കടം തിരിച്ചടയ്ക്കാത്തവരെ നാണം കെടുത്താനും ചൈനീസ് ടെക്നോളജി

കടം തിരിച്ചടയ്ക്കാത്തവരെ ചൂണ്ടിക്കാട്ടുന്ന ആപ്പും ചൈനയിൽ പുറത്തിറക്കി. ഹെബെയ് (Hebei) പ്രദേശത്തുള്ളവര്‍ക്കാണ് ഈ ആപ് ലഭ്യമാക്കിയിട്ടുള്ളത്. ചൈനയിലെ അതി പ്രശസ്തമായ മെസേജിങ് പ്ലാറ്റ്‌ഫോമായ വീചാറ്റിലൂടെ (WeChat) അക്‌സസു ചെയ്യാവുന്ന ഈ ആപ് ഇന്‍സ്‌റ്റോള്‍ ചെയ്തയാള്‍ പ്രസ്തുത പ്രദേശത്തുകൂടെ നടക്കുമ്പോള്‍, 500 മീറ്ററിനുള്ളില്‍ കടം തിരിച്ചടയ്ക്കാനുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കുറിച്ചുള്ള സൂചന നല്‍കും. കടം തിരിച്ചടയ്ക്കാനുള്ളയാളുടെ കൃത്യമായ ലൊക്കേഷനാണ് ആപ് നല്‍കുക. കടക്കാരനായ വ്യക്തിയുടെ പേര്, ഫോട്ടോ, തിരിച്ചറിയാനുള്ള മറ്റെന്തെങ്കിലും തെളിവുകൾ നല്‍കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. ലൊക്കേഷന്‍ കാണിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സ്ഥിരമായി കടം തിരിച്ചടയ്ക്കാത്തവരെ മാപ് അഥവാ, മാപ് ഓഫ് ഡെഡ്ബീറ്റ് ഡെബ്റ്റേഴ്‌സ് ('map of deadbeat debtors') എന്നാണ് ആപ്പിന്റെ പേരുതന്നെ. എത്ര തുക തിരിച്ചടയ്ക്കാനുണ്ടെങ്കിലാണ് ഒരാളെ ഇത്തരത്തില്‍ നാണം കെടുത്തുന്നത് എന്നതിനെക്കുറിച്ചും ഇപ്പോള്‍ വിവരമില്ല. സർക്കാർ നടത്തുന്ന പത്രമാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഇവര്‍ക്ക് കടം തിരിച്ചറിയാനുള്ള കഴിവുണ്ടോ എന്നത് മനസ്സിലാക്കി ആളുകള്‍ക്ക് തിരിച്ചു റിപ്പോര്‍ട്ടു ചെയ്യാനാണ് ഇതെന്നാണ് പത്രം പറയുന്നത്. എന്നാല്‍, കടക്കാരുടെ ഏതു തരം പെരുമാറ്റം കണ്ടാണ് അവര്‍ക്ക് കടം തിരിച്ചറിയാനുള്ള ശേഷിയുണ്ടോ ഇല്ലയോ എന്നു തിരിച്ചറായാനാകുക എന്നും വ്യക്തമാക്കിയിട്ടില്ല.

സോഷ്യല്‍ ക്രെഡിറ്റ് സിസ്റ്റത്തിന്റെ ഭാഗം

എന്നാല്‍ ഇതുനാണം കെടുത്തല്‍ ലക്ഷ്യമിട്ടിറക്കിയ ആപ് അല്ല മറിച്ച് ഈ സിസ്റ്റം ഒരു ചൈനയുടെ പുതിയ സോഷ്യല്‍ ക്രെഡിറ്റ് സിസ്റ്റത്തിന്റെ ഭാഗമായാണ് അവതിരപ്പിച്ചിരിക്കുന്നത് എന്നാണ് മറുവാദം. ഇത് ഒരു ചൈനീസ് പൗരന്റെ ഫിനാന്‍ഷ്യല്‍ ക്രെഡിറ്റ് സ്‌കോറിന്റെ ഭാഗമായിരിക്കും. 2020 മുതല്‍ ഈ പ്രോഗ്രാം ഒരാള്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടോ ഇല്ലയോ, അയാളുടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളിലെ പെരുമാറ്റം എങ്ങനെ തുടങ്ങിയവയിൽ നിന്ന് അയാളെ വിശ്വസിക്കാവുന്ന പൗരനാണോ എന്നു തിരിച്ചറിയാനുള്ള ശ്രമമാണെന്നാണ് പറയുന്നത്.

ചൈനയില്‍ നിരവധി പേര്‍ക്ക് ഇപ്പോഴും പരമ്പരാഗത ബാങ്കുകളില്‍ ഇടപാടുകള്‍ നടത്താനൊക്കുന്നില്ലെന്ന കാരണത്താലാണ് സോഷ്യല്‍ ക്രെഡിറ്റ് സിസ്റ്റം അവതരിപ്പിച്ചത്. ആളുകള്‍ക്ക് കടം തിരിച്ചടയ്ക്കാൻ, വാടക അടയ്ക്കാൻ, കുട്ടികളെ സ്‌കൂളിലയക്കാൻ കഴിവുണ്ടോ എന്നൊക്കെ മനസ്സിലാക്കാനുള്ള പുതിയ മാര്‍ഗ്ഗമാണ് തേടുന്നതെന്നും പറയുന്നു.