ജീപ്പിലേറാം വയനാടിന്റെ ഉള്ളറിയാൻ...

വയലും നാടും കാടും ചേരുന്ന അപൂർവം പ്രദേശങ്ങളിലൊന്നാണ് വയനാട്. ഡക്കാൺ പീഠഭൂമിയുടെ ഇങ്ങേത്തലം. നിങ്ങളിൽ മിക്കവരും വയനാടിനെ അറിഞ്ഞവരായിരിക്കും. എന്നാൽ ആ നാടിന്റെ ഉള്ളറിയണമെങ്കിൽ വയനാടൻ ഉൾനാടുകളിലൂടെയും ഉൾക്കാടുകൾക്കടുത്തൂടെയും സഞ്ചരിക്കണം. മാനന്തവാടിയിൽ നിന്നൊരു ജീപ്പിന്റെ സീറ്റിൽ ഇടംപിടിച്ച് കൊച്ചുയാത്ര. കാടതിരിടുന്ന വയനാടിന്റെ നാടുകാണാൻ. ഈ യാത്രയിൽ ഡെസ്റ്റിനേഷൻ ഇല്ല. മറിച്ച് കാടുകയറാതെ കാടനുഭവിക്കുന്ന വയനാടൻ മാന്ത്രികതയാണുള്ളത്.

പൊയിലിലെ വീട്ടിലേക്ക്..

‘ നേരം ഇനിയും വൈകേണ്ട, ആനയുള്ള വഴികളാണ്. അങ്ങെത്തണം.’ 

കോട്ടയത്തുനിന്ന് മാനന്തവാടിയിലെത്തുന്പോൾ സായന്തനം. സുഹൃത്ത് ഹരിപ്രസാദ് പാറച്ചാലിൽ തന്റെ വില്ലിസുമായി കാത്തിരിപ്പുണ്ട്. പിന്നിലിരിക്കാവുന്ന കുഞ്ഞുസീറ്റിലേക്ക് ലഗേജ് വച്ച് ചാടിക്കയറിയതും ആ ജീപ്പ് പാഞ്ഞുപോയി. മുനീശ്വരൻകോവിലിനടുത്തുള്ള പൊയിൽ എന്ന താമസസൌകര്യം തേടിയാണ് യാത്ര. മാനന്തവാടിയിലെതന്നെ മറ്റൊരു സുഹൃത്ത് സന്തോഷ് സന്തോഷപൂർവം ഏർപ്പാടാക്കിത്തന്നതാണിത്. ചോലക്കാടുകൾക്കു തൊട്ടടുത്ത് കുന്നിൻമുകളിലെ ഏകാന്തവീട്. മനസ്സുനിറയുവോളം മഞ്ഞ്. കുന്നിന്റെ ഇറക്കത്തിൽ സൂക്ഷിപ്പുകാരൻ ജയിംസേട്ടന്റെ വീടു മാത്രമേ അയൽപക്കമായുള്ളൂ.

മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ

തലപ്പുഴയിൽനിന്നു വലത്തോട്ടു തിരിയണം. കേരളത്തിലെ ആദ്യ മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ ഇടതുവശത്തുകാണാം. മാതൃകാ പൊലീസ് സ്റ്റേഷൻ എന്നതുപോലെ ജനങ്ങളുമായി സൗഹാർദപരമായി  ഇടപഴകാനുള്ള ഫോറസ്റ്റ് സ്റ്റേഷൻ. ടാറിട്ട ചെറിയ വഴിയ്ക്കിരുവശവും ചെറുമരങ്ങളും ഇല്ലിക്കാടുകളുമാണ്. വൈകീട്ട് ഇതുവഴി വരുന്നതത്ര സുരക്ഷിതമല്ലെന്നു കൂട്ടിനു വന്ന ജോൺസൺ ഫോറസ്റ്റർ. ആനകളുണ്ടാകും,  അതുതന്നെ കാരണം. എന്തായാലും വില്ലിസിന്റെ ഉണ്ടക്കണ്ണുകൾക്കു മുന്നിൽ ആനകളൊന്നും പെട്ടില്ല. ജയിംസേട്ടനെ വിളിച്ചു ഞങ്ങൾ വരുന്നുണ്ടെന്നു പറഞ്ഞു.

കാടരുകിൽ താമസിക്കാം

‘’ വണ്ടിയിനി ഇനി ഫോർവീൽ ഡ്രൈവിലേക്കിട്ടോളൂ’’ ടോർച്ചുമായി ജയിംസേട്ടനെത്തി. 

മുകളിൽ ആ വില്ലയുടെ പ്രകാശം കാണുന്നുണ്ടെങ്കിലും നടന്നുകയറേണ്ടെന്നു വിചാരിച്ചു. ഫോർവീൽ ഡ്രൈവിൽ ആ കുഞ്ഞു വഴികൾ കുത്തനെ കയറി. ഇരുട്ടിലും മഞ്ഞിലും ചുറ്റുപാടുള്ളതൊന്നും കാണുന്നില്ല. തൊട്ടുപിന്നിലെ ചോലക്കാടിൽനിന്ന് ചെറിയ ശബ്ദകോലാഹലങ്ങൾ.  ജയിംസേട്ടൻ ഉണ്ടാക്കിയ ആഹാരം കഴിച്ച് സുഖനിദ്ര.

