ഐഫോണ്‍ X പൊട്ടിത്തെറിച്ചു, ചിത്രങ്ങളുമായി ട്വീറ്റ്; സംഭവിക്കില്ലെന്ന് ആപ്പിൾ

ഐഒഎസ് 12.1 ലേക്ക് അപ്‌ഡ്രേഡു ചെയ്യുന്നതിനിടെ ഐഫോണ്‍ X പൊട്ടിത്തെറിച്ചെന്ന് റോക്കി മുഹമ്മദാലി (Rocky Mohamadali) എന്ന ഉപയോക്താവ് ട്വിറ്ററില്‍ അവകാശപ്പെട്ടു. ഐഫോണ്‍ X എന്ന് തോന്നിപ്പിക്കുന്ന, തകര്‍ന്ന ഫോണിന്റെ ചിത്രങ്ങളും മുഹമ്മദാലി ((@rocky_mohamad) ) പോസ്റ്റു ചെയ്തിട്ടുണ്ട്.

അതു തീര്‍ച്ചയായും സംഭവിക്കാന്‍ സാധ്യതയുള്ള കാര്യമല്ല. ഫോണിന് എന്താണു സംഭവിച്ചതെന്നു കണ്ടുപിടിക്കാന്‍ താങ്കളോടൊപ്പം ഞങ്ങളും കൂടാമെന്നാണ് ആപ്പിള്‍ ഈ ട്വീറ്റിന് മറുപടിയായി പറഞ്ഞത്. പത്തു മാസം മുൻപു വാങ്ങിയ ഐഫോണ്‍ X, ഐഒഎസ് 12.1 ലേക്ക് അപ്‌ഗ്രേഡു ചെയ്യുന്നതിനിടെ ചാര്‍ജറില്‍ വച്ചിരിക്കുകയായിരുന്നു. അപ്‌ഡേറ്റ് തീര്‍ന്ന ശേഷം ഓണായി വന്നപ്പോള്‍ ഫോണിൽ നിന്ന് ചാരനിറത്തിലുള്ള പുക പുറത്തുവന്നുവെന്നും തുടര്‍ന്ന് ഫോണിന് തീ പിടിച്ചു പൊട്ടിത്തെറിച്ചെന്നുമാണ് ഉപയോക്താവ് അവകാശപ്പെടുന്നത്.

അവകാശവാദത്തിലേക്കു കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ ശ്രമിച്ച റിപ്പോര്‍ട്ടര്‍മാര്‍ക്കു മനസ്സിലായത് ഉപയോക്താവ് എവിടെയുള്ള വ്യക്തിയാണെന്ന് തീര്‍ച്ചയാക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. വാഷിങ്ടണിലുള്ള ഫെഡറല്‍ വേയില്‍ (Federal Way) ആണ് താനുള്ളതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് പറയുന്നത് അത് സിറിയ കേന്ദ്രമായ ഒന്നാണെന്നാണ്. അതുകൊണ്ട് ആരോപണത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് അത്ര ഉറപ്പില്ലെന്നും വാദമുണ്ട്.

താന്‍ ഫോണിനൊപ്പം കിട്ടിയ ലൈറ്റ്‌നിങ് അഡാപ്റ്റര്‍ കേബിളും വാള്‍ ചാര്‍ജറുമായിരുന്നു പൊട്ടിത്തെറിച്ച സമയത്ത് ഉപയോഗിച്ചതെന്നും മുഹമ്മദാലി അവകാശപ്പെടുന്നു. ഇതുവരെ ഐഫോണ്‍ X ചാര്‍ജിങ് സമയത്തോ മറ്റേതെങ്കിലും നേരത്തോ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളില്ല.

എന്നാല്‍, പല കാരണങ്ങളാല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാം. ബാറ്ററിയിലേക്ക് ഏതെങ്കിലും രീതിയില്‍ വെള്ളം പ്രവേശിച്ചാൽ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. ബാറ്ററിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം ഉണ്ടെങ്കിലും പൊട്ടിത്തെറിക്കാം. ആപ്പിളിന്റെ ഫോണ്‍ നിർമാണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാനായി പുറത്തിറക്കിയ അഭിമാന മോഡലാണ് ഐഫോണ്‍ X.