അദ്ഭുതമായി വെള്ളക്കടുവ

ഇന്ത്യയുടെ ആമസോൺ എന്ന വിശേഷണത്താൽ പ്രശസ്തമായ സുന്ദർബനിലേക്കാണ് ഈ യാത്ര. ലോകത്തെ ഏറ്റവും വലിയ കണ്ടൽവനമായ സുന്ദർബൻ,  ബംഗാൾ കടുവകളുടെ ആവാസകേന്ദ്രമാണ്പശ്ചിമബംഗാളും, ബംഗ്ലാദേശും കൈകൾ കോർത്തുപിടിക്കുന്നിടത്ത് സുന്ദരമായൊരു വനമുണ്ട്. ഗംഗാ ബ്രഹ്മപുത്ര നദികളുടെ തലോടലേറ്റ്  അഴിമുഖത്ത് സമൃദ്ധമായി വളർന്ന കണ്ടലിന്റെ കാട്, സുന്ദർബൻ.

ഇന്ത്യയുടെ ആമസോൺ എന്ന വിശേഷണത്താൽ പ്രശസ്തമായ സുന്ദർബനിലേക്കാണ് ഈ യാത്ര. ലോകത്തെ ഏറ്റവും വലിയ കണ്ടൽവനമായ സുന്ദർബൻ,  ഇന്ത്യൻ കടുവകളുടെ ആവാസകേന്ദ്രമാണ്. കൊൽക്കത്തയിൽ നിന്ന് ഏകദേശം ഏഴുമണിക്കൂർ യാത്രയേയുള്ളൂ സുന്ദർബൻസിലേക്ക്.  ദസറ ആഘോഷിക്കാനായി  കൂട്ടുകാരോടൊപ്പം കൊൽക്കത്ത ട്രിപ്പ് പ്ലാനിടുമ്പോൾ തന്നെ  സുന്ദർബൻ സന്ദർശനം ഉറപ്പാക്കി. കാടിന്റെ തണുപ്പ് ആസ്വദിച്ച്  നടന്ന ഇത്തിരി നേരത്തെ ഒത്തിരി കാഴ്ചകളിലേക്ക്...

സുന്ദർബൻസ്– കണ്ടലിന്റെ ദ്വീപ്

ബംഗാളികളുടെ ഒരു കൊച്ചുവെനീസ് എന്നുവേണമെങ്കിൽ നമുക്ക് സുന്ദർബനിനെ വിശേഷിപ്പിക്കാം. അങ്ങനെ പറയാൻ ഒരു കാരണമുണ്ട്. വെനീസിനെ വച്ച് നോക്കുമ്പോൾ പതിനാറ് ദ്വീപിന്റെ കുറവേ സുന്ദർബൻസിനുള്ളൂ. അതായത് 102 ദ്വീപുകളുടെ കൂട്ടമാണ് ഇവിടം. സുന്ദരി എന്ന പേരിലറിയപ്പെടുന്ന കണ്ടൽ മരങ്ങൾ വളരുന്നതിനാലാണ് സുന്ദരവനം എന്നർഥം വരുന്ന സുന്ദർബൻ എന്ന പേരുവന്നത്.  ടീം ഇന്ത്യ ബീക്കൻസ് സൊജേൻ എന്ന ടൂറിസം ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഞങ്ങൾ സുന്ദർബനിലേക്ക് പോകുന്നത്. 

അവിടമൊരു ജൈവമണ്ഡല സംവരണ മേഖല ആയതിനാൽ സഞ്ചാരികൾക്ക് പെട്ടെന്നങ്ങനെ കാടിനുള്ളിലേക്ക് കടന്നുകൂടാനോ  കാഴ്ചകൾ കാണാനോ അനുമതിയില്ല. അതിന് ഒരു അംഗീകൃത ഗൈഡിന്റെ സഹായം കൂടിയേ തീരൂ. കൊൽക്കത്തയിലെ ബൊവാനിപ്പൂരിൽ നിന്നു തുടങ്ങിയ ഞങ്ങളുടെ യാത്ര നാലുമണിക്കൂർ പിന്നിട്ടപ്പോൾ ഗോഡ്കാലി എത്തി. ബംഗാളിന്റെ ഉൾപ്രദേശങ്ങളിലെ കാഴ്ചകളെല്ലാം തന്നെ ഏറെക്കുറേ കേരളത്തോട് സാമ്യമുള്ളതാണ്. ഗോഡ്കാലിയിൽ നിന്നാണ് സുന്ദർബനിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഇനിയങ്ങോട്ട് വള്ളത്തിലാണ് യാത്ര. ഹോഗിൽ,ഗോമർ, ദുർഗാദുനി, ഗുംടി എന്നീ നദികളുടെ ഒഴുക്കിനൊപ്പം വള്ളം മുന്നോട്ടുനീങ്ങി.

