മൂന്നാറിലെ ഇരട്ടമരവീടുകൾ

മരംകോച്ചുന്ന തണുപ്പെത്തുന്നതിനുമുൻപ് വട്ടവടയിലെ തട്ടുകൾ കണ്ടുവരാനുള്ള യാത്രയിലാണ് വനംവകുപ്പിലെ സുഹൃത്ത് ആ മരവീടുകളെപ്പറ്റി പറയുന്നത്. ബന്തർ മലയുടെ താഴ്്വരയിൽ, ചോലക്കാടിനോടു ചേർന്ന്, മഞ്ഞുമ്മകളേറ്റ് സഞ്ചാരികളെ കാത്തിരിക്കുന്ന ഇരട്ടവീട്

മൂന്നാറിന്റെ അറിയാക്കാഴ്ചകൾ തേടിയായിരുന്നു അന്നു ഞങ്ങളുടെ സഞ്ചാരം. ടൗൺ വിട്ട്  പഴയ മൂന്നാർ കൊടൈക്കനാൽ പാതയിലേക്ക് സ്റ്റിയറിങ് തിരിച്ചു. മൂന്നാർ-മാട്ടുപ്പെട്ടി-കുണ്ടള- വട്ടവട. ഇതാണു റൂട്ട്.

കുണ്ടള ഡാം കഴിഞ്ഞ് വരുമ്പോൾ  കേരള-തമിഴ്നാട് അതിർത്തിയിലെ വ്യൂപോയിന്റ് ആയ  ടോപ് സ്റ്റേഷനിലെത്താം.  പണ്ട് ഇവിടെയായിരുന്നു ബ്രിട്ടീഷുകാർ നിർമിച്ച  റോപ് വേ ഉണ്ടായിരുന്നത്. അന്നു തമിഴ്നാട്ടിലേക്ക് തേയിലകൊണ്ടുപോകാനായിരുന്നത്രേ റോപ് വേ. ഇപ്പോഴതിന്റെ അവശിഷ്ടങ്ങൾ അവിടെ കാണാം. ചോലക്കാടുകളാൽ പൊതിയപ്പെട്ട സഹ്യപർവതത്തിൽ  മഞ്ഞു തഴുകിയിറങ്ങുന്നതു കണ്ടിരിക്കുക രസകരമാണ്. പറ്റുമെങ്കിൽ അതിരാവിലെ ടോപ് സ്റ്റേഷനിലെത്തുക. പുലരിയാണിവിടുത്തെ ഏറ്റവും നല്ല കാഴ്ചയെന്ന് സുഹൃത്ത്. മലയ്ക്കു താഴെ തമിഴ്നാടാണ്. 

ടോപ്സ്റ്റേഷനിലെ കാഴ്ച കണ്ട് ഇടത്തോട്ടു തിരിയുക. നാം പാമ്പാടുംചോല ദേശീയോദ്യാനത്തിലേക്കു പോവുകയാണ്. കുറച്ചുദൂരം മോശം വഴിയുണ്ട്. ക്ഷമിക്കുക. സ്വർഗത്തിലേക്കുള്ള വഴി ഇടുങ്ങിയതാണെന്നല്ലേ..? കുറച്ചുദൂരം ചെല്ലുമ്പോൾ വനംവകുപ്പ് ഓഫീസ് കാണാം. ചോല നാഷനൽ പാർക്കിലേക്ക് സ്വാഗതമോതുന്ന ബോർഡ്. പാമ്പുകൾ നൃത്തമാടുന്ന ചോല എന്നുതന്നെയാണ് പേര് സൂചിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണിത്.

വലതുവശത്ത് ഇരുളും വെളിച്ചവും  ഇടകലർന്ന് ഒരു കെട്ടിടം. ചാരെ പുൽനാമ്പുകൾ തലനീട്ടി മറച്ചൊരു കാട്ടുപാത. നമുക്കു പോകേണ്ടത് ഇടത്തോട്ടാണ്. ചെക്ക് പോസ്റ്റിൽ വട്ടവടയാണു ലക്ഷ്യമെന്ന് അറിയിച്ചു. 

കാടു തുടങ്ങുകയായി. ടാറിട്ട വഴി ചെറുതെങ്കിലും റബറൈസ്ഡ് ആണ്. പകൽപോലു ഇരുട്ടാണ് റോഡിൽ. വേഗം മുപ്പതിൽത്താഴെ മതി. എപ്പോഴും മൃഗങ്ങൾ കുറുകെച്ചാടാം. പ്രത്യേകിച്ച് നീലഗിരി മാർട്ടെൻ എന്ന അത്യപൂർവ മൃഗം. നീലഗിരി മാർട്ടെന്റെ മിക്ക ചിത്രങ്ങളും പാമ്പാടും ചോലയിൽനിന്നു ലഭിച്ചതാണ്. ഫോട്ടോഗ്രാഫർമാർ ഈ കുഞ്ഞുമൃഗത്തെ ഒന്നു പകർത്താനായി തപസ് ചെയ്യാറുണ്ട്. എന്നാൽ ഈ റോഡിലൂടെ വെറുതേ പോകുന്നവർക്കു മുന്നിൽ ലോട്ടറിയടിച്ചപോലെ മാർട്ടെൻ പ്രത്യക്ഷപ്പെടാറുമുണ്ട്. പിന്നെ പുലി, കടുവ, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങൾ വേറെയും. 

