ചൈനീസ് നിലയം ഇടിച്ചിറങ്ങിയത് 27,358 കി.മീറ്റർ വേഗത്തിൽ, ഒഴിവായത് വന്‍ ദുരന്തം

മാസങ്ങളോളം ഗവേഷകരെ ഭീതിയിലാഴ്ത്തിയ ചൈനീസ് ബഹിരാകാശ നിലയം ഭൂമിയുടെ അന്തരീക്ഷത്തിൽ ഇടിച്ചിറങ്ങി താഴേക്ക് എത്തും മുൻപെ കത്തിയമര്‍ന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. ബെയ്ജിങ് സമയം തിങ്കളാഴ്ച രാവിലെ 8.15 നാണ് നിയന്ത്രണം നഷ്ടപ്പെട്ട ടിയാന്‍ഗോങ്-1 ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചത്.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം 27,358 കിലോമീറ്റർ വേഗത്തിലാണ് ടിയാന്‍ഗോങ്-1 ഭൂമിയുടെ അന്തരീക്ഷത്തിൽ ഇടിച്ചിറങ്ങിയത്. ദക്ഷിണ പസിഫിക് സമുദ്രത്തിലെ ദ്വീപായ തഹീതിയുടെ ഭാഗത്ത് വെച്ചാണ് ടിയാന്‍ഗോങ്-1 കത്തിയമർന്നത്. ശേഷിക്കുന്ന ചെറിയ ഭാഗങ്ങൾ ഭൂമിയിലേക്ക് വീഴാനും സാധ്യതയുണ്ട്. ഒൻപത് ടൺ ഭാരമുള്ള ടിയാന്‍ഗോങ്-1 ആൾതാമസമുള്ള സ്ഥലങ്ങളിൽ വീണിരുന്നുവെങ്കിൽ ദുരന്തം സംഭവിച്ചേനെ.

ബ്രസീൽ, അർജന്റീന ഭാഗങ്ങളിൽ വീഴുമെന്നും തിങ്കളാഴ്ച രാവിലെ പ്രവചനമുണ്ടായിരുന്നു. എന്നാൽ മുകളിൽ വെച്ചു തന്നെ ചൈനീസ് നിലയം തീഗോളമായി. ടിയാന്‍ഗോങ്-1 ഇടിച്ചിറങ്ങുന്ന സമയത്ത് ഈ ഭാഗത്ത് വിമാന സർവീസുകളും കുറവായിരുന്നു. മിക്ക രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശ ഏജൻസികളും സംഭവം നിരീക്ഷിച്ചു വരികയായിരുന്നു.