കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കൾ, രാവണന് 24 വിമാനങ്ങൾ; വിവാദമായി ശാസ്ത്ര പ്രസംഗം

നൂറ്റിയാറാമത്തെ ശാസ്ത്ര കോൺഗ്രസും വിവാദങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നു. കഴിഞ്ഞ ശാസ്ത്ര കോൺഗ്രസുകളിൽ സംഭവിച്ചതു പോലെ തന്നെ ഈ വർഷത്തെ ശാസ്ത്ര കോൺഗ്രസിലും പ്രാസംഗികരുടെ മണ്ടത്തരങ്ങൾ കൊണ്ട് സജീവമായി കഴിഞ്ഞു. പഠിച്ച ശാസ്ത്രങ്ങളും ശാസ്ത്രജ്ഞരെയും എല്ലാം മാറ്റിമറിക്കുന്ന പ്രസംഗങ്ങളാണ് വിവധ ഗവേഷകരും പ്രാസംഗികരും നടത്തിയിരിക്കുന്നത്. കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളായിരുന്നെന്നും രാവണനു 24 മോഡൽ വിമാനങ്ങളും സ്വന്തമായി വിമാനങ്ങളും ഉണ്ടായിരുന്നു എന്നാണ് പ്രാസംഗികർ പറഞ്ഞത്.

ഗുരുത്വാകര്‍ഷണ തരംഗമല്ല, മോദി തരംഗമെന്ന് പേരിടണം, ദുരന്തമായി ശാസ്ത്ര കോൺഗ്രസ്

കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളായിരുന്നെന്നും ദശാവതാരങ്ങള്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തേക്കാള്‍ മികച്ചതാണെന്നുമാണ് ബയോടെക്‌നോളജിസ്റ്റും ആന്ധ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ പ്രൊഫ.ജി നാഗേശ്വര റാവു പറഞ്ഞത്. വെള്ളിയാഴ്ചയാണ് ഈ പ്രസംഗം നടന്നത്. ദേശീയ മാധ്യമങ്ങളെല്ലാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സിലെ പുതിയ വിഷയങ്ങളെ കുറിച്ച് വിശദമായി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്രയും ശാസ്ത്ര പുരോഗതി നേടിയിട്ടുള്ള ഇന്ത്യയിലെ പ്രധാന ശാസ്ത്ര കോൺഗ്രസ്സിൽ സംഭവിച്ച ഇത്തരം പ്രസംഗങ്ങൾ നാടിനു അപമാനമെന്നാണ് സോഷ്യൽമീഡിയ കുറ്റപ്പെടുത്തുന്നത്.

രാമയണത്തിലെ രാവണനു 24 മോഡൽ വിമാനങ്ങളും എയർപോർട്ടും ഉണ്ടായിരുന്നുവെന്നും റാവു പറഞ്ഞു. കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് ഇത്തരം പുതിയ വെളിപ്പെടുത്തലുകൾ റാവു നടത്തിയത്. എന്നാൽ വിവാദ പ്രസംഗങ്ങളെപ്പറ്റി അറിയില്ലെന്നാണ് ശാസ്ത്ര കോണ്‍ഗ്രസ് സംഘാടകര്‍ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. എന്നാൽ, പറഞ്ഞതെല്ലാം സത്യമാണെന്നും പ്രസംഗിച്ച കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നാഗേശ്വര റാവു പറഞ്ഞു. ശാസത്രത്തെ ചരിത്രവുമായി ബന്ധിപ്പിക്കാനാണ് ശാസ്ത്ര കോൺഗ്രസ്സിലെ പ്രസംഗം കൊണ്ടു താന്‍ ലക്ഷ്യമിട്ടതെന്നും ചരിത്രപരമായ സത്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്തിയതെന്നും നാഗേശ്വര റാവു പറഞ്ഞു.

ശാസ്ത്ര കോൺഗ്രസ് മന്ത്രിമാർക്കും ഗവേഷകർക്കും മണ്ടത്തരങ്ങൾ വിളിച്ചു കൂവാനുള്ള വേദി?