രാത്രിയിൽ പുള്ളിപ്പുലിയെ കണ്ടപ്പോൾ

‘എടുക്കാനേറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ പക്ഷികളുടേതാണ്. അവയുടെ വർണച്ചിറകുകളിൽ നിറഞ്ഞുകാണാം, എന്റെ സ്വപ്നങ്ങൾ ചാലിച്ച ഫ്രെയിമുകൾ’... കാടിന്റെ കൂട്ടുകാരി അപർണ തന്റെ ചിത്രങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു...

കോട്ടയം  സ്വദേശിനിയായ അപർണ, കണ്ണൂർ ശ്രീപുരം ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് അധ്യാപികയാണ്

കോരിച്ചൊരിയുന്ന കർക്കിടകമഴ. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ഗവേഷണപ്രബന്ധം തയ്യാറാക്കുന്ന തിരക്കിലാണ്. ഇടവേളയിലെപ്പോഴോ മഴ ആസ്വദിക്കാൻ വരാന്തയിലേക്കിറങ്ങി. മുറ്റത്തെ അലങ്കാരച്ചെടിയിൽ ഇരിക്കുന്ന ഇരട്ടത്തലച്ചി ബുൾ ബുൾ  പക്ഷി പെട്ടെന്നാണ് എന്റെ കണ്ണിൽപ്പെടുന്നത്. ആൺകിളിയും പെൺകിളിയുമുണ്ട്. മഴയെ വകവയ്ക്കാതെ കൂടുണ്ടാക്കുന്ന തിരക്കിലാണ് അവർ. ഒരുപാട് നേരം കൗതുകത്തോടെ നോക്കി നിന്നു. ഒന്നാം വിവാഹവാർഷിക സമ്മാനമായി കിട്ടിയ ചെറിയൊരു ക്യാമറയുണ്ട് കയ്യിൽ. അതിന്റെ ഉപയോഗക്രമമെല്ലാം പഠിച്ച് വരുന്നേയുള്ളൂ. എങ്കിലും ആ പക്ഷികളുടെ ചെയ്തികൾ കൃത്യമായി നിരീക്ഷിച്ച് ഫോട്ടോസീരീസ് ഉണ്ടാക്കിയാലോ  എന്നൊരു ആഗ്രഹം തോന്നി. കൂടുവച്ചതും മുട്ടയിട്ട് അടയിരുന്നതും, കുഞ്ഞുങ്ങളുണ്ടായതും , അവയ്ക്ക് ഭക്ഷണം തേടി കൊണ്ടുപോയി കൊടുത്ത് ആ കുഞ്ഞുങ്ങള്‍ പറക്കാൻ പാകമാകുന്നതുവരെയുള്ള കാലം ഞാൻ ക്യാമറയിൽ പകർത്തി. പക്ഷികളുടെ വർണലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത് ആ ഇണക്കിളികളാണ്... അപർണ പുരുഷോത്തമൻ എന്ന അധ്യാപിക കാടിനെ സ്നേഹിച്ചുതുടങ്ങിയ കഥ പറയുകയാണ്.  പ്രകൃതിയിലെ സുന്ദരദൃശ്യങ്ങളെ, മറക്കാനാവാത്ത അനുഭവങ്ങളെ സമ്പാദിക്കാൻ കാടകങ്ങളിലേക്ക് കയറിചെന്നപ്പോൾ സമ്മാനമായി കിട്ടിയ ചിത്രങ്ങളിലൂടെ.

 ഷോളയാർക്കാടുകളിലൂടെ ആദ്യയാത്ര

‘കാണുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി, അത് അതേ പോലെ പേപ്പറിലേക്ക് വരച്ചിട്ട് വരയുടെ ആ ലോകം മെച്ചപ്പെടുത്താം എന്ന ഉദ്ദേശ്യത്തോടെയാണ് ക്യാമറ വാങ്ങുന്നത്. ആ ഇടയ്ക്ക് ഓർക്കൂട്ടിലൂടെ ഒരു സുഹൃത്താണ് രാധിക രാമസ്വാമിയെന്ന വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറെ കുറിച്ച് പറയുന്നത്. അ വരുടെ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ അധികവും പക്ഷികളാണ്. കിളികളുടെ വർണലോകത്തേക്ക് എന്നെ നയിക്കാൻ  പ്രചോദനമായത് അവരുടെ ചിത്രങ്ങളാണെന്ന് പറയാം.  ഭർത്താവ് അശോകൻ ഷോളയാർ പവർഹൗസിൽ ജോലി നോക്കുന്ന സമയം.

