പക്ഷികൾക്കൊപ്പം പറക്കാം

മുറ്റത്ത് മരക്കൊമ്പിൽ പറന്നിരിക്കുന്ന പക്ഷികളെ നോക്കിയിരിക്കാൻ രസമാണ്! പല നിറത്തിലും വലിപ്പത്തിലുമുള്ള പക്ഷികൾ, പലതരം ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നവർ! പക്ഷികളെ നിരീക്ഷിച്ചു ഗവേഷണം നടത്തുന്നവരുൾപ്പടെ പക്ഷികളുടെ സൗന്ദര്യം നുകരാനായും മനോഹരങ്ങളായ ചിത്രങ്ങള്‍ പകർത്തുവാനുമൊക്കെയായി കാടിന്റ ആഴങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും പോകാൻ പറ്റിയ ഇടമാണ് രാജസ്ഥാനിലെ ഭരത്പൂർ ദേശീയ ഉദ്യാനം. ചരിത്രപരമായ ഏറെ പ്രത്യേകതകൾ പേറുന്ന ഉദ്യാനമാണിത്.

ആയിരക്കണക്കിന് പക്ഷികൾ ജീവിക്കുന്ന ഇന്ത്യയിലെ മികച്ച പക്ഷി നിരീക്ഷണ കേന്ദ്രം കൂടിയാണ് രാജസ്ഥാനിലെ ഭാരത്പൂർ. ഇരുന്നൂറ്റി മുപ്പതിൽപരം പ്രത്യേക ഇനങ്ങളിലുള്ള പക്ഷികൾ ഇവിടെ അധിവസിക്കുന്നുണ്ടെന്നു ഗവേഷകർ പറയുന്നു. കൂടാതെ മഞ്ഞുകാലത്തു പറന്നെത്തുന്ന ദേശാടപക്ഷികളുടെ എണ്ണം ആയിരത്തിലും മീതെയാണ്. അത്തരം സമയങ്ങളിൽ ഈ ഉദ്യാനത്തിൽ സന്ദർശകരുടെ തിരക്കും വർദ്ധിക്കും. മനുഷ്യ നിർമ്മിതമായ, മനുഷ്യരാൽ സംരക്ഷിക്കപ്പെടുന്ന ഉദ്യാനമാണ് ഭരത്പൂർ.

Keoladeo Ghana National എന്ന പേരിലാണ് ഭാരത്പൂർ ദേശീയ ഉദ്യാനം അറിയപ്പെടുന്നത്. ഈ ഉദ്യാനത്തിന്റെ ഏറ്റവും മധ്യത്തായി കാണപ്പെടുന്ന ശിവക്ഷേത്രത്തിൽ നിന്നാണ് ഉദ്യാനത്തിന് ഈ പേരുണ്ടായത്. ഘാന എന്നാൽ ഇടതൂർന്ന എന്നാണു അർഥം. ഇടതൂർന്ന കാടിനുള്ളിൽ നിൽക്കുന്ന ക്ഷേത്രത്തിന്റെ മനോഹരമായ ഓർമ്മ ആ പേരിൽ നിന്ന് തന്നെ അതുകൊണ്ടു സഞ്ചാരികൾക്ക് ലഭിക്കും.

എല്ലാവർഷവും മഴക്കാലത്ത് വെള്ളമുയർന്നു ജീവിതം നഷ്ടപ്പെടുന്ന ഒരവസ്ഥ മുൻപ് ഭാരത്പൂരിനുണ്ടായിരുന്നു. ഇവിടം ഭരിച്ചിരുന്ന ഒരു രാജാവാണ് വെള്ളപ്പൊക്കം നിയന്ത്രിക്കാനായി ഇവിടെ ഒരു ഡാം പണിതുയർത്തിയത്. കാലാന്തരത്തിൽ ഈ ഡാം മനോഹരമായി ഒരുക്കുകയും അതിന്റെ ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കുകയും പിന്നീട്  രാജാക്കന്മാർക്ക് മൃഗങ്ങളെ നായാടാനുള്ള ഇടവുമാക്കി. അറുപതുകളിലാണ് ഇവിടെ വേട്ടയാടൽ ഔദ്യോഗികമായി നിരോധിച്ചത്. 1982 ൽ ഭരത്പൂർ  ഔദ്യോഗികമായി ദേശീയ ഉദ്യാനമായും അവരോധിക്കപ്പെട്ടു. പിന്നീടാണ് ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കും കൂടി.

വിവിധ തരത്തിലുള്ള പക്ഷികള്‍ മാത്രമല്ല. വ്യത്യസ്ത ഇനങ്ങളിൽ പെട്ട സസ്യങ്ങൾ, മത്സ്യ വിഭാഗങ്ങൾ ഷഡ്പദങ്ങൾ എന്നിവയും ഈ ഉദ്യാനത്തെ ഫലഭൂയിഷ്ഠമാക്കുന്നു. എല്ലാ വർഷവും ആയിരക്കണക്കിന് ജീവികൾ തണുപ്പ് കാലത്തു ഇവിടെ ബ്രീഡിങ്ങിനു എത്തിച്ചേരാറുണ്ട്. ജലത്തിൽ താമസിക്കുന്ന പക്ഷികളുൾപ്പെടെയുള്ള വിഭാഗങ്ങൾ ഭാരത്പൂർ നാഷണൽ പാർക്കിൽ ഉണ്ട്. ലോക പക്ഷി നിരീക്ഷണ ഭൂപടത്തിൽ പോലും ഈ ദേശീയ ഉദ്യാനം ഏറ്റവും മികച്ച സ്ഥാനത്തിലാണ് നിലകൊള്ളുന്നത്. സൈബീരിയൻ പക്ഷികൾ ദേശാടനത്തിനായി വർഷത്തിലൊരിക്കൽ ഇവിടെ എത്താറുണ്ട്.

ജനുവരി മാസങ്ങളിൽ ഇരുപത് ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടുത്തെ കാലാവസ്ഥ. മെയ് മാസമാകുമ്പോൾ നാൽപ്പതു ഡിഗ്രിയിലും കൂടാറുണ്ട്. വർഷത്തിൽ മുപ്പത്തിയാറു ദിവസം വരെ ഇവിടെ നല്ല മഴ ലഭിക്കാറുണ്ട്. ഓഗസ്റ്റ് - നവംബർ മാസങ്ങളിലാണ് ഇവിടുത്തെ സന്ദർശനം കൂടുതൽ ആകർഷകമാവുക.

ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും ഏറെ അടുത്താണ് ഈ പാർക്ക്. സഞ്ചാരികൾക്ക് ഇവിടെ വന്നെത്താനും എളുപ്പമാണ്. ജയ്പ്പൂർ വിമാനത്താവളമാണ് ഇവിടെ വന്നെത്താനുള്ള ഏറ്റവും അടുത്ത ആകാശ മാർഗം. എന്തുതന്നെ ആയാലും പക്ഷിയെ ഇഷ്ടപ്പെടുന്നവർക്കും മനോഹരമായ നനവുള്ള കാടിന്റെ ഗന്ധം ആസ്വദിക്കാൻ ഇഷ്ടമുള്ളവർക്കും ഈ ഭാരത് പൂർ ദേശീയോദ്യാനം മനോഹരമായ അനുഭൂതിയായിരിക്കും.