന്റിന്റെ ഓർഗനൈസിങ് സെക്രട്ടറിയുമായിരുന്നു.

1975ൽ ഗുജറാത്തിൽ നടന്ന ദേശീയ വനിതാ ജൂനിയർ ഹോക്കി മത്സരത്തിൽ ചാംപ്യന്മാരായ കേരളം ക്യാപ്റ്റൻ വിൽമ നേപ്പിയറിന്റെ നേതൃത്വത്തിൽ ട്രോഫി ഏറ്റുവാങ്ങുന്നു

1974ലെ ടീമിലെ ടോപ് സ്കോററും ബെസ്റ്റ് പ്ലെയറുമായിരുന്നു ഇപ്പോൾ കൊല്ലത്തു സേവനം ചെയ്യുന്ന ഡോ.കെ.രമണി. കേരള ഹോക്കി വൈസ് പ്രസിഡന്റ് കൂടിയാണു രമണി. 1972ലെ ടീമിലുണ്ടായിരുന്ന പന്തളത്തെ ഡോ.ബി.ബീന, യുഎസിലുള്ള ഡോ. ഷീല മസ്ക്രീൻ, 76ലെ ടീം വൈസ് ക്യാപ്റ്റനായിരുന്ന ബഹ്റൈനിലുള്ള ഡോ.നിർമല, 72 മുതൽ 75 വരെ ടീമിലുണ്ടായിരുന്ന എറണാകുളത്തെ ഡോ. ഗ്രേസി ജോർജ്, 1975ലെ ടീം അഗമായിരുന്ന യുഎസിലുള്ള ഡോ.ലത, 1975ലെയും 1976ലെയും ടീമിലുണ്ടായിരുന്ന തൃശൂരിലെ ഡോ. ജൂലി ജേക്കബ് എന്നിവരാണു മറ്റുള്ളവർ. 1974ലും 1975ലും ടീമിലുണ്ടായിരുന്ന ഡോ.സുമ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇവർ ഉൾപ്പെടെ ഒട്ടേറെ പഴയ വനിതാ ഹോക്കി താരങ്ങൾ ഫെബ്രുവരി 9നു കൊല്ലത്തു നടക്കുന്ന സംഗമത്തിൽ പങ്കെടുക്കാനെത്തും. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ ആരംഭിച്ച ദേശീയ വനിതാ ജൂനിയർ ഹോക്കി ചാംപ്യൻഷിപ്പിനോടനുബന്ധിച്ചാണു സംഗമം. 

സംഗമത്തിന് അർജുന അവാർഡ് ജേതാവ് ഓമനകുമാരിയും

അർജുന അവാർഡ് ജേതാവായ ഇന്ത്യൻ ഹോക്കി താരം എസ്.ഓമനകുമാരിയും ഫെബ്രുവരി 9നു നടക്കുന്ന വനിതാ ഹോക്കി മുൻ താരങ്ങളുടെ സംഗമത്തിനെത്തും. 1972–79 വരെ കേരളത്തിനു വേണ്ടി കളിച്ച ഓമനകുമാരി പിന്നീട് റെയിൽവേയുടെ താരമായി 75– 86 വരെ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1974ലും 75ലും കേരള ടീം ക്യാപ്റ്റനായിരുന്ന വിൽമ നേപ്പിയർ, 1968–72 വരെ ജൂനിയർ ടീമിലും പിന്നീടു സീനിയർ ടീമിലും ഗോൾകീപ്പറായിരുന്ന ലത സാറ ജോർജ്, 1972ലെ ടീം അംഗവും ദൂരദർശനിൽ അഡീഷനൽ ഡയറക്ടറുമായിരുന്ന പി.ആർ. ശാരദ, 1978ലെ ക്യാപ്റ്റൻ നിർമല ആന്റണി, അനീറ്റ ലൂയിസ് (1972–75) മുൻ ഗോൾകീപ്പർ വയലറ്റ് ഡേവിഡ് (1973–75), 76ലെ ചാംപ്യൻടീമിൽ അംഗമായിരിക്കുകയും ഈയിടെ സ്പോർട്സ് കൗൺസിലിൽ ജോലി സ്ഥിരപ്പെടുകയും ചെയ്ത വി.ഡി. ശകുന്തള, ജയ, ജയന്തി, ഷൈലജ ആർ.പിള്ള, ഡീനമ്മ ഏബ്രഹാം, മിനി, മറിയാമ്മ ജോർജ്, അമ്പിളി, ഇരട്ടസഹോദരിമാരായ പെട്രീഷ്യ മോറിസ്, മെർളിൻ മോറിസ് തുടങ്ങിയവരും ചടങ്ങിനെത്തും.