കാടുകാണാൻ ഒരു സാധാരണ ക്യാമറയും തൂക്കിയുള്ള എന്റെ ആദ്യത്തെ യാത്രയാണ്. കാടിന്റെ നടുക്കുള്ള പവർഹൗസിനു ചുറ്റും ധാരാളം വന്യമൃഗങ്ങളെ പലപ്പോഴും കാണാറുള്ളതായി കേട്ടു. പക്ഷേ, പക്ഷികളുടെ ചിത്രമെടുക്കുക എന്നതാണ് എന്റെ ലക്ഷ്യം.  ഫ്രെയിം റെഡിയാക്കി എടുക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പലരും നല്ല അഭിപ്രായങ്ങളുമായി രംഗത്തെത്തി. മനോഹരമായ ഫ്രെയിമുകളാണെന്നും എന്നാൽ എടുക്കുന്ന ക്യാമറയുടെ ക്വാളിറ്റി കുറവ് ചിത്രങ്ങളിൽ പ്രകടമാണെന്നും പലരും കമന്റ് ചെയ്തു. അങ്ങനെയാണ് ഡി. എസ്. എൽ. ആർ ക്യാമറ വാങ്ങുന്നത്. പിന്നീട് ആ ക്യാമറയുമായി പല തവണ ഷോളയാർ കാടുകളിലേക്ക് പോയി. 

പല തരം വ്യത്യസ്ത ഇനം പക്ഷികളുടെ ചിത്രങ്ങളെടുത്തു. അവയുടെ പേരും സ്വഭാവങ്ങളും പഠിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. ഷോളയാർ കാടുകളുടെ ഉൾപ്രദേശത്തൊരു ഭാഗത്ത് എപ്പോഴും മൃഗങ്ങൾ വരുന്നതായി കേട്ടെന്ന് ഭർത്താവ് പറഞ്ഞു. ഒട്ടും വൈകിക്കാതെ ഞങ്ങൾ രണ്ടു പേരും കൂടി പറഞ്ഞു കേട്ട സ്ഥലം തേടി യാത്ര നടത്തി. ആ യാത്രയിലാണ് ഒരു നീർമരുത് മരത്തിന്റെ മുകളിൽ നീലഗിരി മാർട്ടെൻ എന്ന മരനായയെ കാണുന്നത്. അന്ന് ആ ജീവിയുടെ പേരുപോലും അറിയില്ല. ആദ്യമായി കാണുകയാണ്.

കൂടാതെ യാത്ര പക്ഷികളുടെ ചിത്രങ്ങൾ തേടിയുമാണ്. എന്തായാലും വെറുതെ അലസമായി രണ്ടുമൂന്ന് ക്ലിക്കിൽ ആ ജീവിയുടെ ചിത്രമെടുത്തു വച്ചു. പിന്നീട് വേറെ ഒന്നുരണ്ട് യാത്ര നടത്തി തിരിച്ചെത്തിയ ശേഷം ഈ ചിത്രം എന്തിന്റെ ആണെന്നറിയാൻ ഒരു കൗതുകത്തിന്റെ പേരിൽ സുഹൃത്തിന് അയച്ച് കൊടുത്തു. അങ്ങനെയാണ് ഞാൻ തിരിച്ചറിയുന്നത്, പല ഫൊട്ടോഗ്രഫറും തേടി നടക്കുന്ന അവരുടെ സ്വപ്നചിത്രമായ നീലഗിരി മാർട്ടെൻ അഥവാ മരനായ ആണ് അതെന്ന്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ആ ജീവിയുടെ ചിത്രം അലസമായി ഇരുന്ന് പകർത്തിയതിൽ‌ വല്ലാതെ കുറ്റബോധം തോന്നി. ഷോളയാർ കാടുകളിൽ മരനായയുണ്ടെന്ന് സ്ഥിതീകരിക്കുന്നത് ഈ ഫോട്ടോ പത്രങ്ങളിലൊക്കെ വന്നതിനു ശേഷമാണ്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി രംഗത്തേക്കുള്ള ഏറ്റവും വലിയ വഴിത്തിരിവായിരുന്നു അത്.

