ഹോക്കിങ്ങിന്റെ ആ വലിയ സ്വപ്നം യാഥാർഥ്യമായില്ല, അവസാനം മടങ്ങുന്നു ശൂന്യതയിലേക്ക്

സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു, ബഹിരാകാശ ഗവേഷണും അവിടേക്കുള്ള യാത്രയും. ബഹിരാകാശ യാത്രയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാൻ പോകുന്നതിനിടെയാണ് സ്റ്റീഫന്‍ ഹോക്കിങ് വിടപറഞ്ഞിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് ഹോക്കിങ് തന്നെയാണ് താന്‍ ബഹിരാകാശ യാത്രക്ക് ടിക്കറ്റെടുത്ത് കാത്തിരിക്കുകയാണെന്ന് ലോകത്തെ അറിയിച്ചിരുന്നത്. ഐടിവിയുടെ ഗുഡ്‌മോണിംങ് ബ്രിട്ടന്‍ എന്ന പരിപാടിക്കിടെ ഹോക്കിങ് ആ വെളിപ്പെടുത്തൽ നടത്തുമ്പോൾ ആ മുഖത്ത് വലിയൊരു പ്രതീക്ഷ കാണാമായിരുന്നു‍. രാജ്യാന്തര മാധ്യമങ്ങളെല്ലാം വൻ പ്രധാന്യത്തോടെയാണ് വാർത്ത നൽകിയത്.

തന്റെ ജീവിതത്തിലെ അവസാനത്തെ ലക്ഷ്യമായാണ് സ്റ്റീഫന്‍ ഹോക്കിങ് ബഹിരാകാശ യാത്രയെ വിശേഷിപ്പിച്ചിരുന്നത്. ഇരുപത്തൊന്നാം വയസില്‍ ശരീരത്തെ മുഴുവന്‍ തളര്‍ത്തുന്ന രോഗം (amyotrophic lateral sclerosis ) ബാധിച്ചയാളാണ് അദ്ദേഹം. യന്ത്രസഹായത്തിലാണ് സ്റ്റീഫന്‍ ഹോക്കിങ് സംസാരിക്കുന്നതും ചലിക്കുന്നതുമെല്ലാം.

സ്റ്റീഫന്‍ ഹോക്കിങ്ങിനെക്കുറിച്ച് അറിയേണ്ട 5 കാര്യങ്ങൾ

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ സമ്മാനിച്ചത് മൂന്ന് മക്കളാണെന്ന് ഹോക്കിങ് പറയാറുണ്ടായിരുന്നു, കൂട്ടത്തില്‍ വലിയൊരു സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിന്റെ സന്തോഷം കൂടി അവസാന നാളുകളിൽ പങ്കുവെച്ചിരുന്നു. വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകനും ബ്രിട്ടീഷ് കോടീശ്വരനുമായ റിച്ചാര്‍ഡ് ബ്രാന്‍സനാണ് ഹോക്കിങ്ങിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കാമെന്ന് ഏറ്റിരുന്നത്.

റിച്ചാര്‍ഡ് ബ്രാസന്റെ ബഹിരാകാശ സഞ്ചാര കമ്പനിയാണ് വിര്‍ജിന്‍ ഗാലക്ടിക്. സ്വകാര്യ ബഹിരാകാശ ടൂര്‍ പാക്കേജുകളാണ് ഈ കമ്പനിയുടെ ലക്ഷ്യം. ബഹിരാകാശ യാത്രക്ക് ഒരു ടിക്കറ്റ് നല്‍കാമെന്ന് ബ്രാന്‍സന്‍ പറഞ്ഞപ്പോള്‍ സമ്മതം മൂളാന്‍ തനിക്കൊന്ന് ചിന്തിക്കുക പോലും വേണ്ടി വന്നില്ലെന്നാണ് അന്ന് ഹോക്കിങ് പറഞ്ഞത്. തന്റെ ജീവിതത്തിലെ അടുത്ത സ്വപ്‌നമാണിതെന്നും ഹോക്കിങ് പറയുമായിരുന്നു.

നേരത്തെയും സമാനമായ സാഹസിക പ്രവൃത്തികള്‍ ചെയ്തിട്ടുള്ളയാളാണ് ഹോക്കിങ്. ഭൂഗുരുത്വമില്ലാത്ത അവസ്ഥയില്‍ പറന്ന് നടന്ന് ഹോക്കിങ് ഏവരേയും അമ്പരപ്പിച്ചിട്ടുണ്ട്. എങ്കിലും തന്റെ ഏറ്റവും വലിയ ആഗ്രഹം ബഹിരാകാശ യാത്രയാണെന്ന് ഹോക്കിങ് ആവര്‍ത്തിച്ചു. ഹോക്കിങ്ങിന്റെ ബഹിരാകാശ യാത്രയെക്കുറിച്ച് ബ്രാന്‍സനും കമ്പനിയും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നുമില്ല.