രാവിലെയാണ് ആ പ്രദേശത്തിന്റെ ഭംഗി ശരിക്കറിയുന്നത്. പുലരിയിൽ നിരനിരകളായി കാണുന്ന മലകളെ ഫ്രെയിമിൽ ആക്കുന്ന തിരക്കിലാണൊരു സുഹൃത്ത്. പൊയിൽവീടിന്റെ വാതിൽ തുറക്കുമ്പോൾ പൂമുഖത്തിരുന്നാൽ കാണുന്ന കാഴ്ചയതാണ്.

വില്ലീസ് മഞ്ഞുകൊണ്ട് ഏകനായി താഴെയുളള പറമ്പിൽ നിൽപ്പുണ്ട്. അവന്റെ നോട്ടം കണ്ടാലറിയാം ഈ കാഴ്ചകളൊന്നുകൊണ്ടും തൃപ്തിനേടിയിട്ടില്ലെന്ന്. ഇനിയും കാടുകൾ കയറാനുണ്ട്. തൊട്ടടുത്താണ് മുനീശ്വരൻ കുന്ന്. വയനാടിന്റെ വാഗമൺ എന്നുവിളിക്കാവുന്നിടം. പച്ചപ്പുൽനിറഞ്ഞ മൊട്ടക്കുന്നുകളും പിന്നിൽ നീലയായി മക്കിമലയും മുനീശ്വരൻകുന്നിലുണ്ട്. വനംവകുപ്പ് ടെന്റ് താമസസൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

ചെങ്കല്ലുകൊണ്ടുനിർമിച്ച ഭംഗിയുള്ള വീടാണ് പൊയിൽ.

വീടിന്റെ വലതുവശത്തായി കാടിറങ്ങി പാടത്തോടു ചേരുന്ന ചെരിവുകൾ. അവിടെ പാടശേഖരം പോലെ  ചെറുതേയിലത്തോട്ടങ്ങൾ കാണാം. 

ഇടതൂർന്നു വളരുന്ന ചോലക്കാട്. നിരതെറ്റാതെ നിൽക്കുന്ന മലകൾ, വീട്ടുകാരനായ മഞ്ഞ്, സന്ദർശകരായ  മാനുകൾ.. പൊയിലിലെ വീട്ടിൽ താമസിച്ചാൽ കാഴ്ചകൾ ഇങ്ങനെയാണ്. ഭംഗിയും വൃത്തിയുമുള്ള   ഉൾവശം. പൊയിൽ സഞ്ചാരികൾക്ക് ഇഷ്ടമാകും തീർച്ച.

സന്തോഷേട്ടനു നന്ദിപറഞ്ഞു രാവിലെത്തന്നെ വില്ലിസ് സ്റ്റാർട്ട് ചെയ്തു. ഇനി അടുത്ത ലക്ഷ്യം എലിഫന്റാ പാസ്സ് എന്ന കാടിനകത്തെ കുഞ്ഞുറിസോർട്ട്. ഉടമ വിനോദേട്ടൻ വിളിക്കുന്നുണ്ട്. അടുത്തെവിടെയോ ആനകൾ ഇറങ്ങിയിട്ടുണ്ട്. ഹരിയുടെ ജീപ്പുമായി വന്നാൽ നമുക്കൊന്നു പോയിവരാം.

ബോഡി ചെറുതായ ജീപ്പ് ആണെങ്കിലും വഴിയിൽ പലയിടത്തും, വളവുകളിൽ റിവേഴ്സ് എടുത്തു തിരിക്കേണ്ടി വന്നു. അപ്പോൾ സാധാരണ വാഹനമായി വരുന്നവരെന്തു ചെയ്യുമെന്നാണോ. ജയിംസേട്ടന്റെ വീടിനടുത്ത് പാർക്ക് ചെയ്തു നടന്നുകയറണം.

താഴെയെത്തുമ്പോൾ ഈ പാടശേഖരങ്ങൾക്കിടയിലൂടെയാണല്ലോ നമ്മളിന്നലെ പോന്നത് എന്നാശ്ചര്യം. പശുക്കളെ മേച്ചുകൊണ്ട് ഒരു വല്യപ്പൂപ്പൻ ആരോഗ്യത്തോടെ വില്ലീസിനെ കടന്നുപോയി. ഈ പ്രായത്തിലും അധ്വാനിച്ചുജീവിക്കുന്നല്ലോ. തെളിമയുള്ള വെള്ളം, ശുദ്ധമായ വായു, കാടിനടുത്ത താമസം, എന്നും കുളിർജലത്തിൽ നീരാട്ട്.. പിന്നെങ്ങനെ ആരാഗ്യമുണ്ടാകാതിരിക്കും..?

