കാടറിഞ്ഞും കനവുണർന്നും

ഇടതൂർന്ന മുളങ്കാടിന്റെ തണൽ നുകരണോ.. ഏതുകാലത്തും വീശിയടിക്കുന്ന കാറ്റിന്റെ കുളിരറിയണോ.. ഇതാ കരിങ്കല്ലത്താണി തൊടുക്കാപ്പ് മയിലാടുംപാറ ഇക്കോ ടൂറിസം കേന്ദ്രം നിങ്ങളെ വിളിക്കുന്നു. കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണ മണ്ണാർക്കാട് റൂട്ടിൽ കരിങ്കല്ലത്താണിയുടെ തൊട്ടടുത്താണീ സുന്ദര ദൃശ്യം. ദേശീയപാതയോട് ചേർന്നാണ് കേന്ദ്രത്തിന്റെ കവാടം.

മുളങ്കാടിന് ഇടയിൽ ചെങ്കല്ല് കൊണ്ടാണ് കെട്ടിയ കെട്ടിടങ്ങൾ. സംസ്ഥാനത്തെ സംരക്ഷിത വന പ്രദേശങ്ങളെ കുറിച്ചുള്ള ഫോട്ടോ ഗാലറി സ്ഥാപിച്ച ഇന്റർപ്രേട്ടെഷൻ സെന്റർ ,വനവിഭവങ്ങൾ ലഭ്യമായ വനവിഭവ കേന്ദ്രം തുടങ്ങിയ സംവിധാനങ്ങളുണ്ട്. വൈകാതെ കുട്ടികളുടെ പാർക്കും ഇക്കോ ടീ ഷോപ്പും വനത്തിനകത്ത് ചെറു കുടിലുകളും ഏറുമാടങ്ങളും ഒരുങ്ങും. മയിലാടും പാറയിലെക്കുള്ള ട്രക്കിങ് പാത കൂടി വകുപ്പ് വിഭാവനം ചെയ്യുന്നുണ്ട്.

കവാടത്തിൽ നിന്നു കാടിനുള്ളിലേക്ക്‌ മയിലാടും പാറയിലേക്കുള്ള വഴി വന്നാൽ കാട്ടുപാതയുടെ വശ്യതയറിയാം. സാഹസികതയുടെ ആഴമളക്കേണ്ടവർക്ക് ഇഷ്ടം പോലെ അവസരം. ചെങ്കുത്തായ പാറയുടെ മുകളിലൂടെയുള്ള യാത്രയിൽ താഴെയുള്ള പ്രദേശങ്ങളുടെ ദൃശ്യം എല്ലാ ക്ഷീണവും തീർക്കും. മുകളിലെത്തിയാൽ മയിലാടും പാറ നിങ്ങളെ സ്വാഗതം ചെയ്യും. സമുദ്ര നിരപ്പിൽ നിന്ന് ആയിരം മീറ്ററിന് അടുത്ത് ഉയരമുള്ള ഇവിടെ കോടയും തണുപ്പും സ്വാഭാവികം. അമ്മിനിക്കാടൻ മലയും എടത്തനാട്ടുകര വനവും അട്ടപ്പാടി കുന്നുകളും ദൂരെ ഒഴുകുന്ന മുറിയങ്കണ്ണിപ്പുഴയും ചെറുകുന്നുകളും എല്ലാം മയിലാടിയിൽ നിന്നുള്ള കാഴ്ചകൾ.

തച്ചനാട്ടുകര പഞ്ചായത്തിൽ ഉൾപ്പെട്ട തൊടുക്കാപ്പ് നിക്ഷിപ്ത വനപ്രദേശത്ത് 2014 ഫെബ്രുവരിയിലാണ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പണി ആരംഭിച്ചത്. തിരുവിഴാംകുന്ന് റേഞ്ചിൽപ്പെട്ട 29 ഏക്കർ വന പ്രദേശത്താണ് പദ്ധതി. മികച്ച ഇക്കോടൂറിസം പദ്ധതിയായി ഇതിനെ മാറ്റിയെടുക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത് . പരിസ്ഥിതിദിനമായ 2017 ജൂൺ അഞ്ചിനാണ് കേന്ദ്രം തുറന്നുകൊടുത്തത്. രാവിലെ മുതൽ വൈകിട്ട് നാലു വരെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച കേന്ദ്രം തുറന്നു പ്രവർത്തിക്കില്ല. തൊടുക്കാപ്പ് വന സംരക്ഷണ സമിതിക്കാണ് പരിപാലന ചുമതല.