2018ൽ വിപണിയിലെത്തിയ ഏറ്റവും മികച്ച 5 സ്മാർട് ഫോണുകൾ

ആപ്പിൾ ഐഫോൺ XR

മൂന്ന് ഐഫോൺ മോഡലുകളാണ് ഈ വർഷം ആപ്പിൾ പുറത്തിറക്കിയത്. ഐഫോൺ 10എസ്, ഐഫോൺ 10എസ് മാക്സ് എന്നീ മോ‍ഡലുകളാണ് വിലയിലും പ്രീമിയം ഗാജറ്റ് പരിവേഷത്തിലും മുന്നിൽ നിൽക്കുന്നതെങ്കിലും വിപണി കൈനീട്ടി സ്വീകരിച്ചതും നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റിയതിം താരതമ്യേന വില കുറഞ്ഞ ഐഫോൺ 10ആർ എന്ന മോഡലാണ്. മറ്റു രണ്ടു മോഡലുകളിലുമുള്ള ചില സവിശേഷതകൾ ഐഫോൺ 10ആറിൽ ഇല്ല എന്നിരിക്കെയാണ് ഈ മോഡൽ ഈ വർഷത്തെ മികച്ച ആപ്പിൾ സ്മാർട്ഫോൺ എന്ന മികവു നേടുന്നത്. മികച്ച ക്യാമറ, വേഗമേറിയ പെർഫോമൻസ്, മെച്ചപ്പെട്ട ബാറ്ററി ലൈഫ്, ദൃശ്യചാരുതയുള്ള ഡിസ്പ്ലേ, ഫെയ്സ് ഐഡി തുടങ്ങിയവയിലാണ് ഐഫോൺ 10ആറിന്റെ മികവ്.

ഗൂഗിൾ പിക്സൽ 3

ആദ്യ പതിപ്പു മുതൽ ആൻഡ്രോയ്ഡ് ഉപയോക്താക്കളുടെ ഐഫോൺ എന്ന മട്ടിലാണ് ഗൂഗിൾ പിക്സലിന്റെ വളർച്ച പിക്സൽ 3 ആയപ്പോഴേക്കും മൽസരം ആപ്പിളും ഗൂഗിളും എന്നതിനെക്കാൾ ഐഒഎസും ആൻഡ്രോയ്ഡും തമ്മിൽ എന്ന മട്ടിലായിട്ടുണ്ട്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കരുത്തും ഗൂഗിൾ അസിസ്റ്റന്റിന്റെയും നിർമിതബുദ്ധിയുടെയും മികവും അറിയാൻ പിക്സൽ 3 തന്നെ ഉപയോഗിക്കണം. മറ്റു ഫോണുകൾ 3 ക്യാമറ വരെ ഉപയോഗിച്ച് ക്യാമറ മൊഡ്യൂളിനു മികവു വർധിപ്പിച്ചപ്പോൾ പിക്സൽ ഒറ്റ ക്യാമറയിൽ നിർമിതബുദ്ധിയുടെ മികവോടെ ചിത്രങ്ങളെ മനോഹരമാക്കുന്നു. മറ്റു സവിശേഷതകളിലും പിക്സൽ 3 മുന്നിൽത്തന്നെ.

സാംസങ് ഗ്യാലക്സി നോട്ട് 9

ഐഫോൺ 10ആറും പിക്സൽ 3യും പ്രത്യേക വിഭാഗത്തിലുള്ള ഉപയോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ എല്ലാവർക്കും വേണ്ടിയുള്ള എല്ലാം തികഞ്ഞ സ്മാർട്ഫോൺ ആണ് സാംസങ് ഗ്യാലക്സി നോട്ട് 9. അപാരമായ ബാറ്ററി ബായ്ക്ക്പ്, 128 ജിബി ഇന്റേണൽ മെമ്മറി, 6.4 ഇഞ്ച് സ്ക്രീൻ, മികച്ച പ്രൊസെസ്സർ തുടങ്ങിയവയെല്ലാം ഏതു വിഭാഗത്തിൽപ്പെട്ട ഉപയോക്താവിനും ഏറ്റവും മികച്ച അനുഭവം പകരാൻ വേണ്ടി ഒരുക്കിയിട്ടുള്ളതാണ്. സമ്പൂർണ സ്മാർട്ഫോൺ എന്ന വിശേഷണത്തിന് അർഹമാണ് ഗ്യാലക്സി നോട്ട് 9. കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഏറ്റവും മികച്ച സാംസങ് സ്മാർട്ഫോണും ഇതുതന്നെ.

മോട്ടോ ജി6

മോട്ടോ എന്ന പേര് തിരികെപ്പിടിച്ചെത്തിയ മോട്ടറോളയുടെ മോട്ടോ ജി6 ബജറ്റ് നിരയിലെ ഏറ്റവും മികച്ച ഫോൺ ആണ്. ബജറ്റ് നിരയിൽ ഇത്രയേറെ മികവുകളുള്ള മറ്റു ഫോണുകൾ വിരളം. ഡ്യുവൽ റിയർ ക്യാമറ, പോർട്രെയ്റ്റ് മോഡ്, സ്ലിം ഡിസൈൻ, വൺ ഹാൻഡഡ് മോഡ് തുടങ്ങിയവ ശ്രദ്ധേയം. മറ്റു കമ്പനികളുടെ പ്രീമിയം മോഡലുകൾക്ക് ഒരു വെല്ലുവിളിയല്ലെങ്കിലും ബജറ്റ് നിരയിൽ ഏറ്റവും മികച്ചതെല്ലാം ജി6ൽ ഒരുക്കാൻ മോട്ടോ നിർമാതാക്കളായ ലെനോവോ ശ്രദ്ധിച്ചിട്ടുണ്ട്.

വൺ പ്ലസ് 6 T

ഐഫോണിനോടും ഗൂഗിൾ പിക്സലിനോടുമൊക്കെ മൽസരിക്കുന്ന വൺ പ്ലസിന്റെ വിസ്മയമാണ് പുതിയ വൺ പ്ലസ് 6ടി. മികവുകൊണ്ടുള്ള മൽസരത്തെക്കാൾ മികവിൽ വിട്ടുവീഴ്ചയില്ലാതെ തന്നെ വിലക്കുറവുകൊണ്ട് വിപണിയെ കയ്യിലെടുത്ത ഫോണാണ് ഇത്. ഐഫോൺ 10ആറിന്റെ ഏതാണ്ട് പകുതി വിലയ്ക്ക് ലഭിക്കുന്ന ഈ ഫോണിൽ ഐഫോണിലുള്ള മിക്കവാറും എല്ലാ സവിശേഷതകളും ഉണ്ടെന്നതാണ് ശ്രദ്ധേയം. മികച്ച ഫോൺ വലിയ വില നൽകാതെ വാങ്ങാനാഗ്രഹിക്കുന്നവർക്കെല്ലാം 2018ലെ ഏറ്റവും മികച്ച ഫോൺ ഇതാണ്. ക്യാമറ മുതൽ എല്ലാ ഘടകങ്ങളും മികവു പുലർത്തുന്നു എന്നതും ശ്രദ്ധേയം.