തണല്‍ തേടി കാടിനുള്ളിൽ

അനേകം നദികളും അരുവികളും ചേർന്നൊഴുകുന്ന പ്രദേശമായതിനാൽ തന്നെ എല്ലായിടത്തേക്കും ബോട്ട് സർവീസുണ്ട്. കുടുംബത്തോടൊപ്പം ചെലവിടാൻ പറ്റിയ നല്ലൊരു ടൂറിസ്റ്റ് കേന്ദ്രം തന്നെയാണ് സുന്ദർബൻ. ഇവിടുത്തെ ടൈഗർ റിസർവ് പ്രദേശത്തിന് 2585 ചതുരശ്രകിലേമീറ്ററോളം വിസ്തീർണമുണ്ട്. കണ്ടൽകാടുകൾക്കുള്ളിൽ കടുവയോ എന്ന സംശയം സുന്ദർബനിലെത്തും വരെ ഓരോ സഞ്ചാരികളുടെയുള്ളിലും തോന്നുന്നത് സ്വാഭാവികം. അതിനാൽ തന്നെ ഒരു കടുവയെ എങ്കിലും കാണുകയെന്നത്  ഇവിടെത്തുന്നവരുടെ ഉള്ളിലെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും.

അപർണസെനിന്റെ പ്രശസ്തമായ സിനിമയാണ് ദ് ജപ്പാനീസ് വൈഫ്, ഈ സിനിമയുടെ കുറേയേറെ ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് സുന്ദർബനിലാണ്.  ഇവിടുത്തെ മണ്ണിന്റെയും മരത്തിന്റെയും വെള്ളത്തിന്റെയും ഒക്കെ ഭംഗി പൂർണമായും ആ സിനിമയിൽ പകർത്തിയിട്ടുണ്ടെന്ന് വള്ളം  കണ്ടൽകാടിലേക്ക് അടുക്കും തോറും മനസ്സിലായി.

സമയം നട്ടുച്ച, എങ്കിലും സായാഹ്നത്തിന്റെ പ്രതീതി. ബംഗാളിന്റെ സ്വാദിഷ്ഠമായ തനത് രുചി നുകർന്ന് യാത്ര തുടർന്നു. ഭക്ഷണത്തിൽ എടുത്തുപറയേണ്ട ഒന്ന് ഹിൽസാ മത്സ്യത്തിന്റെ രുചി തന്നെ.

ഊണിനു ശേഷമുള്ള യാത്ര സജ്നാഖലി വാച്ച് ടവറിലേക്കായിരുന്നു. അവിടെ നിറയെ മുതലകളും കഴുത്തുനീണ്ട ആമകളും സ്വൈര്യമായി വിഹരിക്കുന്നു. പ്രകൃതിയെയും ജീവജാലങ്ങളെയുമെല്ലാം സ്നേഹിക്കുന്ന ഒരാൾക്ക് മാത്രമേ സുന്ദർബനുമായി അടുക്കാൻ സാധിക്കുകയുള്ളൂ. കടുവയിൽ തുടങ്ങി പല നിറത്തിലുള്ള ഞണ്ടുകൾ വരെ നീണ്ടുനിൽക്കുന്ന ജൈവസമ്പന്നത. വാച്ച് ടവറിന്റെ പരിസരത്തായി തന്നെയാണ് കാഴ്ച ബംഗ്ലാവും മാൻഗ്രോവ് ഇന്റർപ്രെറ്റേഷൻ സെന്ററും സ്ഥിതി ചെയ്യുന്നത്.

സുന്ദർബൻസിലെ കൗതുകമുണർത്തുന്ന കാഴ്ചകളിലൊന്ന് കണ്ടൽ വേരുകളാണ്. തമ്മിൽ കെട്ടിപുണർന്നിരിക്കുന്ന സ്റ്റിൽട് റൂട്ട്, നട്ടെല്ല് നിവർത്തി നിന്ന് ആധിപത്യം പ്രദർശിപ്പിക്കുന്ന ന്യൂമാറ്റോഫോർസ്, മനുഷ്യന്റെ കാൽമുട്ടുകൾ പോലെ തോന്നിക്കുന്ന നീറൂട്ട്, സർപ്പങ്ങളെ പോലെ വളഞ്ഞുപുളഞ്ഞു നിൽക്കുന്ന പ്ലാങ്ക് റൂട്ട്...ഇങ്ങനെ നീളുന്നു പട്ടിക. രണ്ടുദിവസമാണ് സുന്ദർബനിൽ ചെലവിടാൻ ഞങ്ങള്‍ തീരുമാനിച്ചത്. ആദ്യത്തെ ദിവസം  സായാഹ്നം വരെ അവിടെ ചുറ്റിയടിച്ചിട്ടും ഒറ്റക്കടുവയെ പോലും കാണാൻ കഴിഞ്ഞില്ല. വൈകീട്ട് അഞ്ചാകുമ്പോഴേക്കും സുന്ദർബനിൽ  ഇരുട്ടുവീണു തുടങ്ങും. രാത്രി അവിടെ നിൽക്കാൻ അനുവാദമില്ല.  ഞങ്ങൾ റിസോർട്ടിലേക്ക് മടങ്ങി.

