ചൈന തിരിച്ചടിച്ചു, ആപ്പിളിന് 3.87 ലക്ഷം കോടി നഷ്ടം, കുക്കിന്റെ കത്ത് പുറത്ത്

ചൈനയ്ക്കു നേരെയുള്ള അമേരിക്കയുടെ വ്യാപാര യുദ്ധത്തിൽ ആശങ്കയുണ്ടെന്ന് ആപ്പിൾ കമ്പനി മേധാവി ടിം കുക്കിന്റെ കത്ത് പുറത്തുവന്നതിന് പിന്നാലെ ആപ്പിളിന്റെ ഓഹരി വിപണി തകർന്നു. ചൈനയിൽ ഐഫോൺ വിൽപ്പനയ്ക്ക് നിയന്ത്രണം വന്നതോടെ ആശങ്ക രേഖപ്പെടുത്തിയായിരുന്നു കത്ത്. ചൈനയും അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിൽ ഏറ്റവുമധികം തിരിച്ചടി നേരിടുന്നത് ആപ്പിളിനാണ്. ലോകത്തെ മിക്ക സ്മാർട് ഫോൺ ബ്രാൻഡുകളെ നിയന്ത്രിക്കുന്നത് ചൈനയാണ്. ആപ്പിൾ അമേരിക്കൻ കമ്പനിയാണെങ്കിൽ പോലും ചൈനീസ് വിപണി ഉണർന്നില്ലെങ്കിൽ വൻ തിരിച്ചടിയാണ് നേരിടാറ്.

കഴിഞ്ഞ മാസങ്ങളിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിൽപ്പന കുത്തനെ കുറ‍ഞ്ഞിരുന്നു. ചൈനീസ് വിപണികളിൽ നേരിട്ട വൻ തിരിച്ചടിയാണിതിന് കാരണം. ഐഫോണിലെ ബാറ്ററി പ്രശ്നങ്ങളും ആപ്പിളിന് തലവേദനയായിട്ടുണ്ട്. ആപ്പിൾ നിക്ഷേപകർക്ക് കമ്പനി മേധാവി അയച്ച കത്തിൽ നിരവധി കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ആപ്പിളിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഐഫോണുകൾക്ക് ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്.

ചൈനയ്ക്കു നേരെയുള്ള അമേരിക്കയുടെ വ്യാപാര യുദ്ധത്തിൽ ആശങ്ക വെളിപ്പെടുത്തുന്നതായിരുന്നു കത്ത്. കത്ത് പുറത്തുവന്നതോടെ നിക്ഷേപകർ വെപ്രാളപ്പെട്ട് ഓഹരികൾ വിൽക്കാൻ തുടങ്ങി. ആപ്പിൾ ഓഹരികൾ മണിക്കൂറുകൾക്കുള്ളിൽ എട്ടു ശതമാനമാണ് ഇടിഞ്ഞത്. ഇതിലൂടെ 55 ബില്ല്യൻ ഡോളറാണ് (ഏകദേശം 3.87 ലക്ഷം കോടി രൂപ) നഷ്ടപ്പെട്ടത്.

കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ വരുമാനം 84 ബില്ല്യൻ ഡോളറാണ്. 89 മുതൽ 93 ബില്ല്യൻ ഡോളർ വരെ വരുമാനമാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ വർഷവും ആപ്പിളിന് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുത്തത് ഐഫോണുകൾ തന്നെയാണ്. മൊത്തം വരുമാനത്തിൽ 60 ശതമാനവും ഐഫോൺ വിൽപ്പനയിൽ നിന്നാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആക്ടിവേറ്റ് ചെയ്ത ഐഫോണുകളുടെ എണ്ണം 100 മില്ല്യൻ ആണ്.

MORE IN TECHNOLOGY NEWS