'ഉളളില്‍ നിന്ന് ബുദ്ധി': കാണാനിരിക്കുന്നത് സാംസങ് സ്മാർട് ഫോൺ വിപ്ലവം

കഴിഞ്ഞയാഴ്ചയിലെ ടെക് വാര്‍ത്തകളില്‍ സാംസങ് സജീവമായിരുന്നു. ആദ്യ മടക്കാവുന്ന ഫോണ്‍ https://bit.ly/2DxxOAQ മുതല്‍ വരും കാലത്ത് വിലകുറഞ്ഞ ഗ്യാലക്‌സി A സീരിസിലെ ഫോണുകള്‍ക്ക് എല്‍സിഡി ഡിസ്‌പ്ലെ ആയിരിക്കും  എന്നതു വരെ പല വാര്‍ത്തകളും പ്രമുഖ ടെക് വെബ്സൈറ്റുകളില്‍ വന്നിരുന്നു. എന്തായാലും പുതിയ വാര്‍ത്ത പറയുന്നത് അടുത്തയാഴ്ച അവര്‍ ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ പ്രൊസസര്‍ പുറത്തിറക്കുമെന്നാണ്. ആപ്പിളും, വാവെയുമാണ് സ്വന്തമായി പ്രൊസസര്‍ നിര്‍മിക്കുന്ന രണ്ടു കമ്പനികള്‍. സാംസങ് ഇറക്കുന്നത് അവരുടെ എക്‌സിനോസ് (Exynos) ബ്രാന്‍ഡ് നെയ്‌മോടു കൂടിയ പ്രൊസസറാണ്. അടുത്ത വര്‍ഷത്തെ ഏറ്റവും ഉജ്ജ്വലമായ പ്രൊസസറുകളുടെ കൂട്ടത്തിലായിരിക്കും ഇതിന്റെ സ്ഥാനം. ട്വിറ്ററിലെ എക്‌സിനോസ് അക്കൗണ്ടില്‍ നിന്നാണ് സാംസങ് ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചത്. നവംബര്‍ 14നാണ് പുതിയ പ്രൊസസർ പുറത്തിറക്കുന്നത്. 'ഉളളില്‍ നിന്ന് ബുദ്ധി' (Intelligence from within) എന്നാണ് പ്രൊസസറിനുള്ള ടാഗ്‌ലൈന്‍ നല്‍കിയിരിക്കുന്നത്.

അടുത്ത വര്‍ഷത്തെ മികച്ച സാംസങ് ഹാന്‍ഡ്‌സെറ്റുകളായ ഗ്യാലക്‌സി S10, പുറത്തിറങ്ങിയേക്കാവുന്ന മടക്കാവുന്ന ഫോണ്‍ തുടങ്ങി ഫോണുകള്‍ക്ക് ഇതായരിക്കും പ്രൊസസര്‍. ഇപ്പോഴുള്ള സാംസങ്ങിന്റെ മികച്ച ഫോണുകളുടെ പ്രൊസസര്‍ എക്‌സിനോസ് 9810 ആണ്. പുതിയ ചിപ്പിന്റെ പേര് എക്‌സിനോസ് 9820 എന്നായിരിക്കാനാണ് സാധ്യത. ഇത് 7nm പ്രൊസസിനെ അസ്പദമാക്കിയായിരിക്കാം നിര്‍മിച്ചിരിക്കുക. ആപ്പിളിന്റെ A12 ബയോണിക് ചിപ്പും വാവെയുടെ കിരിന്‍ 980 ചിപ്പും അങ്ങനെയാണ് നിര്‍മിച്ചിരിക്കുന്നത്.

7nm പ്രൊസസറില്‍ സാംസങ് ഉപയോഗിക്കുന്ന ഇയുവി ലിതോഗ്രാഫി (EUV lithography) ടെക്‌നോളജി ബാറ്ററി വലിക്കുന്നതില്‍ 50 ശതമാനം കുറവു വരുത്തുമെന്നും അതോടൊപ്പം മുന്‍ തലമുറയിലെ പ്രൊസസറിനെക്കാള്‍ 20 ശതമാനം ശക്തി കൂടുതല്‍ നല്‍കുമെന്നും കരുതുന്നു. ഇത് സാംസങ്ങിന്റെ, ബാറ്ററി ശക്തി ഇല്ലാതാക്കുന്ന ഓലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലെകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഗുണകരമാകാം. മടക്കാവുന്ന ഫോണിനു വേണ്ടി പരിഗണിക്കുന്ന ഡിസ്‌പ്ലെ ടെക്‌നോളജിയും ബാറ്ററി തീർക്കുന്ന വലിയൊരു പ്രശ്നമാണെന്ന് പറയപ്പെടുന്നു. ഇതെല്ലാം പുതിയ എക്‌സിനോസ് പ്രൊസസര്‍ നിയന്ത്രിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവും പുതിയ പ്രൊസസറിന് ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. ഇരട്ട കോര്‍ ന്യൂറല്‍ പ്രൊസസിങ് യൂണിറ്റും ഇതിന്റെ മികവുകളിൽ ഒന്നായിരിക്കുമെന്നാണ് മുന്‍ അഭ്യൂഹങ്ങള്‍ പറയുന്നത്. സങ്കീര്‍ണ്ണമായ എഐ, മെഷീന്‍ ലേണിങ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിധമായിരിക്കുമിത് ഉണ്ടാക്കുക. ഇതിന്റെ മറ്റൊരു പ്രധാന ഫീച്ചര്‍ 5ജി മോഡം ആയിരിക്കുമെന്നും കരുതുന്നു. സാംസങ് എക്‌സിനോസ് 5100 മോഡവും ഉണ്ടാക്കുന്നുണ്ടെന്നു പറയുന്നു. അടുത്ത വര്‍ഷം ഇറങ്ങുന്ന ഗ്യാലക്‌സി S10 പോലെയുളള ഫോണുകള്‍ക്ക് 5G ഉള്ളതും ഇല്ലാത്തതുമായ രണ്ടു വേരിയന്റുകള്‍ ഇറക്കിയേക്കുമെന്നു പറയുന്നു. തങ്ങളുടെ സ്വന്തം പ്രൊസസര്‍ കൂടാതെ ക്വാല്‍കമിന്റെ പ്രോസസറുകളും സാംസങ് ഉപയോഗിക്കാറുണ്ട്.