 കൂടുതൽ മൂങ്ങച്ചിത്രങ്ങൾ

പക്ഷികളുടെ ചിത്രമാണ് പ്രിയം. അതിൽ തന്നെ വിവിധ ഇനം മൂങ്ങകളുടെ ചിത്രമാണ് എടുക്കാ ൻ  കൂടുതൽ ഇഷ്ടം. കേരളത്തിലെ ഒരുവിധം എല്ലാ ഇനം മൂങ്ങകളെയും ക്യാമറയിലാക്കിയിട്ടുണ്ട്. ഇനി രണ്ട് സ്പീഷീസിന്റെ ചിത്രങ്ങൾ കൂടിയെ കിട്ടാനുള്ളൂ. കിട്ടാത്ത ആ രണ്ടിനവും വംശനാശഭീഷണി അത്രത്തോളം നേരിടുന്നവയാണ്. കണ്ടുകിട്ടുക തന്നെ പ്രയാസം. വൈൽഡ് ലൈഫ് ഫൊട്ടൊഗ്രഫി എന്നാൽ, ക്ഷമ, സമയം, ഭാഗ്യം ഇവയുടെ കൂടിച്ചേരലാണെന്ന് ഞാൻ പറയും.

  ഈ അഞ്ചുവർഷത്തെ അനുഭവത്തിലൂടെ  കാട് പഠിപ്പിച്ച പാഠമാണ് അത്. പശ്ചിമഘട്ടത്തിലും വടക്കു കിഴക്കേ ഇന്ത്യയിലെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന രാത്രിസഞ്ചാരിയായ അപൂർവ രാച്ചുക്കുകൾ ആണ് ചെവിയൻ രാച്ചക്കുകൾ. ആവാസ വ്യവസ്ഥയുമായി തിരിച്ചറിയാനാവാത്ത വിധം ഇണങ്ങി ചേർന്നിരിക്കുന്നത് കൊണ്ട് പകൽ സമയങ്ങളിൽ ഇവയെ കണ്ടെത്താനാവുക എന്നത് ശ്രമകരമാണ്. ഇവ ഇണകളായി ഇരിക്കുന്ന ചിത്രം ഇന്ത്യയിൽ നിന്നും ആദ്യമായാണ് ലഭിക്കുന്നത്. IUCN ന്റെ ചുവപ്പു പട്ടികയിൽ ഉൾപ്പെടുന്ന ഇവയെ ദേശീയ പക്ഷി നിരീക്ഷണ ദിനത്തിൽ തട്ടേക്കാട് പക്ഷിസങ്കേതത്തിനടുത്ത് നിന്നും പകർത്താൻ കഴിഞ്ഞത്  വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിലെ ഏറ്റവും വലിയ ഭാഗ്യമാണ്.

 രാത്രിയിലെ പുള്ളിപ്പുലി തിളക്കം

കബനിയിലേക്കുള്ള ആദ്യത്തെ യാത്രയാണ്. അത് മാത്രമല്ല, സഫാരി വണ്ടിയിൽ കാടു കയറുന്ന ആദ്യത്തെ അനുഭവം കൂടിയാണ്.  പ ത്തും പതിനഞ്ചും തവണ പുള്ളിപ്പുലിയെ കാണാൻ വേണ്ടി വന്ന് നിരാശരായി മടങ്ങിയ ആളുകൾ അവിടെയുണ്ടെന്ന് അറിയുന്നത് അവിടെ എത്തിയതിന് ശേഷമാണ്.

അപ്പോൾ ഒരു കാര്യം ഉറപ്പിച്ചു, ഈ യാത്രയിൽ പുള്ളിപ്പുലിയെ കാണുക എന്നാൽ ലോട്ടറി അടിക്കുന്നതിനു സമമാണ്. അത്രയും ഭാഗ്യമുണ്ടെന്നു വേണം കരുതാൻ. നാല് സഫാരിയാണ് എടുത്തത്. ആ ദ്യത്തേത് ഒരു വൈകുന്നേരം. യാത്ര തുടങ്ങി. എല്ലാവരും നിശബ്ദരായി ഇരുന്ന് കാടിനെ മനസ്സിലേക്ക് ചേർത്തുപിടിക്കുകയാണ്. മയിൽ, കാട്ടുപോത്ത്, മാൻ തുടങ്ങിയ ജീവികളെ അല്ലാതെ ഒന്നിനെയും കാണാൻ ഇല്ല. വാഹനം യാത്ര അവസാനിപ്പിച്ച് മടങ്ങാനുള്ള തയ്യാറെടുപ്പായി. സമയം ഏതാണ്ട് ആറുമണിയായി. 