ബോൺബീബി വാഴുന്ന സുന്ദർബൻ...

നഗരത്തിന്റെ തിരക്കിനൊപ്പം ഓടിയെത്താൻ പാടുപെടുന്ന നമുക്ക് , വൈദ്യുതിപോലുമില്ലാത്ത വീട്ടിൽ താമസിക്കുക എന്നത് അവിശ്വസനീയമായ ഒന്നായി തോന്നാം.  സുന്ദർബൻ നിവാസികൾക്ക് അതൊന്നും ഒരു പോരായ്മയല്ല എന്ന സത്യം ഞങ്ങളെ തെല്ലൊന്നദ്ഭുതപ്പെടുത്തി. ഗൊസാബാ എന്ന ദ്വീപ് ഒഴികെ വേറെ ഒരു ദ്വീപിലും വാഹനങ്ങളില്ല. സൈക്കിളോ റിക്ഷയോ ആണ് ദ്വീപ് നിവാസികൾ സവാരിക്കായി ഉപയോഗിക്കുന്നത്. തേൻ ശേഖരണമാണ് ഇവിടുത്തുകാരുടെ മുഖ്യതൊഴിൽ. പറഞ്ഞുവരുമ്പോൾ ഈ തൊഴിലുമായി ബന്ധപ്പെട്ട ഒരു െഎതിഹ്യവും നിലനിൽക്കുന്നുണ്ട്.

അതിങ്ങനെ, ‘പണ്ട് സുന്ദർബനിലെ ഒരു ദ്വീപിൽ ദോക്കിൻ റായ് എന്നൊരു ഋഷി തപസ്സിരുന്നു. തേനെടുക്കാനായി കാട്ടിലെത്തുന്ന ആദിവാസികളുടെ ശബ്ദവും പ്രവൃത്തിയും ധ്യാനത്തിലിരിക്കുന്ന ഋഷിക്ക് ബുദ്ധിമുട്ടുണ്ടാക്കി. പല തവണ ക്ഷമിച്ചെങ്കിലും ആദിവാസികളുടെ തേനെടുക്കലും ബഹളവും ആഘോഷവും പതിവുപോലെ തുടർന്നു. അവരുടെ ശല്യം സഹിക്കാൻ വയ്യാതെ  ഋഷി ഒരു കാര്യം തീരുമാനിച്ചു.

ഒരു കടുവയായി രൂപം കൊണ്ട് ഈ മനുഷ്യരെയെല്ലാം കൊന്ന് തിന്നുക. ഇതറിഞ്ഞ ദൈവം അവരുടെ രക്ഷയ്ക്കായി ‘ബോൺ ബീബി’യെ കാട്ടിലേക്ക് വിട്ടു. കുഞ്ഞു ബോൺബീബിയെ വളർത്തി വലുതാക്കിയത് കാട്ടിലെ മാനുകളായിരുന്നു.  യുദ്ധത്തിലൂടെ ഋഷിയെ  ബോൺബീബി തോൽപിക്കുന്നു. തന്റെ തെറ്റ് മനസ്സിലാക്കിയ ഋഷി മാപ്പ് പറയുകയും ബോൺബീബിയെ തന്റെ ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

എന്തായാലും കാടിനെയും കാടിന്റെ മക്കളെയും രക്ഷിച്ച ബോൺ ബീബിയെ ദൈവമായാണ് സുന്ദർബൻകാർ കരുതിപ്പോരുന്നത്. രാവിലെ സുന്ദർബനിൽ എത്തിയതു മുതൽ കാറ്റും മഴയും തുടങ്ങി. ആ ദിവസമായിരുന്നു ഞങ്ങൾക്ക് ഏറെ ദൂരം ബോട്ടിൽ യാത്ര ചെയ്യേണ്ടിയിരുന്നതും. മഴ ശക്തമായി തുടർന്നതിനാൽ ഏറെ നേരം ഞങ്ങൾക്ക് ബോട്ടിൽ തന്നെ കാത്തിരിക്കേണ്ടി വന്നു. കാത്തിരിപ്പ് കൂടും തോറും സങ്കടവും വർധിച്ചു. കാരണം മഴ പെയ്താൽ  കടുവകൾ  അവരുടെ താവളങ്ങളിൽ നിന്ന് നദീതീരത്തേക്ക് വരില്ല.