കഥ പറഞ്ഞു കാടുകയറിയോ.. കാടിനിടയ്ക്കുള്ള ഗ്രാൻഡിസ് ‘വനത്തിലൂടെ’ യാണ് റോഡ് കുറച്ചുനേരം. ശേഷം വീണ്ടും തനിക്കാടിലേക്ക്. വിശാലമായ പുൽമേടുകളിൽ കാട്ടുപോത്തുകൾ മേയുന്നുണ്ട്. ഒരാൾ പുല്ലുതിന്നാതെ  ഞങ്ങളെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. വെറുതെയല്ല നിന്നെ പോത്തേ എന്നു വിളിക്കുന്നത് എന്നാരോ കാറിൽനിന്നു കമന്റടിച്ചു. അമ്മയും കുഞ്ഞും കൂടെയുള്ളപ്പോൾ ആ ചങ്ങാതിക്കു മറ്റുള്ളവരെ ശ്രദ്ധിക്കാതെ പറ്റുമോ.. ?

ഇനി വലത്തോട്ടുനോക്കി സഞ്ചരിക്കണം. മരക്കുറ്റികൾക്കുചുറ്റും വച്ചുപിടിപ്പിച്ചപോലെ പുല്ലു വളർന്നിരിക്കുന്നു. റോഡിനിരുവശവും വനംവകുപ്പിന്റെ കെട്ടിടങ്ങളുണ്ട്. ഇത്തിരികൂടി മുന്നോട്ടുപോയാൽ വലതുകാണുന്നതാണ്

വലത്തുവശത്തൊന്നും കാണുന്നില്ലല്ലോ.. ആ മഞ്ഞു മാറട്ടെ. എന്നിട്ടു പറഞ്ഞുതരാം. 

വാഹനം വനംവകുപ്പിന്റെ കെട്ടിടങ്ങളിലൊന്നിനോടു ചേർത്തു നിർത്തി. കുറച്ചുസമയത്തിനുശേഷം മഞ്ഞ് മാറിത്തുടങ്ങി. വമ്പനൊരു മല തെളിഞ്ഞു. ബന്തർ മല എന്നാണിതിനു പേര്. ആ മലയുടെ അടിവാരത്തിൽ അതാ രണ്ടു കൊച്ചുവീടുകൾ. അതാണ് കുറ്റിക്കാട് ലോഗ് ഹൗസ്. ഇന്നു രാത്രി അവിടെ തങ്ങാം. ശരി. വട്ടവട പിന്നൊരു ദിവസത്തേക്കാക്കാം.

ഓൺലൈനിൽ കുറ്റിക്കാട് ലോഗ് ഹൗസ് ബുക്കു ചെയ്ത് ഞങ്ങൾ ഗൈഡുമായി നടക്കാൻ തുടങ്ങി. വാഹനം പാർക്ക് ചെയ്തിടത്തുതന്നെ കിടക്കെട്ട എന്നു കൂട്ടുവന്നയാൾ പറഞ്ഞു. പത്തുമിനിറ്റു മതി കുറ്റിക്കാട്ട് ലോഗ് ഹൗസിലേക്ക് നടന്നെത്താൻ. അട്ടയുണ്ടാകും സൂക്ഷിക്കുക. മനോഹരമായ റോഡിലൂടെ കുറച്ചുദൂരം. പിന്നീട് കാട്ടിലേക്കു കയറാം. ജീപ്പ് പോകുന്ന വഴിയാണ്. പക്ഷേ, നടക്കുകയല്ലേ രസകരം.

ഫോട്ടോഗ്രാഫർ സാംസൺ പി. സാമുവൽ ആണ് മുന്നിൽ നടക്കുന്നത്. കാടിനോടും കാട്ടുവഴികളോടും ഏറെപ്രിയമുള്ള സംഘാംഗം. ചോലക്കാടിനുള്ളിൽനിന്നു പലതരം ശബ്ദങ്ങൾ കേൾക്കുന്നു.

ഇലകളിൽനിന്ന് മഞ്ഞ്, സൂര്യകിരണമേറ്റു വിടപറയാൻ തയാറായി നിൽക്കുകയാണ്. ചില ചങ്ങാതിമാർ ആ മഞ്ഞിലകളിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകൾ കുറിക്കുന്നുണ്ട്.