പാടത്തിനപ്പുറത്ത് ഇല്ലിക്കാടുകൾ ഇടതൂർന്നു വളർന്നിരിപ്പുണ്ട്. അതിനുള്ളിലൂടെ കറുത്ത ചെറുകല്ലുകളെയും സ്വർണനിറമുള്ള മണൽത്തരികളെയും മുത്തമിട്ടുകൊണ്ട് കണ്ണീർത്തെളിമയുള്ളൊരു കുഞ്ഞരുവി പാഞ്ഞുപോകുന്നു. കൈതകളും കൂട്ടിനിരിപ്പുണ്ട്. ചെറുമരത്തടിപ്പാലത്തിലൂടെയൊരു പെൺകൊടി ആ തോടിൽ കുളിക്കാനിറങ്ങുന്നു.

കയറാം ചെറുകാടുകൾ

കൊട്ടിയൂർ സംരക്ഷിതവനത്തിനടുത്താണ് നാം താമസിച്ച പൊയിൽ വീടും ഇനി പോകാനുള്ള ഇടവും. എലിഫന്റാ പാസ്സിലെ താമസമല്ല നമുക്കു മുഖ്യം. അതിനു ചുറ്റുമുള്ള കാടും കുഞ്ഞരുവികളുമാണ്. അങ്ങോട്ടുള്ള വഴിയിൽത്തന്നെ സ്വർണമണലിൽ കഥയെഴുതികടന്നുപോകുന്ന കുഞ്ഞരുവികളുണ്ട്. വില്ലിസിന്റെ കട്ടട്ടയറുകൾക്ക് ഇതൊരു കടന്പയേ അല്ലായിരുന്നു.

ആനയ്ക്കറിയാം ആളുകളുടെ തരം

വില്ലിസ് ഇടയ്ക്കു നിർത്തേണ്ടി വന്നു. തനി കാട്ടുവഴികൾ. ഫോർവീൽ ഡ്രൈവ് മോഡ് ഇടാതെ രക്ഷയില്ലെന്ന മട്ട്. വിനോദേട്ടൻ ഓരോ പോയിന്റും ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു.

"ദേ, ഇവിടെയാണ് കലികൊണ്ട ഒറ്റയാൻ ഒറ്റക്കുത്തിന് വനംവകുപ്പിന്റെ അതിരായ കല്ല് തകർത്തത്. ദാ അവിടെ കഴിഞ്ഞദിവസം ആനക്കുടുംബങ്ങൾ മേയാനെത്തിയിരുന്നു" ഇങ്ങനെ ആനക്കഥകൾ ഏറെ. ഇക്കഥകൾ കേട്ടു കിടുങ്ങിയിരുന്ന ഞങ്ങൾക്കു മുന്നിലൂടെ ആടുമേച്ചുകൊണ്ട് ഒരു ആദിവാസിച്ചേട്ടൻ കടന്നുപോയി. എന്തൊരു ധൈര്യം.. ആന വന്നാൽ അവർ മാറിക്കൊടുക്കും. ആനയ്ക്കറിയാം ആളുകളുടെ തരം.

കഥകൾ കേട്ട് കാടുതാണ്ടി വില്ലിസ് ഒരു ചതുപ്പുനിലത്തിനടുത്തെത്തി. കൊറ്റികൾ നിരന്നിരിക്കുന്നുണ്ടായിരുന്നു. തീർച്ചയായും ആനകളെത്തുന്നയിടമായിരിക്കുമത്. ചുറ്റുമുള്ള ചെറുകാടുകളിൽനിന്നു വെള്ളംകുടിക്കാൻ ഈ ചതുപ്പിലേക്ക് സഹ്യപുത്രൻമാർ വരുമായിരിക്കും. വിനോദേട്ടൻ ഞങ്ങളെ തൊട്ടിപ്പുറത്തുള്ള ചെറു അരുവിയിലേക്കു കൊണ്ടുപോയി. സകുടുംബം മുങ്ങിക്കുളിക്കാവുന്ന ചെറിയ തോട്. കുഞ്ഞുവെള്ളച്ചാട്ടങ്ങൾ. നിഗൂഢതയുള്ള ചുറ്റുപാടുകൾ. ഇത്തിരിനേരം കാലിട്ടിരിന്നു, ആ കാടിന്രെ സംഗീതം കേട്ട്.

വയനാട്ടിലൂടെ യാതൊരു കെട്ടുപാടുമില്ലാതെ യാത്ര ചെയ്യുന്നവരേ,, നിങ്ങൾക്കു മുന്നിൽ വയനാടൻ സ്വർഗങ്ങളിലേക്കുള്ള ചെറുവഴികൾ ഏറെയുണ്ട്. ആ ചെറുപാതകളിലൂടെ ലക്ഷ്യമില്ലാതെ സഞ്ചരിക്കുക. കുഞ്ഞുസ്ഥലങ്ങളിലെ വലിയ വയനാടിനെ അനുഭവിക്കുക. 

പൊയിൽ നാച്വർ ഇൻ വീട്ടിലെ താമസസൌകര്യത്തിന് വിളിക്കുക- 9747606780