കാടിനുള്ളിൽ വെളിച്ചം മാഞ്ഞു. അതോടെ പ്രതീക്ഷകളെല്ലാം അവസാനിച്ചു. പെട്ടെന്ന് വാഹനത്തിന്റെ മുന്നിൽ കൂടി മാൻകൂട്ടം ഓടാൻ തുടങ്ങി. വാഹനത്തിലുള്ളവർ ജാഗരൂകരായി ചുറ്റും കണ്ണോടിക്കുകയാണ്. പെട്ടെന്ന്, രാജകീയ ഭാവത്തിൽ ഒരു പുള്ളിപ്പുലി ഞങ്ങളുടെ വാഹനത്തിന്റെ നേരെ നടന്നുവരുന്നു. വെളിച്ചം പോയതിനാൽ ചിത്രമെടുക്കൽ നടന്നില്ല. പക്ഷേ, ആ കാഴ്ച ശരിക്കും മറക്കാനാവാത്ത ഒന്നായിരുന്നു.

ചിത്രം കിട്ടിയില്ലെങ്കിലും ഒന്നു കാണാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായി കരുതി ആശ്വസിച്ചു. പിറ്റേന്ന് രാവിലെ വീണ്ടും സഫാരിയ്ക്കിറങ്ങി. അദ്ഭുതമെന്നേ  പറയാനുള്ളൂ. തെളിഞ്ഞ വെളിച്ചത്തിൽ ഒരു മരക്കൊമ്പിൽ കിടക്കുന്ന പുള്ളിപ്പുലിയെ കണ്ടു. ധാരാളം ചിത്രമെടുത്തു. എങ്കിലും മനസ്സിലെ ചിത്രം രാത്രിയുടെ ഇരുട്ടിൽ തിളങ്ങി നിന്ന പുള്ളിപ്പുലിയായിരുന്നു.

അവസാനം തേടിപ്പിടിച്ചു,അതെ കടുവ

വൈകുന്നേരത്തെ സഫാരിയാണ്. സുഹൃത്താണ് കൂടെയുള്ളത്. ഒ രു പാട് പ്രതീക്ഷകളോടെയാണ് യാത്ര തുടങ്ങിയത്. ആദ്യത്തെ തവണ വന്നപ്പോൾ കബനി പുള്ളിപ്പുലിയുടെ ചിത്രമാണ് സമ്മാനിച്ചതെങ്കിൽ ഇത്തവണ കടുവയായിരിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് കബനിയിലേക്ക് വീണ്ടും ചെന്നത്. യാത്ര തുടങ്ങി. ഒരു പക്ഷിയുടെ ചിത്രം പോലും കിട്ടാതെ അന്ന് മടങ്ങി. ആദ്യമായായിരുന്നു അങ്ങനെ ഒരു അനുഭവം.

ശരിക്കും സങ്കടം തോന്നി. പിറ്റേന്ന് അതിരാവിലെ തുടങ്ങുന്ന സഫാരിയ്ക്ക് വീണ്ടും പോയി. കാട് മഴ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. നേർത്ത തണുപ്പ്. സുഖമുള്ള കാലാവസ്ഥ. ഒപ്പമുള്ളവർ രണ്ടുകണ്ണു കൊണ്ട് നാലുദിക്കും നിരീക്ഷിക്കുന്നുണ്ട്. പെട്ടെന്നാണ് വെള്ളക്കെട്ടിനടുത്ത് മഴ നനഞ്ഞിരിക്കുന്ന കടുവയെ കണ്ടത്. ആദ്യ ദർശനം. ശരിക്കും അദ്ഭുതം തോന്നി.

അതിലുപരി കാടിനോട് കടുത്ത പ്രണയവും. ഓരോ യാത്രയും മറക്കാനാകാത്ത അനുഭവമാകുന്നത് അപ്രതീക്ഷിതമായി കിട്ടുന്ന കാടിന്റെ ഇത്തരം സമ്മാനങ്ങളിലൂടെയാണ്. ഒരുപാടു നേരം മഴ ആസ്വദിക്കുന്ന കടുവയെ നോക്കി നിന്നു. ചിത്രങ്ങളെടുക്കുന്നതിനിടെ അത് വാ പൊളിച്ചു, എന്റെ ഡ്രീം ക്ലിക്ക്.

കാടകം സമ്മാനിച്ച അനുഭവങ്ങളിലൂടെ സ ഞ്ചരിക്കാൻ തുടങ്ങിയാൽ ഇത്തരം ഒരുപാട് നിമിഷങ്ങളുടെ നിരവധി കഥകൾ പങ്കുവയ്ക്കാം. കണ്ണുകാണുന്നത്ര മനോഹരമായി ക്യാമറയ്ക്ക് പകർത്താനാകില്ലെന്ന പോലെ, അനുഭവിക്കുന്ന അത്തരം നിമിഷങ്ങളെ വാക്കുകളിൽ കൊരുത്തിടാൻ പ്രയാസമാണ്..

ചിത്രങ്ങൾ: അപർണ പുരുഷോത്തമൻ

കൂടുതൽ വായിക്കാം