പങ്കാളിയെ കളിയാക്കാറുണ്ടോ? ഇതാ ഒരു സന്തോഷ വാർത്ത!

നിങ്ങൾ പങ്കാളിയെ കളിയാക്കാറുണ്ടോ?. കളിയാക്കുക, ശുണ്ഠി പിടിപ്പിച്ച് സോറി പറയുക, രണ്ടു പേരും ചിരിക്കുക. അങ്ങനെയാണെങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാര്‍ത്ത. ഇങ്ങനെ തമാശ കണ്ടെത്തി ചിരിക്കുന്ന പങ്കാളികൾ തമ്മിലുള്ള ബന്ധം ശക്തമായിരിക്കുമെന്നും ദീർഘകാലം ഒരുമിച്ചു ജീവിക്കും എന്നുമാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. 

എന്നാൽ മാനസികമായ തളർത്തുന്നതും വിദ്വേഷം ജനിപ്പിക്കുന്ന ആക്രമണ സ്വഭാവമുളള തമാശകളാണ് പങ്കുവെയ്ക്കുന്നതെങ്കിൽ ബന്ധത്തിലെ  പ്രശ്നങ്ങളാണു വെളിപ്പെടുന്നതെന്നും പഠനത്തിൽ പറയുന്നു. കൻസാസ് സർവകലാശാലയിലെ അസോസിയറ്റ് പ്രഫസർ ജെഫ്രി ഹാളാണു പുതിയ പഠനത്തിലൂടെ ലഭ്യമായ നിഗമനങ്ങൾ പങ്കുവെച്ചത്.

പ്രണയിനികൾക്കിടയിലെ  കുട്ടിത്തം വിടാത്ത പെരുമാറ്റം ബന്ധം ശക്തമാക്കുന്നതിനൊപ്പം സുരക്ഷയും അനുഭവപ്പെടാൻ കാരണമാകുമെന്ന് ഇദ്ദേഹം പറയുന്നു. ഹാളിന്റെ നേതൃത്വത്തിലുള്ള സംഘം 1,50,000 പങ്കാളികളിൽ നിന്നാണു പഠനത്തിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിച്ചത്.

എപ്പോഴും തമാശ പറഞ്ഞു കൊണ്ടിരിക്കുന്നവർക്കോ, ചിരിച്ചുകൊണ്ടിരിക്കുന്നവർക്കോ പ്രണയത്തിൽ ശോഭിക്കാനാകും എന്നല്ല ഇതിന്റെ അർഥം. പങ്കാളിയോടൊപ്പമിരിക്കുമ്പോൾ ഇരുവരും ആസ്വദിക്കുന്ന തരത്തിലുള്ള തമാശകളും കളിയാക്കലുകളുമാണ് ആവശ്യം. ദമ്പതികൾ ഒരുപാട് ദൂരേക്കു പോകുന്നത് ബന്ധത്തിനു നല്ലതല്ലെന്ന മുന്നറിയിപ്പും ജെഫ്രി ഹാൾ നൽകുന്നു.