കാടിനുള്ളിൽനിന്നു ചില മരവിരുതൻമാർ തലയിട്ടുനോക്കുന്നുണ്ട്. അവരുടെ ശരീരം നിറയെ ചെറുപൂപ്പലുകളും മറ്റുചെടികളും പറ്റിപ്പിടിച്ചിരിക്കുന്നു.  ഇവയിലും നനുപ്പുമായി മഞ്ഞ് കഥ പറഞ്ഞിരിപ്പുണ്ട്.

ആ ചെറിയ നടത്തത്തിനുശേഷം ഞങ്ങൾ ടൈലുകൾ പാകിയ മുറ്റത്തേക്കെത്തി. ചെറിയൊരു കുന്നിൻ മുകളിലാണ് മരവീടുകൾ. മുറ്റത്തുനിന്നു നോക്കുമ്പോൾ വട്ടവടയിലേക്കുള്ള റോഡിനു മുകളിൽ മഞ്ഞ് ചെറിയൊരു ആവരണം തീർത്തിട്ടുണ്ട്. താഴെ പുൽമേടും ചതുപ്പുംകൂടിക്കലർന്ന ഇടങ്ങളിൽ കാട്ടുപോത്തുകൾ പശുക്കളെപ്പോൽ മേയുന്നു. 

ഏതാണ്ട് എല്ലാ സമയത്തും ആ മഞ്ഞുമൂടിയ പ്രതീതി നിലനിന്നു. പ്രകൃതിപ്രേമികൾക്ക് ഒരു ട്രെക്കിങ് നടത്താം. ഗൈഡ് കൂട്ടിനു വരും. പക്ഷേ, അട്ടകളെ പേടിക്കണം. മുൻപു ട്രെക്കിങ്ങിനുപോയ സഞ്ചാരികളുടെ കാലിൽനിന്നു വീടിന്റെ സ്റ്റെപ്പുകളിൽ വീണ രക്തം സാക്ഷി. അടുത്തടുത്ത രണ്ടു മുറികളാണ് യഥാർഥത്തിൽ കുറ്റിക്കാട് ലോഗ് ഹൌസ്. പാമ്പാടും ചോലയിലെ ഏറ്റവും നല്ല താമസ സൗകര്യങ്ങളിലൊന്ന്, ഒരു പക്ഷേ കേരളത്തിലെയും. കാരണം ഇത്രയും അടുത്ത് ഇടതിങ്ങിവളരുന്ന ചോലക്കാടും ഏതുസമയത്തും മനസ്സുകുളിർപ്പിക്കുന്ന മഞ്ഞും മറ്റെവിടെ കിട്ടും?.  ബന്തർമലയിൽനിന്നു നാടുകീഴടക്കാനെത്തുന്ന കാലാൾക്കൂട്ടത്തെപ്പോലെ ആ ചോലക്കാട് ചതുപ്പിലേക്ക് ഇറങ്ങിവരുന്നുണ്ടോ എന്നൊരു സംശയം.

ഇരട്ടവീടുകൾക്കു താഴെയായി മൺവീടുണ്ട്. അവിടെവച്ചാണ് സഹായികൾ ആഹാരം പാകംചെയ്തു തരുക. ചോലക്കാടിനടുത്തേക്കു ചെല്ലണമെങ്കിൽ ഒരു കിടങ്ങുണ്ട്. കാടിന്റെ ഇരുട്ടുതുറിച്ചുനോക്കുന്നതിനാലും ഏതൊക്കെ മൃഗങ്ങൾ അവിടെനിന്ന് ഇങ്ങോട്ടുനോക്കുന്നു എന്നറിയാത്തതിനാലും അധികം സാഹസത്തിനു മുതിർന്നില്ല. 

മരവീടുകളിലൊന്നിൽ ചേക്കേറി.

സന്ധ്യമുതൽ വെറുതേ ഉമ്മറത്തിരിക്കണം. മഞ്ഞും വെയിലും നടത്തുന്ന ഒളിച്ചുകളി ആസ്വദിക്കണം. ഏതോ കാട്ടുമൃഗങ്ങൾ ബന്തർമലയിൽനിന്ന് ഇണയെയോ ഇരയേയോ തേടുന്നതിന്റെ ശബ്ദം കേൾക്കണം. സർവോപരി സുഹൃത്തുക്കളുമായി സല്ലപിച്ചിരിക്കണം. ഇതൊക്കെയാണ് കുറ്റിക്കാടിന്റെ ആകർഷണങ്ങൾ. ബൈസൺ ലോഗ് ഹൌസ് എന്നാണ് വനംവകുപ്പിന്റെ വെബ് സൈറ്റിൽ പേരു കാണുക.

കൂടുതൽ വിവരങ്ങൾക്ക് മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനുമായി ബന്ധപ്പെടാം. -ഫോൺ- 8301024187

ബുക്കിങ്ങിന്- http://booking.munnarwildlife.com

ദൂരം- മൂന്നാറിൽനിന്നു 38 km.