നിക്കോണ്‍ മിറര്‍ലെസ് ക്യാമറ ഇറങ്ങുന്നത് ഓഗസ്റ്റ് 23ന്

മിറര്‍ലെസ് ക്യാമറ ഉടന്‍ ഇറങ്ങുമെന്നു പ്രഖ്യാപിച്ച ശേഷം അവര്‍ അതിനായി ഒരു പ്രത്യേക വെബ്‌സൈറ്റും തുടങ്ങി. ഇവിടെ ഒരു കൗണ്ട് ഡൗണ്‍ ആണ് കാണാവുന്നത്. ക്യാമറയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തങ്ങള്‍ മിറര്‍ലെസ് യുഗത്തിലേക്കു പ്രവേശിക്കുമ്പോള്‍ ക്യാമറയ്‌ക്കൊപ്പം, ഇപ്പോള്‍ നിലവിലുള്ള നിക്കോണ്‍ F മൗണ്ട് DSLR ലെന്‍സുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ആധുനിക അഡാപ്റ്ററും ഇറക്കുമെന്നു മാത്രമാണ് കമ്പനി ഉറപ്പിച്ചു പറഞ്ഞിട്ടുള്ളത്. 

നിക്കോണ്‍ തുടക്കം മുതല്‍ക്ക് F മൗണ്ടാണ് തങ്ങളുടെ SLR/DSLR ക്യാമറകളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, മിറര്‍ലെസ് ക്യാമറയ്ക്ക് പുതിയ മൗണ്ടായിരിക്കും. (അതിന്റെ പേര് Z എന്നായിരിക്കാന്‍ സാധ്യത കാണുന്നു.) DSLR ക്യാമറകളെ പോലെയല്ലാതെ മിറര്‍ലെസ് ക്യാമറകള്‍ക്ക് മിറര്‍ ബോക്‌സ് ഉണ്ടായിരിക്കില്ല. അതുകൊണ്ട് നിലവിലുള്ള ലെന്‍സുകള്‍ പുതിയ മൗണ്ടില്‍ പിടിപ്പിക്കാനാവില്ല. അതിനാണ് അഡാപ്റ്റര്‍. DSLR ലെന്‍സുകള്‍ പുതിയ ക്യാമറയിലും നല്ല പ്രകടനം കാഴ്ചവയ്ക്കുമെങ്കിലും കാലക്രമേണ നിക്കോണ്‍ എല്ലാത്തരം ലെന്‍സുകളും Z മൗണ്ടിനു വേണ്ടി നിര്‍മിച്ചിറക്കും. അവയായയിരിക്കും ഈ സിസ്റ്റത്തില്‍ മികച്ച പ്രകടനം നടത്തുക. അവയെല്ലാം ഒറ്റയടിക്ക് നിര്‍മിക്കാന്‍ കമ്പനിക്കാകാത്തതു കൊണ്ടാണ് പുതിയ അഡാപ്റ്റര്‍. കൂടാതെ ലെന്‍സ് വാങ്ങിക്കാതെ ബോഡി മാത്രം വാങ്ങി, തങ്ങളുടെ കയ്യിലുള്ള ലെന്‍സും അഡാപ്റ്ററും ഉപയോഗിച്ച് നിക്കോണ്‍ DSLR ഉപയോക്താക്കള്‍ക്ക് പുതിയ ക്യാമറയുടെ മികവു പരിശോധിക്കുകയും ചെയ്യാം.

പുതിയ ക്യാമറയ്‌ക്കൊപ്പം ഒരു പ്രധാന ലെന്‍സ് എത്തുമെന്നു കരുതുന്നു- 24-70, f/4 ലെന്‍സായിരിക്കും അതെന്നു കരുതുന്നു. രണ്ടോ അതില്‍ കൂടുതല്‍ പ്രൈം ലെന്‍സുകളും 23-ാം തിയതി ഇറക്കിയേക്കാം. ചിലര്‍ പറയുന്നത് രണ്ടു ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകളാണ് നിക്കോണ്‍ ഇറക്കുന്നതെന്നാണ്. അങ്ങനെയാണെങ്കില്‍ അത് സോണി A7 സീരിസ്, A7R സീരിസുകളുടെ ചുവടു പിടിച്ച് ഒരു ഹൈ റെസലൂഷന്‍ (45MP അല്ലെങ്കില്‍ 48MP) ക്യാമറയും മീഡിയം റെസലൂഷന്‍ (24/25MP) ക്യാമറയും ആയേക്കാം. അതല്ല, ഒരു ക്യാമറയും ലെന്‍സും ആദ്യം ഇറക്കിയിട്ട്, പ്രതികരണങ്ങള്‍ കണ്ടശേഷം അടുത്ത ക്യാമറ ഇറക്കാനുള്ള സാധ്യതയുമുണ്ട്. പ്രധാന ഫീച്ചറുകളായി 4K വിഡിയോ റെക്കോഡിങ്, മെച്ചപ്പെട്ട ഫോക്കസിങ് സ്പീഡ്, ബോഡിയിലുള്ള ഇമേജ് സ്റ്റബിലൈസേഷന്‍ തുടങ്ങിയവയായിരിക്കും. 

DSLRകളെക്കാള്‍ വലുപ്പം കുറവായിരിക്കും എന്നതാണ് കാഴ്ചയിലുള്ള ഏറ്റവും വലിയ പ്രത്യേകത. DSLR ലെന്‍സുകള്‍ ഉപയോഗിക്കുമ്പോഴുള്ള പ്രധാന പ്രശ്‌നം ക്യാമറ ബോഡിയും ലെന്‍സും തമ്മിലുള്ള ബാലന്‍സ് ശരിയാവില്ല എന്നതായിരിക്കും. വിലയെക്കുറിച്ച് പല അഭ്യുഹങ്ങളുമുണ്ട്. കിറ്റ് ലെന്‍സുമായി വാങ്ങിയാല്‍ കുറഞ്ഞ ബോഡിക്ക് ഏകദേശം 2,500-3,000 ഡോളറായിരിക്കാം വില. കൂടിയ മോഡലിന് 4,000 ഡോളറോ അതില്‍ കൂടുതലോ വില നല്‍കേണ്ടിവന്നേക്കാം. 

നിക്കോണിന്റെ ആദ്യ ഗൗരവമുള്ള മിറര്‍ലെസ് ക്യാമറ APS-C സെന്‍സറുള്ളതാകാനുള്ള സാധ്യത കുറവാണെന്നാണ് വിശ്വാസം. എന്നാല്‍ അത്തരം ഒരു പരീക്ഷണം നിക്കോണ്‍ നടത്തിക്കൂടായ്കയും ഇല്ല. ഒരു പക്ഷേ കമ്പനി ഒരു APS-C മിറര്‍ലെസ് ക്യാമറ നിര്‍മിച്ചേക്കുകയേ ഇല്ലെന്നു വിശ്വസിക്കുന്നവരുമുണ്ട്. ഇതൊക്കെയാണെങ്കിലും, തങ്ങള്‍ DSLR നിര്‍മാണം നിറുത്തില്ലെന്നാണ് കമ്പനി ഉപയോക്താക്കളോടു പറഞ്ഞിരിക്കുന്നത്. പക്ഷേ, ഭാവിയില്‍ DSLR നിര്‍മാണം കുറയുകയും അവയ്ക്കു വില കൂടുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. ക്യാനനും ഉടനെ തങ്ങളുടെ ആദ്യ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറയുമായി എത്തുമെന്നാണ് കേള്‍ക്കുന്നത്. അവരുടെ ക്യാമറ 2019ല്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്.