ശ്രീശാന്തിനെ പരാജയപ്പെടുത്തി, ദീപികയ്ക്കെതിരെ ആസിഡ് ആക്രമണ ഭീഷണി

സൽമാൻഖാൻ അവതാരകനായി എത്തിയ ഹിന്ദി റിയാലിറ്റി ഷോയിൽ വിജയിയായ സീരിയൽ താരം ദീപിക കാക്കറിനെതിരെ ആഡിഡ് ആക്രമണ ഭീഷണിയുമായി ശ്രീശാന്ത് ആരാധകൻ. മുംബൈയിൽ എത്തിയാൽ ദീപികയുടെ മുഖം ആഡിഡ് ഒഴിച്ചു വികൃതമാക്കും എന്നാണു ശ്രീശാന്ത് ആരാധകൻ എന്നവകാശപ്പെടുന്നയാൾ ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയത്. ഷോയിലെ വിജയി ആകാൻ ദീപികയ്ക്ക് അർഹതയില്ലെന്നും ശ്രീശാന്താണ് യഥാർഥ വിജയി എന്നുമാണ് ഇയാളുടെ നിലപാട്.  

ഇതിനെതിരെ ദീപികയുടെ ആരാധകരും രംഗത്തെത്തി. ഇയാളെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ഇയാളുടെ ട്വീറ്റ് ഇവർ പങ്കുവെച്ചിട്ടുണ്ട്. തനിക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നു ദീപികയും ട്വീറ്റ് ചെയ്തു. 

റിയാലിറ്റി ഷോ അവസാനിച്ചിട്ടും സമൂഹമാധ്യമങ്ങളിൽ വാക് പോര് തുടരുകയാണ്. ദീപികയും ശ്രീശാന്തും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ശ്രീശാന്തിനെ പിന്തള്ളി ദീപിക വിജയിച്ചു. ഇതോടെ ആരോപണങ്ങളുമായി ശ്രീശാന്തിന്റെ ആരാധകരും മാനേജർ റോണിതയും രംഗത്തെത്തി. ശ്രീശാന്തിനെ മനഃപൂർ‌വം തോൽപ്പിച്ചു എന്നാണ് ഇവരുടെ ആരോപണം. ദീപികയെ വിജയിയായി തിരഞ്ഞെടുത്തതിനു പിന്നാലെ തന്റെ ആരാധകൻ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായി ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. 

‘‘പ്രേക്ഷകരുടെ ഹൃദയം കീഴടക്കാതെ ഒരു ഷോയിൽ വിജയിച്ചിട്ട് എന്തു കാര്യം?  നിങ്ങളോടു പക്ഷാപാതം ഉണ്ടെന്നറിഞ്ഞ് ഒരു ഷോയിൽ പങ്കെടുക്കുന്നതിന്റെ അർഥമെന്ത്! ആകർഷണവും അർഹതയും ഇല്ലാത്ത മോശം മത്സരാർഥിയായിരുന്നു ദീപിക.’’– ഇതായിരുന്നു റോണിതയുടെ ട്വീറ്റ്. ഇതിനെല്ലാം പിന്നാലെയാണു കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി ദീപികയ്ക്കെതിരെ ആസിഡ് ആക്രമണ ഭീഷണി ഉയരുന്നത്.