ഒരൊറ്റ മുടി പൊഴിയില്ല, ഇടതൂർന്ന് വളരുകയും ചെയ്യും, സൂപ്പർ ടിപ്സ്!

നിങ്ങളുടെ മുടി വരണ്ട പ്രകൃതമാണോ? ഷാംപൂ ഉപയോഗിച്ചു കഴുകിയാൽ മുടി ചകിരിനാരു പോലെയാകുന്നുണ്ടല്ലേ. മുടി പൊഴിയുകയും ചെയ്യുന്നു. ഇതിന് പരിഹാരം കണ്ടെത്താനാവാതെ ഇനി വിഷമിക്കേണ്ട. തലയിലെ എണ്ണമെഴുക്കും അഴുക്കും കളഞ്ഞ് മുടി പട്ടുപോലെ തിളങ്ങാൻ പ്രകൃതിദത്തമാർഗങ്ങളുണ്ട്. ഇതാ ആ സൂപ്പർ വിദ്യകൾ.

ഉഴുന്നുമാവ് തലയിൽ തേച്ചുപിടിപ്പിച്ചശേഷം ചീവയ്ക്കാപ്പൊടി ഉപയോഗിച്ച് കഴുകിയാൽ തലമുടിയില്‍ അധികമുള്ള എണ്ണമയം നീങ്ങും. അൽപ്പം ഉലുവ ഒരു ദിവസം വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേന്ന് ഇത് അരച്ചെടുത്തു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ നാരങ്ങാനീരും കൂട്ടിക്കലർത്തി തലയിൽ പുരട്ടിയശേഷം പതിനഞ്ചു മിനിറ്റു കഴിഞ്ഞു കഴുകിക്കളയുക. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്താൽ അഴുക്കും മെഴുക്കും ഇളകുന്നതോടൊപ്പം മുടി പട്ടുപോലെ മൃദുലമാകും. അരക്കപ്പ് ചീവയ്ക്കാപ്പൊടി ആറു കപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം തോർത്തുകൊണ്ട് അരിച്ചെടുക്കുക. ഷാംപൂവിനു പകരമായി ഇതു തലയിൽ തേച്ചു കുളിക്കാം. ചെമ്പരത്തിയുടെ തളിരിലകൾ ശേഖരിച്ച് ഒരു ദിവസം വെള്ളത്തിലിട്ടു വയ്ക്കുക. അടുത്ത ദിവസം അതേ വെള്ളത്തിൽ ഇലകൾ അരച്ചു പിഴി‌ഞ്ഞെടുക്കുക. ഒന്നാംതരം താളി തയാറായിരിക്കുന്നു. കുറുന്തോട്ടി വേരോടെ പറിച്ചെടുത്ത് നന്നായി കഴുകിയശേഷം അരച്ചെടുക്കുക. ഇതു തലയിൽ തേച്ചു കുളിച്ചാൽ മുടി പൊഴിച്ചിൽ അകലും.

തലമുടി വരണ്ട് ചകിരിനാരുപോലെയായാൽ മുടിയുടെ മനോഹാരിത തിരികെ നേടാന്‍ മാർഗമുണ്ട്. മുട്ടയുടെ വെള്ള പതച്ചെടുത്ത് ഒരു ടീസ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കുളിക്കും മുൻപ് തലയോട്ടിയിൽ തിരുമ്മിപ്പിടിപ്പിക്കുക. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യണം. കറ്റാർ വാഴയും കയ്യോന്നിയും സ്ഥിരമായി തലയിൽ തേച്ചു കുളിച്ചാൽ മുടി സമൃദ്ധമായി വളരും. ഇവ ഉപയോഗിച്ച് എണ്ണ കാച്ചിത്തേക്കുന്നതും ഗുണം ചെയ്യും. മുട്ടയുടെ മഞ്ഞക്കരുവും കറ്റാർ വാഴപ്പോള അരച്ചെടുത്തതും സമം ചേർത്ത് തലയിൽ പുരട്ടിയാൽ തലമുടിക്കു തിളക്കമേറും.

തയാറാക്കിയത്: രമ്യ