കൈ നീട്ടാതെ ജീവിച്ച ഉനൈറിന് മലയാളികളുടെ സ്നേഹസമ്മാനം; അക്കൗണ്ടിലെത്തിയത് 50 ലക്ഷം

‘പടച്ചോൻ കയ്യും കാലും തന്നിരിക്കുന്നത് ആരുടെ മുന്നിലും കൈ നീട്ടാനല്ല. പണിയെടുത്ത് ജീവിക്കാനല്ലേ’ നൂറ് രൂപ വച്ചുനീട്ടിയ യുവാവിനോട് ഇങ്ങനെ പറഞ്ഞ് ഉനൈർ നടന്നുകയറിയത് മലയാളിയുടെ ഹൃദയത്തിലേക്കാണ്. സോഷ്യൽ ലോകത്ത് വൈറലായ ആ വി‍‍ഡിയോയ്ക്കു പിന്നാലെ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്കു മലയാളികള്‍ അയച്ചത് 50 ലക്ഷം രൂപ. ഇതിൽ 20 ലക്ഷം രൂപ കഷ്ടത അനുഭവിക്കുന്നവർക്കായി മാറ്റി വച്ചിരിക്കുകയാണ് ഉനൈർ. ബാക്കി പണം കാൻസർ രോഗിയായ ഉമ്മയുടെ ചികിൽസയ്ക്കും ഒരു വീട് െവയ്ക്കാനും.

രണ്ടു ചെറുപ്പക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഉനെർ എന്ന യുവാവിന്റെ ജീവിതം ലോകത്തിനു മുന്നിലെത്തിച്ചു. കൈയ്ക്കും  കാലിനും സ്വാധീനം കുറവാണ്. കാഴ്ച 50 ശതമാനത്തിൽ താഴെ മാത്രം. ഒരു ഉൗന്നുവടിയുടെ സഹായത്തോടെ ഇൗ മനുഷ്യൻ ദിവസം കയ്യിൽ പപ്പടക്കെട്ടുമായി പത്തുകിലോമീറ്ററോളം നടക്കും. ദിവസം ഒരു മുന്നൂറ് രൂപ വരെ കിട്ടും. എന്നാൽ ചെലവു കഴിഞ്ഞ് ഒന്നും മിച്ചം പിടിക്കാൻ ഉണ്ടാവില്ല. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഉനൈർ. 

മുൻപ് ഉമ്മ ജോലിയ്ക്കു പോയിരുന്നു. എന്നാൽ ഇപ്പോൾ കാൻസറിനു ചികിത്സയിലാണ്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ സമയത്ത് ആരോടെങ്കിലും സഹായം ചോദിച്ചുകൂടെ എന്നു ചോദിച്ച യുവാക്കളോട് അന്ന് ഉനെറിന്റെ ഇങ്ങനെ മറുപടി നൽകിയത്. ‘പടച്ചോൻ നമുക്ക് കയ്യും കാലും ഒക്കെ തന്നില്ലേ. പിന്നെ എങ്ങനെ മറ്റൊരു മനുഷ്യനോട് ചോദിക്കുന്നേ. അത് ഒരു രണ്ടാം നമ്പറല്ലേ. എന്റെ കയ്യും കാലും കൊണ്ട് നന്നായി ജീവിക്കുകയാണ്..’

പരിമിതികളുടെ ഇൗ അവസ്ഥയിലും ചിരിച്ച് കൊണ്ട് തനിക്ക് ഒരു സഹായവും േവണ്ടെന്ന് പറയാനുള്ള മനസ്സിനു കരുത്താകുകയായിരുന്നു മലയാളികൾ. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഉനൈറിനു സഹായം പ്രവഹിച്ചു. സുശാന്ത് നിലമ്പൂരാണു സമൂഹമാധ്യമത്തിലൂടെ ഉനൈറിനു ലഭിച്ച കൈതാങ്ങിനെക്കുറിച്ചു വിവരം പങ്കുവെച്ചത്.