10X ലോസ്‌ലെസ് സൂം ക്യാമറയുമായി ഒപ്പോ; തകരുന്നത് മറ്റൊരു റെക്കോർഡ്!

ഗുണമേന്മ നഷ്ടപ്പെടാതെ, 10X വരെ സൂം ചെയ്യാവുന്ന സ്മാര്‍ട് ഫോണ്‍ ക്യാമറ പരിചയപ്പെടുത്തി ടെക് ലോകത്ത് ജിജ്ഞാസ പടര്‍ത്തിയിരിക്കുകയാണ് ചൈനീസ് നിര്‍മാതാവായ ഒപ്പോ. ഇതല്‍പ്പം സാങ്കേതികമല്ലാതെ പറഞ്ഞാല്‍, ഐഫോണുകളില്‍ ഇന്നേവരെ കണ്ടിരിക്കുന്ന ടെലി ലെന്‍സിന് 56mm ആണ് റീച്ച്. ഒപ്പോയുടെ സാങ്കേതിക വിദ്യയുമായി ഫോണ്‍ പുറത്തിറങ്ങിയാല്‍ അതിന് ഏകദേശം 160mm വരെ റീച് കിട്ടും. കൃത്യമായി പറഞ്ഞാല്‍ ഏകദേശം 16-160mm സൂം ഒരു സ്മാര്‍ട് ഫോണില്‍ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഒപ്പൊയുടെ അവകാശവാദം.

അവരുടെ നിര്‍മാണത്തിലിരിക്കുന്ന ഇത്തരമൊരു സ്മാര്‍ട് ഫോണ്‍ കമ്പനി കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിക്കുകയും ഏതാനും സ്ലൈഡുകളുടെ പിന്തുണയോടെ പ്രവര്‍ത്തനം വിശദീകരിച്ചു കാണിക്കുകയും ചെയ്തു. ഫോണിന് അവസരത്തിനൊത്തു ഉയരാനായാല്‍ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലാകാനുള്ള സാധ്യതയുമുണ്ട്. പക്ഷേ, ഈ സാങ്കേതികവിദ്യയുള്ള ഫോണ്‍ എന്ന് വിപണിയിലെത്തുമെന്ന് കമ്പനി പറഞ്ഞിട്ടില്ല.

ചരിത്രം

2017ല്‍ ഒപ്പോ, 5x സൂമുള്ള ഇരട്ട ക്യാമയുള്ള ഒരു സ്മാര്‍ട് ഫോണ്‍ പരിചയപ്പെടുത്തിയിരുന്നു. ഒപ്പോയും കോര്‍ഫോട്ടോണിക്‌സും (CorePhotonics) ചേര്‍ന്ന് നിര്‍മിച്ച ഈ ഫോണില്‍ 90 ഡിഗ്രി ആങ്ഗ്യുലര്‍ പ്രിസത്തിലൂടെ പ്രകാശത്തെ കടത്തിവിട്ട്, ലംബമായി വച്ച, സ്റ്റബിലൈസു ചെയ്ത, ക്യാമറ സെന്‍സറില്‍ പതിപ്പിച്ചാണ് ടെലി റീച്ച് നേടിയത്. ഇത് ഒരു സ്മാര്‍ട് ഫോണിലും ഒപ്പോ ഉപയോഗിച്ചിട്ടില്ല. പക്ഷേ, ഇപ്പോള്‍ ഇതേ സാങ്കേതിക വിദ്യയിലൂടെ ടെലി റീച്ച് ഇരട്ടിപ്പിച്ച് 10X ഹൈബ്രിഡ് സൂം കൊണ്ടുവരാനാണ് ഒപ്പോ ശ്രമിക്കുന്നത്. ഇതു യാഥാര്‍ഥ്യമായാല്‍ സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ സമീപ ഭാവിയില്‍ തന്നെ വന്‍ കുതിപ്പു നടത്തുമെന്നാണ് വിദഗ്ധാഭിപ്രായം. എന്നാല്‍, ടെലി റീച്ചിന്റെ കാര്യത്തില്‍ ഒപ്പോയുടെ അവകാശവാദം തെറ്റിദ്ധാരണാജനകമായേക്കാമെന്നും ചിലര്‍ വാദിക്കുന്നു. മുൻപ് അസൂസ് അവരുടെ സെന്‍ഫോണ്‍ സൂമില്‍ 3X ഒപ്ടിക്കല്‍ സൂം കൊണ്ടുവന്നിരുന്നു. എന്നാല്‍, ഇതിലുപയോഗിച്ച സെന്‍സറിന്റെ ശേഷിക്കുറവായിരിക്കാം, ഫോട്ടോയുടെ മേന്മയുടെ കാര്യത്തില്‍ ഫോണ്‍ ആരുടെയും തന്നെ ശ്രദ്ധ പിടിച്ചുപറ്റിയില്ല.

ഒപ്പോയുടെ ഫോണ്‍ പുറത്തിറങ്ങിയാല്‍ മാത്രമെ ഇത് ഉപകാരപ്രദമാകുമോ എന്ന് പറയാനാകൂ. ചില വിലയിരുത്തലുകള്‍ പ്രകാരം, വെളിച്ചക്കുറവിലും മറ്റും ഇതു നന്നായി പ്രവര്‍ത്തിക്കണമെന്നില്ല. പക്ഷേ, നന്നായാല്‍ ഇത് ക്യാമാറ സൂമിന്റെ കാര്യത്തില്‍ ഒരു വന്‍ മുന്നേറ്റം തന്നെ കുറിക്കുമെന്നും കണക്കാക്കുന്നു. വാവെയ് കമ്പനിയെയും ഷവോമിയെയും പോലെ സ്വന്തം നിലയില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന കമ്പനിയണ് ഒപ്പോയും.

ഫിംഗര്‍പ്രിന്റ് വായിക്കല്‍ മിന്നല്‍ വേഗത്തില്‍

ഒപ്പോയുടെ മറ്റൊരു അവകാശവാദവും ശ്രദ്ധേയമാകുകയാണ്. സ്മാര്‍ട് ഫോണ്‍ സ്‌ക്രീനുകളുടെ ഉള്ളില്‍ പിടിപ്പിച്ച ഫിംഗര്‍പ്രിന്റ് സ്‌കാനറുകള്‍ സാധാരണമാകുകയാണ് ഇപ്പോള്‍. എന്നാല്‍ ഇവയ്ക്ക് താരതമ്യേന വേഗം കുറവാണ്. തങ്ങളുടെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്‌ക്രീനിലുള്ളില്‍ പിടിപ്പിക്കുന്ന ഫിംഗര്‍പ്രിന്റ് സ്‌കാനറുകളുടെ കാര്യപ്രാപ്തി 15 തവണ വര്‍ധിപ്പിക്കാനാകുമെന്നും കമ്പനി പറയുന്നു. വേണ്ടവര്‍ക്ക് രണ്ടു വിരലടയാളങ്ങള്‍ ഒരേ സമയം പരിശോധിക്കാവുന്ന തരത്തിലാണ് ഈ സാങ്കേതികവിദ്യ കൊണ്ടുവരുന്നതെന്ന് അവര്‍ പറയുന്നു. ഇതിലൂടെ സുരക്ഷ ഇരട്ടിപ്പിക്കാമെന്ന് ഒപ്പോ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ഇത് ഒപ്പോയുടെ മാത്രമായിരിക്കില്ല. ഷവോമിയും വലിയ സെന്‍സിങ് സ്ഥലമുള്ള ഒരു ഫോണ്‍ നിര്‍മിക്കുന്നതായി പറഞ്ഞിരുന്നു.