കടുവയെ കാണാൻ കഴിയില്ലല്ലോ എന്ന് സങ്കടം പറഞ്ഞപ്പോൾ ഗൈഡ് പറഞ്ഞു, ‘ഒരുപാട് കടുവകളുണ്ട് ഇവിടെ. പക്ഷേ വളരെ വിരളമായേ  കണ്ടുകിട്ടൂ. അതിന് അൽപം ഭാഗ്യം കൂടി വേണം. സ്ഥിരമായി ഇവിടെ വരാറുണ്ടെങ്കിലും   ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഞാൻ അവസാനമായി കടുവയെ കണ്ടത്.’ അയാളുടെ വാക്കുകൾ കേട്ടപ്പോൾ ഉറപ്പിച്ചു, ഈ യാത്രയിൽ കടുവയെ കാണാൻ കഴിയില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബോൺ ബീബിയോട് പ്രാർഥിച്ചു, ഞങ്ങൾക്കു മുന്നിൽ ഒരു കടുവയെങ്കിലും ദർശനം തരേണമേയെന്ന്.  മഴ കുറഞ്ഞു, ഞങ്ങൾ യാത്ര തുടങ്ങി. അൽപദൂരം പിന്നിട്ടതേയുള്ളൂ. കണ്ണുകൾക്ക് വിശ്വസിക്കാനായില്ല. മുന്നിൽ മഴ ആസ്വദിക്കുന്ന ഒരു കടുവ. ഒറ്റ സെക്കൻഡ്, ഞങ്ങളുടെ അനക്കം കേട്ടതും അവൻ കാടിനുള്ളിലൊളിച്ചു.

ആ കാഴ്ചയെ ഭാഗ്യമെന്നു വിശേഷിപ്പിക്കാം. അല്ലെങ്കിൽ ബോൺബീബിയുടെ അനുഗ്രഹമായിരിക്കും. എന്തായാലും ജിം കോർബറ്റും രൺഥംഭോറും സമ്മാനിക്കാത്ത ‘കടുവ ദർശനം’ സുന്ദർബൻ നൽകി.

കടുവയെ കണ്ടത് ഒരു ഒന്നൊന്നര സംഭവമാണെന്ന് ഞങ്ങൾക്ക് ശരിക്കും ബോധ്യപ്പെട്ടത് ഇതിനെ കുറിച്ച് അറിഞ്ഞ്  അവിടുത്തെ തദ്ദേശവാസികളും വിനോദസഞ്ചാരികളും ആശ്ചര്യത്തോടെയും ഒരു പൊടിക്ക് അസൂയയോടെയും നോക്കിയപ്പോഴാണ്. സത്യം പറഞ്ഞാൽ മനസ്സിന് സുഖം നൽകുന്ന അസൂയ തന്നെയായിരുന്നു അത്.

സുന്ദർബൻ കാടുകൾ ഒരനുഗ്രഹമാണ്. പ്രകൃതിയുടെ ഈ മായികലോകം ഒരിക്കലെങ്കിലും എല്ലാ സഞ്ചാരികളും കണ്ടിരിക്കണം. •

എങ്ങനെ എത്താം

 കൊൽക്കത്തയിൽ നിന്ന് 109 കിലോമീറ്റർ അകലെയാണ് സുന്ദർബൻസ്. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം നേടിയ സുന്ദർബൻസിനെ കൊൽക്കത്തയുമായി ബന്ധിപ്പിക്കുന്ന റോഡ് മാർഗമുണ്ട്. രണ്ടുമണിക്കൂർ നീളുന്ന ഈ റോഡ് മാർഗം യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. (റൂട്ട്: Kolkata-10 km >Tolly gunge – 14 km> Rajpur – 7km> Baruipur -27 km> Canning -18km> Basanti- 13 km> Gosaba- 14km> Sunderbans). സുന്ദർബനിൽ താമസസൗകര്യം ലഭ്യമല്ലാത്തതിനാൽ അതിരാവിലെ അവിടെ എത്തുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യുന്നതാണ് നല്ലത്. കൊൽക്കത്തയിൽ നിന്ന് സുന്ദർബൻസിലേക്ക് ടാക്സി, ബസ് സർവീസുണ്ട്.