സിംഹങ്ങൾ വാഴുന്ന ഗിർ വനാന്തരങ്ങളിലൂടെ ഒരു ട്രെക്കിങ്

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങുന്ന അതേ ആകാംക്ഷയാണ് ഏഷ്യാറ്റിക് സിംഹങ്ങളുടെ ഇന്ത്യയിലെ ഏക സ്വാഭാവിക ആവാസവ്യവസ്ഥയായ ഗിർ വനങ്ങളെ കുറിച്ച് കേൾക്കുമ്പോൾ ഇന്നും തോന്നുന്നത്. ആഫ്രിക്കയ്ക്ക് പുറത്ത് ഇവിടെ മാത്രമാണ് അത്തരം സ്വാഭാവിക ആവാസം കാണപ്പെടുന്നത്. ഗിർ നാഷണൽ പാർക്ക് ഏതൊരു സഞ്ചാരിയുടേയും പ്രഥമ പരിഗണനീയമായ ഒരു പ്രദേശമായി തീരുന്നു.

ഒപ്പം കേരളത്തിലെ കാടുകളിൽ എന്തുകൊണ്ടാണ് സിംഹരാജന്മാർ ഇല്ലാത്തതെന്നും നമ്മൾ ചിന്തിച്ചിട്ടുണ്ടാകും. ഗുജറാത്തിലെ ജുനഗഢ് ജില്ലയിലാണ് ഗിർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1975-ൽ ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ ഉദ്യാനം രൂപീകൃതമായത്. ജുനഗഢിലെ നവാബിന്റെ നായാട്ട് വിനോദത്തിന്റെ ഇഷ്ടദേശമായിരുന്ന ഇവിടം സാസൻ ഗിർ എന്നറിയപ്പെടുന്നു. വരണ്ട ഇലപൊഴിയും വനങ്ങളും മുൾച്ചെടികളും ചേർന്ന ഭൂപ്രകൃതിയാണ് ഇവിടുത്തേത്. സിംഹം കൂടാതെ കാട്ടുപന്നി, നീൽഗായ്, സാംബർ, നാലുകൊമ്പുള്ള മാൻ, ചിങ്കാരമാൻ, വരയൻ കഴുതപ്പുലി, ലംഗൂർ, മുള്ളൻപന്നി, മുയൽ, കൃഷ്ണമൃഗം എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. മഗ്ഗർ മുതലകളുൾപ്പെടെ നിരവധി ഉരഗ വർഗ്ഗങ്ങൾ ഇവിടെ അധിവസിക്കുന്നു.

ഗിർ വനപ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന കമലേശ്വർ ഡാം പക്ഷി നിരീക്ഷകരുടെ പറുദീസയാണ്. തണുപ്പ് കാലത്ത് ഫ്ളെമിംഗോയും പെലിക്കണും അടക്കം നിരവധി ദേശാടന പക്ഷികൾ ഇവിടെയെത്തുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുതലകളെ കാണുന്ന ഒരു ജലസംഭരണിയാണിത്. 350 ൽ അധികം മുതലകളുടെ സാന്നിധ്യം സെൻസസിൽ കണ്ടെത്തിയിട്ടുണ്ട്.

മറ്റൊരു കൗതുകകരമായ വസ്തുത, ആഫ്രിക്കക്ക് പുറത്ത് സ്വാഭാവിക ജനസമൂഹമായി മാറി നിലനിൽക്കുന്ന ആഫ്രിക്കൻ വംശജരുടെ വലിയ സെറ്റിൽമെന്റുകൾ ഗിർ നാഷണൽ പാർക്കിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ കാണാം. തലാല പോലുള്ള സ്ഥലങ്ങളിൽ ആഫ്രിക്കൻ വംശജരുടെ മാത്രം ഗ്രാമങ്ങളും തെരുവുകളുമുണ്ട്. ഏതോ ആഫ്രിക്കൻ ഗ്രാമങ്ങളിൽ ചെന്നെത്തിയ പ്രതീതി സൃഷ്ടിക്കും ഇവിടങ്ങളിൽ ചെന്നാൽ. മുഗൾ കാലഘട്ടത്തിൽ അടിമവേലയ്ക്ക് എത്തിച്ച ആഫ്രിക്കൻ പിൻതുടർച്ചകാരാണിവർ. ഇവിടെയുള്ള പല റിസോർട്ടുകളിലും ആഫ്രിക്കൻ സാംസ്കാരിക കലാരൂപങ്ങളും ഡാൻസും നടത്തുന്നുണ്ട്. ഇവരുടെ സാന്നിധ്യവും സിംഹങ്ങളുടെ സാന്നിധ്യവും തമ്മിൽ എന്തെങ്കിലും ബന്ധം കാണുമോ? ആഫ്രിക്കയിൽ നിന്ന് ഇവരുടെ കൂടെ സിംഹങ്ങളും വന്നിരുന്നോ?

ജൂൺ പകുതി മുതൽ ഒക്ടോബർ പകുതി വരെ മഴക്കാലത്ത് ഈ ഉദ്യാനം അടച്ചിടും. ഒക്ടോബർ പകുതിയോടെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഹിരൺ നദിയും ഗോദാവരിയും അടക്കം ഏഴോളം നദികൾ ഈ വനമേഖലയിൽ നിന്ന് ഉത്ഭവിക്കുകയോ ഒഴുകുകയോ ചെയ്യുന്നു. മഴക്കാലത്ത് പച്ച പിടിച്ച് കിടക്കുന്ന ഇവിടം വേനൽക്കാലത്തോടെ ചാരനിറം പൂണ്ട് ഊഷരമായി തീരുന്നു. വേനൽകാലത്ത് സിംഹങ്ങളെ കാണാൻ സാധ്യത കൂടുതലാണ്.

അഹമ്മദാബാദിൽ നിന്ന് 350 കിലോമീറ്റർ അകലെ നിൽക്കുന്ന ഗിർ എത്തുന്നവർ തൊട്ടടുത്തുള്ള സോമനാഥ ക്ഷേത്രത്തിലും കടലോര വിനോദ കേന്ദ്രമായ ഡ്യു നഗരവും സന്ദർശിച്ചാണ് മടങ്ങുക. ഇവിടെയെല്ലാം ഹോം സ്റ്റേകൾ മുതൽ ആഡംബര ഹോട്ടലുകൾ വരെ ലഭ്യമാണ്. ജുനഗഡ് വിരാവൽ മീറ്റർഗേജ് പാതയും 12 കി മീ ദൂരത്തിൽ ഈ വനമേഖലയിലൂടെ കടന്നുപോകുന്നു. പൂർണ്ണമായും ഓണലൈൻ വഴി മാത്രമാണ് ഇവിടെ ട്രെക്കിംഗ് ബുക്കു ചെയ്യാനാവുക. രാവിലെ 6‌:30 മുതൽ ആരംഭിക്കുന്ന സവാരിയിൽ അനുവദിച്ചിട്ടുള്ള ജീപ്സിയിൽ മൂന്ന് മണിക്കൂർ സമയം ഈ വനമേഖലയിലെ നിശ്ചിത റൂട്ടുകളിൽ സവാരി നടത്താം. എട്ടോളം വ്യത്യസ്ത റൂട്ടുകളിലായിരിക്കും വാഹനങ്ങൾ സഞ്ചരിക്കുക. സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളും ബൈക്കുകളും കടത്തിവിടുന്ന 12 കിലോമീറ്റർ ദൂരമുള്ള മറ്റൊരു പാതയും ഇവിടെയുണ്ട്. ഇതിനും പ്രത്യേക അനുമതി ആവശ്യമാണ്.